മോഹിനി
ചങ്ങമ്പുഴ കൃഷ്ണപിള്ള

"കമനീയകധാമമായെന്നെ-
ക്കാണണമിന്നെൻ കാമുകൻ.
ആ മദനനെയിന്നെനിക്കൊരു
രോമഹർഷത്തിൽ മൂടണം.
വിസ്മയാധീനചിത്തനായാത്മ-
വിസ്മൃതിയിലാക്കോമളൻ
മാമകാഗമചിത്രമോർത്തൊരു
പ്രേമഗാനം രചിക്കണം.
സാനന്ദമതു സാധിതമാക്കാൻ
ഞാനണിഞ്ഞൊരുങ്ങീടട്ടെ..."

മഞ്ജുവാസന്തവാസരോത്സവ-
രഞ്ജിതോദയം, ശ്രീമയം,
ഉല്ലാസാമലസൗരഭോജ്ജ്വല-
ഫുല്ലസൂനസമാകുലം,
ബാലമാരുതചാലിതലതാ-
ജാലനൃത്തസമ്മേളിതം,
കോകിലാലാപലോലകല്ലോല-
കോമളാരാവപൂരിതം,
മോദസമ്പൂർണ്ണമാകുമാ രംഗം
മോഹനം, മനോമൊഹനം!

സോമശേഖരൻ ധീരമാനസൻ
പ്രേമചിന്താപരവശൻ
വാണിടുന്നു തൻ പൂമണിമച്ചിൽ
ക്ഷീണിതാവിലപ്രജ്ഞനായ്;
കമ്രആയൊരാ ദൃശ്യമൊന്നിലും
കണ്ണയച്ചിടാതേകനായ്!

നിത്യമെത്തിടാറിപ്പൊഴാണടു-
ത്തപ്രണയസ്വരൂപിണി
തൻ പവിത്രോപഹാരമായൊരു
ചെമ്പനീരലർച്ചെണ്ടുമായ്!
"നേരമാകുന്നു, നേരമാകുന്നു,
നീയെവിടെ, യെൻ സ്വപ്നമേ?-
തപ്തമായൊരൻ ജീവിതത്തിലെ-
സ്സുപ്രഭാതവിലാസമേ!
എങ്ങൊളിച്ചിരിക്കുന്നു നീ കാവ്യ-
രംഗമേ, വിശ്വമഞ്ജിമേ?
ഇപ്രകൃതിതന്നപ്രമേയമാം
സുപ്രഭാകേന്ദ്രമൊന്നിലും,
ചെന്നിടുന്നതില്ലെന്മനമിപ്പോൾ
നിന്നുദയപ്രതീക്ഷയാൽ!
വേഗമിങ്ങു വരേണമേ നീ, യെൻ-
ഭാഗധേയവിലാസമേ!..."
(തോന്നുന്നു സോമനോരോ മാത്രയും
നീങ്ങിടാത്ത യുഗങ്ങളായ്)

എങ്ങുപോകുന്നി, തേകയായ് പോവ-
തെങ്ങു നീയേവം മോഹിനീ?
ലോകസൗഭാഗ്യവല്ലികേ, ദിവ്യ-
രാഗനിർമ്മലദീപികേ!
ഒന്നു കാണട്ടെ ഞങ്ങളും നിന്നെ-
യൊന്നവിടെ നീ നിൽക്കണേ!
ഹന്ത, ദൈവമേ, മുന്നിലിക്കാണ്മ-
തെന്തൊരത്ഭുതസൗഭഗം!
കേവലമൊരു തന്വിയല്ലേതോ
ദേവകന്യകയാണു നീ!
മന്നിലെന്നല്ല വിണ്ണിലും കാണി-
ല്ലിന്നിലയ്ക്കൊരു താരകം.
എത്രകാലം ഭജിച്ചിരിക്കണ-
മിദ്ധരയിതു നേടുവാൻ?
ലഭ്യമല്ലല്ലൊരപ്സരസ്സിനു-
മിത്തരമൊരു ചൈതന്യം!

