അങ്ങേ വീട്ടിലേയ്ക്ക്‌

ഇടശ്ശേരി ഗോവിന്ദൻ നായർ 

Audio




ചെന്നു പോകരുതേതും നിസ്വന്‍ താന്‍ ജാമാതാവിന്‍
മന്ദിരത്തിങ്കല്‍ സ്വന്തം മകളെക്കാണാന്‍ പോലും.
ഇത്തീര്‍പ്പൊന്നത്രേ കുഞ്ഞോമനയെക്കൊടുത്തപ്പോ-
ളത്രയും പണിപ്പെട്ടിട്ടൊപ്പിച്ച കന്യാശുല്ക്കം.

ക്രൂരമെങ്കിലുമനൌചിത്യമെന്തിതിലുള്ളൂ?
ചേരുകില്ലല്ലോ ബന്ധപ്പെട്ടാലും ചിലതെല്ലാം:
ചോറടിത്തട്ടില്‍ത്താണു കിടന്നേ മതിയാവൂ
സാരസപുഷ്പത്തിനു സൂര്യനെ സ്നേഹിക്കുവാന്‍
ചെങ്കതിര്‍മണികളോടൊപ്പമേ പത്തായത്തില്‍-
ചെന്നുകൂടുവാന്‍ വൈക്കോല്‍ച്ചണ്ടിക്കെന്തവകാശം ?

നാഗരികാഗ്രേസരന്‍ സമ്പന്നന്‍ ബന്ധുക്കാരന്‍
'യോഗ'മിത്തിരിയുള്ള കൂട്ടത്തിലാണാപ്പുത്രി.
അലയും കടപ്പാടും താനുമായ്ക്കഴിഞ്ഞോളാ-
മൊളിതിങ്കളെപ്പെറ്റ വീചിമാലിയെപ്പോലെ .
എങ്കിലുമൊരുനോക്കുകാണുവാന്‍, തന്നോമന-
മംഗളക്കുരുന്നല്ലേ, വെള്ളമൂരുന്നു കണ്ണില്‍,
"വിറ്റതല്ലല്ലോ, ചെന്നു കണ്ടിങ്ങു പോന്നാലെന്തേ
കുറ്റ"മെന്നിടയ്ക്കിടെ പ്രേഷിപ്പു കുടുംബിനി.

കണ്ണടച്ചെന്നാല്‍ മുന്നില്‍ നില്ക്കുന്നു പാവം കുട്ടി:
"എന്നെയിങ്ങനെ നിങ്ങളെല്ലാരും വെടിഞ്ഞല്ലോ!"
ഗതികേടാവൃദ്ധനെക്കൂത്തിപ്പൊന്തിച്ചു, മുണ്ടന്‍
വടിയുമൂന്നി, ട്ടില്ലിപ്പടി ചാരിയപൊതില്‍.
അഭിമാനിയാം ചിത്തം പിറകോട്ടതിമാത്ര-
മമറി വലിയുന്നു വിറ്റ പയ്യിനെപ്പോലെ!

ആറിയമേടച്ചൂടിലങ്ങിങ്ങു കളപറി-
ക്കാരികള്‍ പാടും പാട്ടാല്‍ വിണ്ടലം കുതിരുന്നൂ-
പച്ചയാം പാടം താണ്ടിപ്പരുക്കന്‍ കുന്നും കേറീ-
ട്ടുച്ച തെറ്റുമ്പോഴേയ്ക്കും പട്ടണത്തിലേയ്ക്കെത്താം.
-ഉച്ചതെറ്റിയ തനിക്കാകട്ടേ നാലഞ്ചടി
വെച്ചാലോകിതയ്ക്കണം നാലുനാഴിക പിന്നെ!
ചെറിയ കഴയൊന്നിലിറങ്ങികേറീട്ടയാള്‍
തിരിവു-പണ്ടീവഴിക്കമ്പലത്തിങ്കല്‍ പോകേ
കുരുന്നു കാല്‍മുട്ടിന്മേല്‍ക്കൈവച്ചു കേറീ തങ്കം
ചിരിച്ചിട്ടച്ഛന്‍ ചാടിക്കടന്നു വഴിയാലെ
മാനക്കേടണച്ചതിന്നവളെപ്പിന്നീടന്നു-
താനേറ്റു നടക്കേണ്ടി വന്നല്ലോ വഴിനീളെ
മന്തോപ്പില്‍ച്ചിരിച്ചതാ നില്‍പ്പിതിപ്പോഴും പണ്ടു
താന്‍ തന്നെ കുമാരിയെച്ചേര്‍ത്തതാം പള്ളിക്കൂടം
ചേര്‍ത്തനാളയാളോര്‍ത്തു, കൊച്ചു ബഞ്ചിന്‍മേല്‍ക്കന-
പ്പിച്ചവളിരിക്കവേ താനിറങ്ങിപ്പോന്നാലും
ഭാവമെന്തിപ്പോളിപ്പോളെന്നതുല്‍ക്കണ്ഠാ പൂര്‍വ്വം
പാളിനോക്കുവാന്‍ മാത്രം പകല്‍ പോക്കിയ കാര്യം

സ്മൃതിയില്‍ മുങ്ങിത്താണു പൊങ്ങിയില്ലപ്പോഴേയ്ക്കും
ചിതമറ്റാരെ തെറിപ്പിച്ചതിച്ചോദ്യം മൂലം:
'അമ്മാമനെങ്ങോട്ടാവോ?' നില്‍പ്പിതങ്ങയല്‍ക്കാരന്‍
'ചുമ്മാ ഞാന്‍ ചന്തയ്ക്കെ' ന്നുവെച്ചുമൂളിച്ചു വൃദ്ധന്‍

