രക്തബുദ്ധത
ഇന്ദുമേനോന്‍
മരിച്ചുപോയ കുഞ്ഞുങ്ങളുടെ
കണ്ണുകളാണു നിനക്ക്
യുദ്ധത്തില്‍ തോറ്റ പിതാവിനു,
വീട്ടിയ പകരക്കണക്കായ്
ചൂഴ്ന്നു സമ്മാനിച്ച യുദ്ധനിഷ്കളങ്കത...
നീ യൂനിഫോറം ഊരിയ പട്ടാളക്കാരന്‍െറ
ആറുകട്ട നെഞ്ച് കണ്ടിട്ടുണ്ട്
വെടിത്തുളകള്‍ ഉണങ്ങിയ
സുഷിരങ്ങളിലെ കറുപ്പു കണ്ടിട്ടുണ്ട്
അവന്‍െറ നെഞ്ചിലെ മാന്തുപാടുകള്‍
കരടിയല്ല സമ്മാനിച്ചതെന്നു
അമ്മ പറഞ്ഞു നീ കേട്ടിട്ടുണ്ട്
അമ്മയുടെ നഖപ്പാടുകള്‍
തുടയില്‍ തിളങ്ങിയതിലേക്കു
ഒന്നു നോക്കുകയേ വേണ്ടൂ.
നഗ്നത സമ്മാനിച്ച നഖമൂര്‍ച്ചകള്‍
നിനക്കുമോര്‍മവരും
നിന്‍റച്ഛനു രക്തസാക്ഷിപ്പട്ടം കിട്ടും
അമ്മക്കു ബലാത്കാരപ്പെട്ടവള്‍ക്കു
നീട്ടിയ നാറിയ സഹതാപം കിട്ടും
നിനക്കോ
ചൂഴ്ന്ന കണ്‍നോട്ടങ്ങള്‍
കണ്ണില്‍ ചുമന്നതിനു നിനക്കോ?
നിനക്കെന്തു കൂലി?
നീ യുദ്ധത്തടവുകാരന്‍െറ നിലവിളി
തൊണ്ടയില്‍ ചുമക്കുന്നു
വെട്ടിയിട്ട കാലുകളുടെ ചലനവും
അറുന്ന് പോയ മൂക്കുകളുടെ വാസനക്കൂടകളും
നിനക്കുതന്നെ
അറുത്ത പതിനായിരം നാവുകളുടെ
പ്രേമവാക്കും നീ തന്നെ
ഉപ്പിട്ടുണക്കിയതുപോലെ പക്ഷേ
നിന്‍െറ ചുണ്ടുകള്‍ പരുക്കനാകുന്നു
അവ നീട്ടുമ്പോള്‍ ഞാന്‍ വെടിമരുന്നു
വാസനയില്‍ പുളയുന്നു...
നിനക്കു തീര്‍ക്കാനുള്ളത് കണക്കുകളാണു
ഗോണ്ട്വാനയിലും പാലസ്തീനിലും
കൊറിയയിലും നിന്നോടവര്‍
കാണിച്ചതിന്‍െറ പകരം നീയെന്നോട് തീര്‍ക്കും
എന്‍െറ പ്രപിതാക്കള്‍ നിന്‍െറ പ്രപിതാക്കളോടു
ചെയ്തത്ര വരികയില്ലെങ്കിലും
ഞാന്‍ നിന്‍െറ യുദ്ധത്തടവുകാരി
എപ്പൊഴും നിനക്കായ് വിയര്‍ത്ത അടിമസ്ത്രീ
കട്ടിലുകളില്‍ നിന്‍െറ ആയുധങ്ങള്‍ എന്‍െറ
രക്തത്തില്‍ മുങ്ങും
എന്‍െറ നിലവിളികള്‍ നിന്‍െറ ദുല്‍കൃത്യങ്ങളില്‍ മുങ്ങും
രക്തത്തിന്‍െറയും
മാംസത്തിന്‍െറയും കണക്കാണത്
ഉഴാനായി എന്നില്‍ ബാക്കിവെച്ച
കന്യാഭൂമിയുടെ പട്ടയം
നെഞ്ചിലെ പെറ്റിക്കോട്ടില്‍ എന്‍െറ പൂര്‍വികന്‍
പീരങ്കിയില്‍ ചുട്ടുതാഴ്ത്തിയ
നിങ്ങളുടെ പായക്കപ്പല്‍
ഉഷ്ണസമുദ്രത്തില്‍
നീയെന്ന നാവികനെ ദിശതെറ്റാതെ തേടിവരുന്നു...
ഞാനൊരു ബുദ്ധപ്രതിമ
നീ തകര്‍ക്കേണ്ടത്...
എന്‍െറ ക്ഷീണചുംബനം നീ
ഹൃദയത്തില്‍ ഏറ്റുവാങ്ങേണ്ടത്...
കണക്കുകള്‍ ഇല്ല പ്രിയനേ
പകയുമില്ല...
കാരണം ലോകയുദ്ധങ്ങളില്‍
മരിച്ചുപോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയത്രെ
നീ എന്നെ പ്രേമിച്ചത്...