ചെമ്പനീരലർ പെറ്റതാകു, മൊ-
രമ്പിളിക്കതിരല്ല നീ
ഏതു വാർമഴവില്ലിലും കാണി-
ല്ലീവിധമൊരു കൗതുകം
ദിവ്യവൃന്ദാവനീയരാഗത്തിൻ
ഭവ്യദോന്മദരശ്മികൾ,
സഞ്ചരിപ്പതുണ്ടോമലേ, നിന്റെ
പുഞ്ചിരികളിൽപ്പോലുമേ!
നിർണ്ണയ, മെത്ര ഭാവനകൾക്കും
വർണ്ണനാതീതയാണു നീ!

പൂനിലാവൊളിയാളിടും പരി-
ലോലമാമൊരു സാരിയാൽ,
നിഹ്നുതാംഗിയായ് മിന്നിടുന്നിതാ
നിർമ്മലസ്വപ്നരൂപിണി!
കാലടിവെയ്പിൽ, കാലടിവെയ്പിൽ,
ചേലിലേകാന്തവീഥിയിൽ,
ലോലനൂപുരാരാവവീചികാ-
മാലയോരോന്നിളകവേ;
കുഞ്ചുകാഞ്ചലാച്ഛാദിതകുച-
കുംഭങ്ങൾ കുലുങ്ങവേ;
മാറിലാളിന പൊന്മയമണി-
മാലികകൾ കിലുങ്ങവേ;
ചാലേ പിന്നിലായ് ക്കെട്ടിയിട്ടൊരാ
നീലക്കാറണിവേണിയിൽ,
ചൂടിയ നറും മുല്ലമാലത-
ന്നീടെഴുന്ന പരിമളം
സുന്ദരാളകചുംബനാർത്ഥിയാം
മന്ദവായുവിലോലവേ;
തന്മുഖോദ്യന്മധുരശൃംഗാര-
ബിംബിതസ്മിതധാരയാൽ,
വെൺ'നുണക്കുഴി' വീശി, യാക്കവിൾ-
പ്പൊന്നലർ തുടുത്തീടവേ;
ലോലലോചനാഗങ്ങൾ തൂമിന്നൽ
മാലയാഞ്ഞാഞ്ഞെറിയവേ;
വിശ്വസൗന്ദര്യ സാരമങ്ങൊരു
വിഗഹമാർന്നമാതിരി,
കണ്ടില്ലേ, നിങ്ങൾ കണ്ടില്ലേ?-നോക്കൂ,
മൺകവരുമാറങ്ങനെ
പോകയാണവൾ, പോകയാണവൾ
രാഗലോലയാ, യേകയായ്!

കോവണിപ്പടി സഞ്ജനിപ്പിപ്പൂ
കോമളമാമൊരു ശിഞ്ജിതം.
സോമ, നെന്തോ, പിടഞ്ഞെഴുന്നേൽപൂ
രോമഹർഷവിവശനായ്!
വന്നണയുന്നു മന്ദമന്ദമ-
ത്തെന്നലിലൊരു സൗരഭം.
സാദരമതു സൂചിപ്പിക്കുവ-
തേതു ദിവ്യസമാഗമം?
ഭൂമിയിൽ സ്വർഗ്ഗനിർവൃതി നേടും
സോമ, നീയെത്ര ഭാഗ്യവാൻ
ജന്മസാഫല്യം നേടുവാനിട-
വന്ന നീയെത്ര പുണ്യവാൻ!

"ഹാ, മനസ്സേ, ചൊരിഞ്ഞീടായ്കനിൻ
പ്രേമഗദ്ഗദനിർഝരം!
ആ മനോഹരസ്വപ്നസാന്നിധ്യം
നീമുകരുക മൂകമായ്!
നിർവ്വിശങ്കം നീ നീന്തിയാലുമാ
നിർവൃതിതൻ തിരകളിൽ!"

