പരിതൃപ്തി
ചങ്ങമ്പുഴ കൃഷ്ണപിള്ള
ബാഷ്പാഞ്ജലി
കനകകോമളതരളതാരകാ-
കലികകൾ വാനിൽവിരിയവെ,
വികലഭാഗ്യഞാൻ, ഹൃദയനാഥ, നിൻ-
പ്രണയമാശിച്ചുകരയുന്നു.
ഇനിയും മുന്നേപ്പോൽ കഴിയും ഹേമന്ത-
നിശകളോരോന്നും വിഫലമായ്.
മിഴിനീരാലൊന്നും വളരുമെന്നാശാ-
ലതികയ്ക്കില്ലൊരു മധുമാസം.
ശരി;-യെന്നാലും തെല്ലരുതല്ലോ, നാഥാ,
പിഴുതതു ദൂരെക്കളയാൻ മേ!
ശശിലേഖ മന്ദഹസിത ചന്ദ്രിക
വിതറി വിണ്ണിങ്കൽ വിലസുമ്പോൾ,
ഗളിതബാഷ്പത്തിൻ കണികകളാലി-
പ്രണയലേഖനം നനയുമ്പോൾ
നുകരുന്നുണ്ടു ഞാനകളങ്കാത്മാവി-
ലനുരാഗത്തിന്റെ മകരന്ദം!
ഇനിയും, ജീവേശാ, വരുവാനെന്തെനി-
ക്കിതിലും മീതെയായൊരുഭാഗ്യം?
പ്രണയശൂന്യമാം ഹസിതത്തേക്കാളും
മഹിതം രാഗത്തിൻ ചുടുബാഷ്പം!
അമരലോകത്തേയ്ക്കുയരുവാനെനി-
ക്കനഘമിക്കണ്ണീർ മതിയല്ലോ!
* * *
അഭിലഷിപ്പൂ ഞാനിതുമാത്രം:- നിത്യം
തകരാവു ചിത്തം പ്രപഞ്ചത്താൽ!!