കാലം

ഇടപ്പള്ളി രാഘവൻ പിള്ള 

വൽസരങ്ങളാം വൻ തിരമാലകൾ
മൽസരിച്ചാർത്തു മുന്നോട്ടു പായുന്ന
സങ്കടജല സമ്പൂർണ്ണമായുള്ള
വൻ കടലാകും കാലം ഭയങ്കരം!

ആളുകൾ തന്‍റെ കണ്ണീരിനാലതിൽ
നാളുകൾ തോറുമുപ്പു കലർന്നു പോയ്‌.

കൂലമറ്റൊരീയംബുധി തന്നുടെ
വേലിയേറ്റം തുടങ്ങുന്ന വേളയിൽ
മർത്ത്യതതന്‍റെയോരോ പരിധിയിൽ
എത്തി മെല്ലെ തഴുകി ഗ്ഗമിക്കുന്നു.

കുക്ഷിപൂരിതം ഭക്ഷിച്ചുവെന്നാലും
അക്ഷമനായലറുമീയംബുധി!
തട്ടി നിത്യം തകർക്കുന്ന വസ്തുവിൻ
ശിഷ്ടമൊക്കെയും തീരത്തിലർപ്പിപ്പു.

ശാന്തമാണെങ്കിലേറ്റമപകടം
ശാന്തമല്ലെങ്കിലേറ്റം ഭയങ്കരം!

അത്യഗാധമാമംബുധി,നിന്നിലേ-
ക്കെത്തി നോക്കാൻ കൊതിക്കുന്നതാരുതാൻ?