സ്തബ്ധനായതാ മാരുന്നൂ സോമ-
നത്ഭുതോദ്വേഗവിഹ്വലൻ
"എന്തു കാണ്മൂ ഞാൻ മുന്നി, ലിക്കാണ്മ-
തെന്തൊരത്ഭുതസ്വപ്നമോ?
ഓമലാളല്ലേ, മോഹിനിയല്ലേ,
ഹാ, മമ മുന്നിൽക്കാണ്മു ഞാൻ?
വിശ്വസിക്കാനരുതെനിക്കെന്റെ
വിഹ്വലനയനങ്ങളെ.
മുമ്പൊരിക്കലും കണ്ടിട്ടില്ലിത്ര
സുന്ദരിയായിവളെ ഞാൻ
നിർഗ്ഗളിപ്പിതക്കണ്ണിൽനിന്നൊരു
സ്വർഗ്ഗചൈതന്യവിസ്മയം
മുഗ്ദ്ധമാ മുഖത്തൊന്നു ചുംബിക്കാ-
നെത്ര ദുർബ്ബലനിന്നു ഞാൻ!

ഇത്രനാളുമൊളിച്ചിരുന്നതെ-
ങ്ങിസ്സമാരാധ്യസൗഭഗം?
എന്തുചൈതന്യസാരകേന്ദ്ര, മി-
തെന്തു സായൂജ്യമണ്ഡലം?
അൽപനേരത്തേക്കെന്നെയീവിധം
വിഭ്രമിപ്പിക്കാൻ മാത്രമോ,
ജീവനായികേ, നീ വഹിക്കുന്ന-
തീവിലാസചൈത്രോത്സവം?
ഇന്നലേവരെ നിന്നിലിത്രമേൽ
മിന്നിടാത്തൊരിസ്സൗഭഗം
മായികമാ, ണതാരറിഞ്ഞു ഹാ,
മായുകില്ലെന്നു ഭാവിയിൽ!
ഓർക്കിലാരംഗംദുസ്സഹ, മതൊ-
ന്നോർക്കുവാൻപോലും വയ്യ, മേ!
ഇന്നു ഗണ്യ നീ, യിന്നു ധന്യ നീ-
യിന്നത്തേതിന്റെയാണു നീ!
കാണുവാന്മേല നാളെയെന്നൊരു
കാർനിഴൽ നിന്നെ നിർമ്മലേ
വായ്ക്കുമിക്കാന്തി മായ്ക്കുവാന്മേല
വാർദ്ധകത്തിന്റെ കൈയുകൾ
ഒക്കരുതു കാലത്തിനർപ്പിക്കാ-
നക്കവിളിൽച്ചുളുക്കുകൾ
മഞ്ജിമതൻ പരിധിയിൽ നീയാം
മഞ്ഞുതുള്ളി മറയണം.
മാഅകാത്മാവിൽ നീയണിയിച്ച
രോമഹർഷങ്ങളൊക്കെയും
എന്നുമീവിധം നിൽക്കണമെങ്കി-
ലെന്നെവിട്ടു നീ പോകണം
സിദ്ധിമൂലം മുഷിവുതട്ടാത്ത
സക്തിയെന്തുണ്ടീയൂഴിയിൽ?
ഏതമൃതും ചെടിച്ചുപോകുന്ന
ചേതനയാണു മർത്ത്യനിൽ!
നിന്നഴകിനാൽ നീ ജനിപ്പിച്ചൊ-
രെന്നിലുള്ളൊരീയുത്സവം,
മാലിനാലംബമാക്കിടാം, പക്ഷേ
നാളെനിൻ പരിവർത്തനം
കാണുമോ നിന്നെയീവിധംതന്നെ
ഞാനുലകിലെന്നെന്നുമേ?
ഇല്ല, കാണില്ല, പിന്നെ ഞാനതു-
ചൊല്ലിമോഹിപ്പതെന്തിനായ്?
പൊള്ളയാം നിഷ്ഫലതയിൽ തല-
തല്ലിടുന്നോരെൻ കാമിതം
ശാശ്വതാനന്ദദിവ്യപീയൂഷ-
മാസ്വദിക്കുവതെങ്ങനെ?
പാൽക്കതിരണിത്താരകം നാളെ-
പ്പാഴ്ക്കരിക്കട്ടയാവുകിൽ
എന്തു ദാരുണമായിരിക്കു, മ-
ച്ചിന്തപോലും മേ ദുസ്സഹം!
ആകയാലിന്നു നീ മറയണം,
നാകഹീരകദീപികേ!
അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം,
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...."

