എന്‍റെ യാമിനിയ്ക്ക്
അനിൽ പനച്ചൂരാൻ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...
കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ് ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...
പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്‍റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്‍റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..
മറവില്‍ അന്ന്യോന്ന്യം പുണര്‍ന്നുറങ്ങി
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്‍റെ
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പഞ്ചരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്‍റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...