അവ്യക്തഗീതം

ഇടപ്പള്ളി രാഘവൻ പിള്ള

(ഗദ്യകവിത)

മഞ്ഞുതുള്ളിക്കു മന്ദഹസിക്കണം
- ഒരു നിമിഷം!
പനിനീർപ്പൂവിനു പരിമളം പരത്തണം
- ഒരു ദിവസം!
കാനനച്ചോലയക്കു കാഞ്ചനതന്ത്രികൾ മീട്ടണം
- എന്നന്നേയ്ക്കും!
എന്‍റെ ശിഥിലഹൃദയത്തിനു കരയണം
- "മതി", എന്ന മൗനഗാനനാളം
എന്‍റെ കർണപുടത്തിൽ വന്നലയ്ക്കുവോളം;
പരിതൃപ്തിയുടെ പരിമൃദുലാധരങ്ങൾ
ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്നും
ആ കണ്ണീരുറവിനെ ചുംബിച്ചെടുക്കുവോളം!
എന്തിന്?...
ചിലർ പറയും, "വൃഥാ!"
അതാ ഒരവ്യക്തസ്വരം:
"വെറുതെയൊന്നുമല്ല!"

പ്രേമം!-
ഹിമകണികയുടെ ഒരു മധുരസ്വപ്നത്തിന്
അവൾ കൊടുത്ത ഓരോമനപ്പേരാണത്!
അവൾക്കറിയാം,
മുൻപും പിൻപും ഇരുളാണെന്ന്-
വെറും ഇരുൾ!
ആ ഒരൊറ്റ നിമിഷം മാത്രമേ
അവളുടെ സ്വന്തമായിട്ടുള്ളൂ.
ആ രാഗിണി അതിനെ പാഴാക്കിയില്ല.
ആ മധുര സ്വപ്നത്തെ അവൾ സ്മരിച്ചു.
അതിനെ അവൾ വാസ്തവമാക്കി;-
അതേ, അവൾ ഒന്നു മന്ദഹസിച്ചു.
സംസാരസാഗരം മുഴുവൻ
അതിൽ നിഴലിച്ചു.
സർവവും കഴിഞ്ഞു – അന്ധകാരമായി!
അവൾ നിത്യസുഷുപ്തിയുടെ മടിത്തട്ടിൽ
ശിരസ്സണച്ചു!
ആനന്ദം!
മലർവല്ലരിയിൽ അങ്കുരിച്ച
മനോജ്ഞമുകുളത്തിന്‍റെ
മുദ്രാവാക്യമാണത്.
ആഴിയിൽ മറയുവാൻ ഒരുമ്പെടുന്ന അരുണൻ
അന്ത്യകിരണങ്ങളാൽ
ആ ലതയെ അവസാനമായി ആലിംഗനം ചെയ്തുകൊണ്ട്.
ഒരു നെടുവീർപ്പിട്ടു.

ഒരു കൊച്ചോമന മുകളും –
എന്താണാവോ അതിന്‍റെ സ്ഥിതി?
ഈ നിഷ്കളങ്കയ്ക്കറിഞ്ഞുകൂടാ ലോകമെന്തെന്ന്!
ദിനമണി അപ്പോൾത്തന്നെ കുറിച്ചിട്ടുണ്ടായിരുന്നു
ആ പൂമൊട്ടിന്‍റെ ജാതകം.
അവളുണ്ടോ അതറിയുന്നു?
ചന്ദ്രികാധവളമായ നിശാവേളകളിൽ,
അവിശ്വസനീയവും,
എന്നാൽ, ആനന്ദ സന്ദായകവുമായ ഒരു സ്വപ്നത്തെ,
ആ ഇളംകോരകം
ആവർത്തിച്ചാവർചത്തിച്ചു കണ്ടു.
ആനന്ദാതിരേകത്താൽ,
അവളൊന്നു പൊട്ടിച്ചിരിച്ചുപോയി!
ആനന്ദം!-
എവിടേയും അതിന്‍റെ തിരതല്ലൽ!

അവൾ വിചാരിച്ചു:
"ജീവിതം ക്ഷണികം!
എങ്കിലും, അമൂല്യം!
അതിനെ പരിപൂർണമാക്കണം-
ഒരു ദിവസംകൊണ്ട്!"

നിസ്വാർത്ഥയായ അവൾ,
തനിക്കുള്ള സർവസ്വവും ലോകത്തിന്റെ മുമ്പിൽ കാഴ്ചവെച്ചു.
"അയ്യ!" – അവൾ പിറുപിറുത്തു;
"ലോകസേവനം എത്ര പരമാനന്ദകരം!
എനിക്കെന്നും ഇതുപോലെ ചെയ്യുവാൻ സാധിച്ചെങ്കിൽ!"

എന്നും!-
എന്തു ഫലം?
ഏതോ ഒരദൃശ്യഹസ്തം,
അടിയിൽ അവൾക്കുള്ള അന്ത്യതല്പവും വിരിച്ചു
കാത്തിരിക്കയാണ്.
അവൾ പാടുന്ന ആ അവസാനഗാനത്തിന്‍റെ
പരിസമാപ്തിയാകേണ്ട താമസം-
അങ്ങു വിളിക്കുവാൻ!
അവളുടെ ജാതകത്തിനു യാതൊരു പിഴയുമില്ല.
ആ പരിപാവന ഹൃദയം!-
അതു പരിപൂർണതയിൽ ലയിച്ചു.
"എങ്ങനെ?"
എങ്ങനെയെന്നോ?
ആ ഹൃദയപരിമളമല്ലാതെ,
മറ്റെന്താണ്?
മന്ദപവനനിൽ അലിഞ്ഞുചേർന്ന്
പരിസരങ്ങളെ പരിരംഭണംചെയ്യുന്നത്?...