കൊണ്ടുവന്നൊരച്ചെമ്പനീരലർ-
ച്ചെണ്ടുതൻ നാഥനാദ്യമായ്,
"എന്റെ സമ്മാന" മെന്നു പുഞ്ചിരി-
ക്കൊണ്ടവൾ മന്ദമേകിനാൾ.
മിണ്ടിയില്ലവൻ; തന്മുഖത്താർക്കും
കണ്ടിടാമൊരു സങ്കടം.
തൽക്ഷണം തല താഴ്ത്തിടുന്നവൻ
തപ്തരാഗാർദ്രമാനസൻ.
മഞ്ജുശൃംഗാരസാന്ദ്രമാമൊരു
മന്ദഹാസം പൊഴിച്ചവൾ
ആടിയാടികുഴഞ്ഞടുത്തുവ-
ന്നാദരാലിദമോതിനാൾ:

"എന്താണിന്നിത്ര മൗന, മീ മുഖ-
ത്തെന്താണിന്നിത്ര സങ്കടം?
സന്തതം ഹർഷരശ്മികൾമാത്രം
സഞ്ചരിക്കുമീയാനനം
ഇന്നുമാത്രമെന്തേവമല്ലലാൽ
മങ്ങിക്കാണുവാൻ കാരണം?
അത്തലാലങ്കിരിച്ചീടുന്നൊരീ-
യശ്രുബിന്തുക്കളൊക്കെ ഞാൻ
ഉൾപ്പുളകമാർന്നെന്നധരത്താ-
ലൊപ്പിയൊപ്പിക്കളഞ്ഞിടാം!"

ജീവിതേശന്തന്നാനതാനനം
പൂവിതളെതിർകൈകളാൽ,
ചഞ്ചലഹേമകങ്കണാരവം
സംക്രമിക്കുമാറോമലാൾ,
ആത്തരാഗമുയർത്തി, മംദമാ
നേത്രഫാലാധരങ്ങളിൽ,
മാറി മാറിപ്പൊഴിച്ചിതായിരം
മാദകാമൃതചുംബനം.
പ്രേമസാന്ദ്രമതേൽക്കെ, യക്ഷണം
കോൾമയിർക്കൊണ്ടു കോമളൻ.
എന്നിട്ടും മാഞ്ഞീലാർത്തിതൻ നിഴ-
ലമ്മുഖത്തുനിന്നൽപവും.
ഉദ്ഭവിക്കയാണപ്പൊഴുമവ-
നുൾത്തളിരിലീ മർമ്മരം;
'അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
രണ്ടു ഭാഗമായ് ചീകിവെച്ചൊരാ-
ക്കൊണ്ടൽനേർച്ചുരുൾകുന്തളം
മെല്ലെമെല്ലെത്തെരുപ്പിടിച്ചുകൊ-
ണ്ടല്ലണിവേണി ചൊല്ലിനാൾ:

