കാമുകൻ
ഇടപ്പള്ളി രാഘവൻ പിള്ള
കാമുകൻ ചോദ്യമായോമനേ,ഞാനൊരു
കാർമുകിലായാൽ നീയെന്തുചെയ്യും ?
ഞാനതിൻ മദ്ധ്യത്തിൽ വൈദ്യുതവല്ലിയായ്
വാനിൽ വളരൊളി വീശി മിന്നും .
മാമകാനന്ദമേ, അമ്മുകിൽ ചൂടുന്ന
മാമലായ് ഞാൻ മാറിയാലോ?
ആഴിയിൽ മുങ്ങാത്തൊരാദിത്യനായതിൻ-
താഴികപ്പൊൽക്കുടമായ് വിളങ്ങും
പ്രേമത്തിടമ്പേ! ഞാനമ്മലവാരത്തിൽ
താമരപ്പൊയ്കയായ് താഴ്ന്നെന്നാലോ?
നിശ്ചലമാകുമപ്പൊയ്കയിൽ പ്രേമത്തിൻ-
കൊച്ചലച്ചാർത്തായ് ഞാൻ കോളിളക്കും
കണ്മണീ , കാനനച്ചോലയിൽ ചേരുന്ന
വെണ്മണൽത്തട്ടായ് ഞാൻ തീർന്നെന്നാലോ?
ആ മൺതരികളെ കോൾമയിർക്കൊള്ളിക്കും
ഹേമന്ദചന്ദ്രികയായിടൂം ഞാൻ
തങ്കം , ഞാൻ മൂകമാം വേണുവായൂഴിത-
ന്നങ്കത്തി,ലെങ്ങാനിറങ്ങിയാലോ?
ഹാ,നാഥ! ഞാനിളം പുല്ലായതിൻമീതെ
ആനമിച്ചെന്നും പൊഴിക്കുമശ്രു.