ആലില

എ. അയ്യപ്പൻ


നീ തന്ന സസ്യശാസ്ത്രത്തിന്‍റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു പു
സ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്‍റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്‍റെ സുതാര്യതയിൽ
ഇന്നും നിന്‍റെ മുഖം കാണാം...

സത്ത മുഴുവൻ ചോർന്നു പോയ
പച്ചിലയുടെ ഓർമ്മയ്ക്ക്
ഓരോ താളിലും ഓരോ ഇല
സൂക്ഷിച്ച ഗ്രന്ഥം
പ്രേമത്തിന്‍റെ ജഠരാഗ്നിയ്ക്കു
ഞാനിന്ന് ദാനം കൊടുത്തു

ഇലകളായ് നാമിനി പുനർജ്ജനിയ്ക്കുമെങ്കിൽ
ഒരേ വൃക്ഷത്തിൽ പിറക്കണം
എനിയ്ക്കൊരു കാമിനിയല്ല
ആനന്ദത്താലും, ദുഃഖത്താലും
കണ്ണു നിറഞ്ഞൊരു
പെങ്ങളില വേണം..

എല്ലാ ഋതുക്കളെയും
അതിജീവിയ്ക്കാനുള്ള ശക്തിയ്ക്കായ്
കൊഴിഞ്ഞ ഇലകൾ പെറുക്കുന്ന
കുട്ടികളെ കാണുമ്പോൾ
വസന്തത്തിന്‍റെ ഹൃദയത്തിൽ
മൃത്യു ഗന്ധം

ഉള്ളിലെ ചിരിയിൽ ഇലപൊഴിയും
കാലത്തിന്‍റെ ഒരു കാറ്റു വീശുന്നു
ക്ഷീരം നിറച്ച കിണ്ണത്തിൽ
നഞ്ചുവീഴ്ത്തിയതാരാണ്
നീ തന്ന വിഷം എനിയ്ക്കൗഷധമായ്
തീർന്നുവെന്ന് പാടിയതാരാണ്