"കാണട്ടേ ഞാനിന്നീമുഖത്തൊരു
ചേണിയലുന്ന സുസ്മിതം.
പേണ്ണിനാണൂഴിയിൽപ്പുമാനല്ല
കണ്ണുനീരും കരച്ചിലും
എന്തുകാരണമീവിധം ഭവാൻ
ചിന്തയിൽ വീണടിയുവാൻ?
കണ്ടിട്ടില്ലല്ലോ മുൻപൊരിക്കലും
കുണ്ഠിതമേവമങ്ങയിൽ.
എന്തുതാനാട്ടെ, സർവ്വവും തുറ-
ന്നെന്നോടൊന്നു പറയണേ!
ഹന്ത, തപ്തമാമീ മുഖം കാൺകെ
നൊന്തിടുന്നു മന്മാനസം.
താവകാധീനമല്ലയോ, നാഥ,
ജീവിതത്തിലെൻ സർവ്വവും?
കാഴ്ചവെച്ചില്ലേ സാനുരാഗമ-
ക്കാൽത്തളിരിങ്കലെന്നെ ഞാൻ?
പ്രാണനായക, സാദരം തവ
മാനസാമലവേദിയിൽ,
ഗാനസാന്ദ്രമായുള്ളതാമൊരു
കോണെനിക്കു ലഭിക്കുകിൽ,
നിർണ്ണയ, മതിന്മീതെ മറ്റൊരു
ജന്മസാഫല്യമില്ല മേ!..."
കണ്മണിയേവമോതിക്കൊണ്ടൊരു
ചുംബനമവനേകിനാൾ,
എന്നിട്ടും മാഞ്ഞീലല്ലലിൻ നിഴ-
ലമ്മുഖത്തുനിന്നൽപവും.
ഉൽപതിക്കയാണപ്പൊഴുമവ-
നുൾത്തളിരിലീ മർമ്മരം:
'അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
പുഷ്പമാലകൾപോലെഴും കൈകൾ
സസ്പൃഹം നീട്ടിയോമലാൾ
മാരതുല്യനാമപ്പുമാനെത്തൻ
മാറോടുചേർത്തു നിർത്തിനാൾ.
തൽക്കുളിർമുലപ്പൊൽക്കുടങ്ങൾത-
ന്നുൾക്കുളിരാകും സ്പർശനം;
കഞ്ജലോലമക്കൈകളേകിടും
മഞ്ജുമംഗളാലിംഗനം;
അപ്പവിഴാധരങ്ങൾ സപ്രേമ-
മർപ്പണംചെയ്യും ചുംബനം;
വീണക്കമ്പികൾ സഞ്ജനിപ്പിക്കും
ഗാനബിന്ദുക്കൾമാതിരി
ജീവനാളത്തിൽ ചേർന്നലിഞ്ഞുപോ-
മാ വിനയാർദ്രഭാഷണം;
എന്തൊരാനന്ദരംഗമാ, ണതിൽ
സന്തപിക്കയോ, സോമ, നീ?
ഏതുശപത്താലീവിധം, തവ
ജാതകം പ്രതികൂലമായ്?
പിന്നെയുമെന്തോ ചൊൽകയാണവൾ
നിന്നൊടൊ, ന്നതു കേൾക്കനീ:

എന്തുവന്നാലും ഞാനില്ലേ?-പോരേ?
സന്തപിക്കരുതീവിധം.
അന്ത്യനിശ്വാസമായിടുംവരെ
യ്ക്കങ്ങയെപ്പിരിയില്ല ഞാൻ
താവകാനന്ദം മാത്രമേ വേണ്ടൂ
ഭൂവിലെൻ സ്വർഗ്ഗമെത്തുവാൻ.
അങ്ങയെ ധ്യാനിച്ചെന്നുമെൻ മന-
സ്പന്ദനങ്ങൾ മറയണം.
മാനസേശ, ഭവത്സുഖത്തിനായ്
ഞാനൊരുക്കമാണെന്തിനും,
സങ്കടഭാവമെന്തിനാ, ണിതു
കണ്ടുനിൽക്കാനരുതു മേ!
ഒന്നുണർന്നൊരു ചുംബനം ൻൽക്കു-
കെന്നരുണാധരങ്ങളിൽ!
ഇന്നലേവരെ, ക്കാണുമ്പോഴേക്കും
മന്ദഹാസോജ്ജ്വലാസ്യനായ്,
ഓടിവന്നുമ്മവെച്ചുവെച്ചോരോ
ചാടുവാക്കുകളോതുവോൻ,
ഇന്നൊരുവെറും സാലഭഞ്ജിക-
യെന്നപോ, ലേവം നിൽക്കയോ!
ജീവനാഥ, വിഷാദമഗ്നമാം
ഭാവമൊന്നിതു മാറ്റണേ!
തന്നിടാമല്ലോ വേണമെങ്കിൽ ഭവാ
നിന്നു മൽ പ്രാണൻപോലും ഞാൻ!"

മിന്നി തൽക്ഷണമപ്പുമാനൊരു
മിന്നൽ തന്മനോഭിത്തിയിൽ.
വേണെങ്കിൽത്തനിക്കേകിടാംപോലും
പ്രാണൻപോലുമത്തയ്യലാൾ,
ആത്തകൗതുകമർപ്പണം ചെയ്വ-
താക്രമിക്കേണ്ട ഘട്ടമോ?
ഉൽപതിക്കയാണപ്പൊഴുമവ-
നുൾത്തളിരിലീ മർമ്മരം!

'അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'

മാത്രനേരത്തിനുള്ളിലാ മുഖം
ക്ഷാത്രതേജോഭരിതമായ്
സങ്കടം പോയീ, സംശയം പോയീ,
ചെങ്കനൽ പാറീ കൺകളിൽ
എന്തുമാറ്റമി, താ മിഴിയതാ
ചിന്തിടുന്നോരോ കൊള്ളിമീൻ.
എന്തക്കാണ്മതു ദൈവമേ, കഷ്ട-
മെന്തിതെന്തൊരു സംഭവം!
എന്തു പൈശാചയജ്ഞസംരംഭ-
മെന്തൊരാസുരതാണ്ഡവം?
എന്തെല്ലാമാകാം ലോകത്തിൽ മർത്ത്യ-
നെന്ത, തെന്തൊരു സാഹസം!

താഴ്ത്തിടുന്നു കുഠാരമോമലിൻ
മാർത്തടത്തിലാ രാക്ഷസൻ.
ചിന്നിച്ചീറിത്തെറിക്കയാണതാ
ചെന്നിണത്തിൻ കണികകൾ.
എന്തുസാഹസ, മെന്തു ഘോര, മി-
തെന്തുവേതാളതാണ്ഡവം!
രക്തരംഗമതെത്തിനോക്കുവാൻ
ശക്തരല്ല നാമാരുമേ!
കാണുവാനരുതാ ദയനീയ-
പ്രാണവാദന ലേശവും!
വേഗമയ്യോ, യവനികയിട്ടാ
വേദനാരംഗം മൂടണേ!

കയ്യടിച്ചില്ല, കാലടിച്ചില്ല,
തയ്യലാളാർത്തുകേണില്ല.
ആഗമിച്ചില്ലവളിൽനിന്നൊരു
ദീനരോദനം പോലുമേ.
ഇപ്പൊഴുമാ മുഖത്തുദിപ്പിതൊ-
രുൾപ്പുളകദസുസ്മിതം!
എങ്കിലും രണ്ടു കൊച്ചരുവിക-
ളങ്കുരിപ്പിതക്കൺകളിൽ.

"പ്രാണനായകാ!..." ശേഷമോതുവാൻ
ത്രാണിയറ്റവൾ വീണുപോയ്.
'കാരണമെന്തു തന്നെയീവിധം
ഘോരനിഗഹം ചെയ്യുവാൻ?'
ഉദ്ഭവിച്ചിതക്കണ്ണിണയിലി-
ശ്ശബ്ദശൂന്യമാം സംശയം.

ആ ദയനീയരംഗദർശനം
വേദനിപ്പിച്ച മാനസം
നൂറുനൂറായ് നുറുങ്ങി, ത്തൻ കൈകൾ
മാറിലാഞ്ഞടിച്ചങ്ങതാ,
കേണുകേണുച്ചരിയ്ക്കയാണെന്തോ
സോമനും ഹാ, സഗദ്ഗദം:
"ചയ്തിട്ടില്ലപരാധമൊന്നും നീ
ചൈതന്യത്തിൻ വികാസമേ!
സങ്കടമെനിക്കുണ്ടിതു കാണാ-
നെങ്കിലും നീ മരിക്കണം!
നിഗഹിച്ചു നിനക്കുവേണ്ടി ഞാൻ
നിർദ്ദയം നിന്നെയോമലേ!
ജീവിതാനുഭോഗത്തിലും കാമ്യം
പാവനേ, ഹാ, നിൻ സൗന്ദര്യം!
മന്നിൽനിന്നു മറഞ്ഞിദം നിന്റെ
മഞ്ജിമ നിത്യമാക്കി നീ!
പ്രേമത്തിൻ പാത്രം പൂർണ്ണമാക്കി നി-
ന്നീ മരണത്തിൻ മാധുര്യം.
വിണ്ണിലെന്നും വിളക്കുവെയ്ക്കണം
നിന്നനുപമജീവിതം!
മിഥ്യയാം നിഴൽ വിട്ടുയർന്നു നീ
നിത്യതയിലേക്കോമലേ!
അത്യനഘമുഹൂർത്തത്തിൽത്തന്നെ-
യുത്തമേ, ഹാ, മരിച്ചു നീ!
മാമകകൃത്യം സാഹസമെങ്കി-
ലോമനേ, നീപൊറുക്കണേ!"