നിത്യമേഘം

അക്കിത്തം അച്യുതൻ നമ്പൂതിരി

പ്രിയാ വിരഹ ദുഖത്തിന്‍  അഗ്നിയാല്‍ 
ധൂമ പാളിയാല്‍ നിശ്വാസ വായുവാല്‍
അശ്രു ബിന്ദുവാല്‍ കാല പൂരുഷന്‍ 
മഴ മേഘത്തെ നിര്‍മിച്ചു പറപ്പിക്കുന്നു
ലീലയായ്, ഭാവനാകാശത്തിലൂടെ
ശിശു പട്ടത്തെ എന്നപോല്‍ .....

സമുന്നത മനുഷ്യാത്മരാമഗിര്യാശ്രമങ്ങളില്‍ 
ഇടതിങ്ങിയ പച്ചപ്പില്‍ കുടകപ്പാല പൂക്കവേ 
ഒരിളം കുളിര്‍കാറ്റൂതും ആഷാഢ പുലര്‍ വേളയില്‍ 
നേര്‍ത്ത്‌ ഇഴഞ്ഞൊഴുകും കാട്ടുചോലതന്‍ മൂളല്‍ കേള്‍ക്കവേ 
മേവുന്നു മിഴി തോരാതെ ഒരു പൂരുഷ വിഗ്രഹം !
മാനത്തേക്ക് ഉന്തി നില്‍ക്കുന്ന മുനമ്പില്‍ പൂര്‍ണ മുഗ്ദ്ധനായ് ...

നീലാകാശ സമുദ്രത്തില്‍ ചാടുവാനെന്നപോലെ 
അവന്റെ കണ്ണിന്‍ താഴത്തു നില്‍പ്പൂ വര്‍ഷാഘനാഘനം!
സാനുവില്‍ തിണ്ടു കുത്തുന്ന കൊമ്പനാന കണക്കിന് 
അതില്‍ തുള്ളിക്കളിക്കുന്നു വെള്ളില്‍ കിളികള്‍ എന്നപോല്‍
അഭൂതപൂര്‍ണമാം കാന്ത മനോഭാവ കുരുന്നുകള്‍ ......
അതില്‍ ബിംബിപ്പൂ സന്തുഷ്ടം ആര്യാവര്‍ത്തം മുഴുക്കനെ !
നിര്‍ജ്ജനം രാമപുരി തൊട്ട് അളകാപുരിയോളം !

അളകാപുരിയില്‍ കാണ്മിത് ഒരു നിര്‍മൂകമാം ഗൃഹം
മഴവില്ലോളി താവുന്ന കമാനത്തിന്റെ പിന്‍വശം 
മുറ്റത്തു നില്‍ക്കും മന്ദാരം നിറയെ പൂത്തു വാടവേ 
ഒറ്റക്കകത്തിരുന്നു കേഴും ലോകൈക സുന്ദരി 
കണ്ണീരില്‍ നനയും വീണാതന്ത്രികള്‍ മീട്ടാന്‍ ശ്രമിക്കയാല്‍ 
താന്‍ ഉണ്ടാക്കിയ പാട്ട് അമ്പേ മറന്നുപോയ സുന്ദരി 
"നിനക്കിപ്പോള്‍ ഓര്‍മ്മയുണ്ടോ തത്തമ്മേ മണവാളനെ"
എന്ന് മെല്ലെന്ന്‍ അതിന്‍ തൂവല്‍ ഒതുക്കീടുന്ന സുന്ദരി .....

കാലം ആ മഴ മേഘത്തെ കണ്ടു നിന്ന് ഓര്‍ത്തു പോകയാം
ഓടപ്പുല്ലൂതി ലോകത്തെ ഭരിച്ചോരളിവര്‍ണ്ണനെ !
അവന്റെ വായില്‍  കാണായ വിശ്വ രൂപം കണക്കിനെ
എന്നെ വിസ്മിതനാക്കുന്നു മേഘമേ നിന്‍ മഹാശയം !
സര്‍വഭക്ഷകം എന്‍ നാവും തരിപ്പിച്ചു കളഞ്ഞു നീ 
അത് നിന്‍റെ നേര്‍ക്ക്‌ നീളും മുന്‍പ് ആനന്ദക്കണ്ണീരിനാല്‍!

ശകുന്തളാ വിയോഗത്താല്‍ തളരും കാട്ടുമുല്ലയോ ,
തുടിക്കും മാളവിക തന്‍ കാലാല്‍ പൂക്കും അശോകമോ,
രഘുവിന്‍  ദാനവീര്യത്താല്‍ ഇടറും കൌല്‍സ്യ കണ്ഠമോ ,
ഗൌരിതന്‍ നീല നീള്‍ കണ്ണാല്‍ പിളരും രുദ്ര ചിത്തമോ,
പൂരൂരുവസിനെ ചുറ്റും അപ്സരസ്സിന്റെ നന്ദിയോ 
നിന്‍ ഉരസ്സില്‍ പ്രതിഫലിക്കാതെ എന്തുള്ളു മേഘമേ !

ഖനീഭവിച്ചൊരു  ഉത്വിഗ്നമര്‍ത്യ സങ്കല്പ്പ രൂപമേ 
നിലത്തോളം കുനിപ്പേന്‍  എന്‍ ഗര്‍വം നിന്‍ തിരുമുന്‍പില്‍ ഞാന്‍ 
നിത്യ സൌഭാഗ്യ പീഠത്തിലിരിക്കും കാലപൂരുഷന്‍ 
കുനിഞ്ഞു നില്‍ക്കും കാലത്തെ കടാക്ഷത്താല്‍ തലോടവേ 
അവന്റെ കാല്‍പ്പൂ തൊട്ടു കാലം തലയില്‍ വെയ്ക്കവേ 
തഴംമ്പുറ്റ വലംകൈയില്‍ അവന്‍ തഴുകി സസ്മിതം !

വജ്രം തുളച്ചിരുന്ന രത്നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ 
കടന്നു പോന്നു ഭാഗ്യത്താല്‍ ........
വെറും നൂലായിരുന്ന ഞാന്‍ !
വെറും നൂലായിരുന്ന ഞാന്‍ !