അന്ത്യയാത്ര
ചങ്ങമ്പുഴ കൃഷ്ണപിള്ള
മയൂഖമാല
എത്രയും ധീരരായ് മുന്നോട്ടു മുന്നോട്ടു
മൃത്യുസാമ്രാജ്യം തിരഞ്ഞു പോയീടുവിൻ
കണ്ടുപിടിക്കാൻ വിഷമമില്ലാവഴി
കണ്ടകാകീർണ്ണവുമല്ലൊരുനാളിലും!
പാറപ്പടർപ്പില്ല കേറിക്കടക്കുവാ,-
നാറുകളില്ല തുഴഞ്ഞുപോയീടുവാൻ!
ദുർഗ്ഗമപ്പാതകളൊന്നുമതിലില്ല
ദുസ്തരമല്ലതിൻ മാർഗ്ഗമൊരിക്കലും.
വിസ്തൃതസുന്ദരപ്പൂവണിപ്പാതയൊ-
ന്നെത്തിപ്പതിനുണ്ടവിടത്തിൽ നമ്മളെ!
ക്ലേശപ്രദമല്ല സഞ്ചാരമല്പവും
നാശകരമല്ല യാനം, മനോഹരം!
കണ്ണുമടച്ചു നടക്കിലും നിങ്ങൾക്കു
ചെന്നുപറ്റാം വഴിതെറ്റാതെ നിർണ്ണയം!....