ചാന്ദ്രായനം
അനിൽ പനച്ചൂരാൻ
ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്‍റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്‍റെ കരളിലേയ്ക്കെത്തി നോക്കുന്നു
പണ്ടു ഞാന്‍ കീറിക്കളഞ്ഞ
തുണ്ടുകടലാസ്സിലെഴുതിയ
പ്രണയാനുഭൂതിയ്ക്ക്
ചിറക് മുളയ്ക്കുന്നു വീണ്ടും
വാക്കിന്‍റെ ലഹരിയില്‍ മനമാഴ്ന്നിറങ്ങവേ
വാനോളമെത്തി തിരിച്ചി നീന്തും
ഇണക്കിളികളുടെ നൊമ്പരം പാട്ടായൊഴുകവേ
കണ്‍കുടം ചോരുന്ന കണികയില്‍ വിണ്ണീന്‍റെ
വെണ്‍നിലാവിന്‍ വളപൊട്ട് തിളങ്ങുന്നു
വര്‍ണ്ണങ്ങള്‍ പെയ്തുമായുന്ന മേഘങ്ങളെ വന്നാലും
വന്നെന്‍റെ ചിറകായ് മുളച്ച് പറന്നാലും
കുന്നിക്കുരുവിന്‍റെ കണ്ണെഴുതും ബാല്യകാലമായ്
വാനിലെ തങ്കപ്പിറകണ്ട് കൈതൊഴും കാലമായ്
കാറ്റുമൂളും ഈറന്‍ സന്ധ്യയ്ക്ക് രാഗമായ് വന്നാലും
വന്നെന്നെ ചാമരം വീശിയുറക്കിയാലും
അസ്ഥിത്വമില്ലാത്ത വാസരം പങ്കിടാന്‍
രാവിന്‍ അസ്ഥിമാടത്തില്‍ നാം ഒരുമിച്ചു കൂടിയോര്‍
എന്‍റെ ശുക്ലപക്ഷത്തില്‍ നീ പുഞ്ചിരി കൊണ്ടതും
പിന്നെ കൃഷ്ണപക്ഷത്തിലെ കണ്ണീര്‍ കുടിച്ചെന്‍റെ
ശിഷ്ടം എരിച്ചു ഞാന്‍ നൊമ്പരം കൊണ്ടതും
നഷ്ടപ്പെടുത്തി ഞാന്‍ എന്നെയീ ജീവിത-
കഷ്ടതുരുത്തില്‍ ഇന്നു ഞാന്‍ ഒറ്റയ്ക്കിരിയ്ക്കവേ
എത്രയോ തിങ്കള്‍ കിനാക്കളും, പ്രേമത്തിന്‍-
കുങ്കുമപൂക്കളും പൂത്ത് കൊഴിഞ്ഞുവോ
കൊത്തിയുടച്ചന്ന് പൂന്നിലാവിന്‍ കിണ്ണം
കത്തിയെരിയുന്ന തീച്ചുണ്ടു കൊണ്ടു നീ
പൊട്ടിതകര്‍ന്ന പളുങ്കുപാത്രങ്ങള്‍
ചില്ലിട്ട് സൂക്ഷിപ്പൂ കരളലമാരയില്‍
അസ്ഥിത്വമില്ലാത്ത ചിന്തയും
അസ്വസ്ഥ രാത്രിയെ പെറ്റിടും കാലവും
യാഗാശ്വമോടുന്നോരാകാശയാനവും
കോലങ്ങള്‍ തുള്ളിയുറയുന്ന സ്വപ്നവും
പാടി തളരുന്ന രാപ്പാടിയും
എഴുതി തീരാത്ത കവിതകളും
ഞാനും ചാന്ദ്രായനം തുടരുന്നു
ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്‍റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്‍റെ കരളിലേയ്ക്കെത്തി നോക്കുന്നു