പെണ്ണിനെപ്പഠിപ്പിച്ചു കാതിലും കഴുത്തിലും
പൊന്നിടുവിച്ചു പിന്നെക്കല്യാണം കഴിപ്പിച്ചു
കണ്ണുകള്‍ നിറച്ചവള്‍ പോകുമ്പോള്‍ ചോദിയ്ക്കയാ-
"ണെന്നെയെന്നിനിക്കൂട്ടിപ്പോരുവാന്‍ വരുമച്ഛന്‍?"
വില്‍ക്കാതേതന്നെ തെറ്റെന്നുടമ നഷ്ടപ്പെട്ടു
നില്‍ക്കുമന്നില്പില്‍ത്തനിയ്ക്കെന്തുത്തരമുള്ളൂ?

ചിന്തതന്‍ ചുമടിന്നു കമ്പോളം തേടിത്തേടി-
ച്ചന്തയും കടന്നു ചെന്നകലും പകരുമ്പോള്‍
മറ്റൊരാള്‍ ചോദിക്കയാ, "ണമ്മാവനെങ്ങോട്ടാവോ?"
മുറ്റുമിന്നാട്ടാര്‍ക്കെന്തൊരൌത്സുക്യം തന്‍കാര്യത്തില്‍!
"കാശിക്കു പോണൂ താനും വരുന്നോ വഴിയാലേ?"
പേശി നില്‍ക്കാതേ വൃദ്ധന്‍ വടിയുന്നുകയായീ.
പൂമുഖം വിദ്യുദ്ദീപശോഭയാലോളം വെട്ടു-
മാമണിഹര്‍മ്മ്യത്തിന്‍റെ മുറ്റത്തു നിന്നു വൃദ്ധന്‍.
മാന്യമായുടുപ്പിട്ട രണ്ടുപേര്‍, സുഹൃത്തുക്ക-
ളായിടാം, ജാമാതാവുണ്ടവരൊത്തിരിക്കുന്നു.
അദ്ദേഹം കണ്ടു, തന്നെ, ക്കണ്ടവാറക്കണ്‍കളില്‍
പ്രദ്യോതിച്ചതു ഹാര്‍ദ്ദസ്വാഗതത്തെളിവല്ല,
നീരസക്കറയുമ, ല്ലൊട്ടു സംഭ്രമം മാത്രം
നേരിടുമെമ്മട്ടെന്നാമിത്തരം ബന്ധുത്വത്തെ!
മകളുമ്മറത്തെത്തിയച്ഛനെക്കണ്ടു, ഭര്‍ത്തൃ-
മുഖമണ്ഡലം നോക്കി നിസ്സഹായയായ് നിന്നൂ.
കാര്‍നിഴല്‍ നീന്തീടൂന്ന കണ്‍കളാലവള്‍ പിന്നെ-
ക്കാല്‍നടക്കാരന്‍ നില്‍ക്കും പൂഴിയില്‍ പൂത്തുകിനാള്‍

പന്തികേടെന്തോ തോന്നി മിത്രങ്ങളന്വേഷിച്ചാ-
"രെന്തുള്ളൂ വിശേഷമിക്കിഴവനാരാ "ണെന്നായ്
വിളിച്ചു പൂജിക്കാഞ്ഞി, ട്ടാട്ടിയോടിക്കാഞ്ഞിട്ടും
വിചിത്രമൊരേകാലം ജാമാതാവിനു ദണ്ഡം
കാല്‍ക്കല്‍ വീഴ്കയോ വേണ്ടു, പോയൊരു മുക്കില്‍ക്കണ്ണീര്‍
വാര്‍ക്കയോ? വയ്യീനില്‍പ്പു നില്‍ക്കുവാന്‍ പുത്രിക്കെന്നായ്
എങ്ങനെ പോകും? നില്‍ക്കും? കുഴങ്ങീ, കുഴയുന്ന
തന്നുടെ കാലിന്‍ ദണ്ഡം വിസ്മരിച്ചൊരു വൃദ്ധന്‍
പന്തികേടുകള്‍ കണ്ടു മിത്രങ്ങള്‍ വീണ്ടും ചോദ്യം
"എന്തുള്ളൂ വിശേഷമിക്കിഴവന്‍ നിങ്ങള്‍ക്കാരോ?"

ഭര്‍ത്താവുത്തരവായീ ഭാര്യയോ, "ടിയാളെനീ-
യപ്പുറത്തെങ്ങാന്‍ കൂട്ടി വല്ലതും കൊടുത്തേക്കൂ"
"കാര്യമിങ്ങനെയൊക്കെയാണ,ച്ഛന്‍ പൊറുക്കുകെന്‍
പേരി" ലെന്നല്ലീ കെഞ്ചി കാര്‍നിഴല്‍ നീന്തും കണ്‍കള്‍.

പാടുപെട്ടുണ്ടാക്കിയ പുഞ്ചിരിയോടാ വൃദ്ധന്‍
ചോടുമാറ്റിക്കൊണ്ടേറെബ്ഭംഗിയിലേവം ചൊല്ലീ:
"വഴി തെറ്റുന്നു വയസ്സാവുമ്പോള്‍, അങ്ങേ വീട്ടില്‍-
ക്കയറേണ്ടതാ" ണയാളിറങ്ങീ കൂനിക്കൂനി.