അര്ത്ഥവിപത്തി
കാവാലം നാരായണപ്പണിക്കർ
ആദിമുഴക്കത്തില്
പൊരുളക്ഷരം
അക്ഷരങ്ങള്ക്കുമയിത്തം
മരിക്കാതെതന്നെ പുലയാചാരം
ആപത്തുടക്കിയിട്ട വന്ധ്യത.
മേനി നടിക്കും മാറ്റക്കാര്ക്കു
തൊട്ടു കൂടായ്മ.
ഒരു വാക്കിനെത്ര
യടരുകളായ് പൊരുളുണരും
വിരിവുകളുണ്ടെന്നറിയാത്ത
വിവേകച്യുതിയില്
നല്ല 'കഴുവേറി' പുലഭ്യവിളിയായ്
നടന കലാവിദുഷിവെറും
'കൂത്തച്ചി' യായ്
വാക്കിന് കയ്യാം കളിയിലെ-
'യടിപൊളി' യാക്കത്തക്കങ്ങളെഴും
പുഷ്കലബിംബവുമായ്
ദോഷരഹിത വിശേഷവുമായ്
പ്രേമഭാവം പകരുകി-
ലേതൊരമര പ്രഭുവിനെയും
ശുദ്ധമരപ്രഭുവായ്
മനസ്സില് വാഴിക്കാം
മരമെങ്ങനെ മനസ്സിലാക്കും
മനസ്സെങ്ങനെ മരത്തിലാക്കും
രണ്ടും ചേരുകിലുണ്ടാം ശില്പം
വെറുമൊരു തടിത്തുണ്ടമല്ലാ.
മരത്തിലമരത്വം ചേര്ക്കും
മനസ്സെന്ന മാസ്മരയന്ത്രം
മനുഷ്യന്റെ യുള്വിളിയുതിര്ക്കു-
മക്ഷരങ്ങള് കോര്ക്കുമ്പോള്,
അനര്ത്ഥത്തിലര്ത്ഥ സുഗന്ധവുമായ്
വികൃതിയില് സുകൃതിയുമുണ്ടായ്
വാക്കിലെയര്ത്ഥത്തിനു സമഷ്ടി കല്പനയാ-
ലാക്കം കൂട്ടിവിപരീതധ്വനി ചാര്ത്താമോ!
'വിപ്ലവ' മെന്നാല് വിനാശമെന്നു
മാറ്റത്തിനു മാറ്റത്തം കാണുന്നവ
രര്ത്ഥം കല്പിച്ചെന്നു വരുത്താമോ?
ഈ ശബ്ദകോശപതിവു പാഠം
ശരിയെന്നാകില്,
അവനവനു വേണ്ടിയാകിലു
മന്യര്ക്കാകിലും,
'വിനാശ വിനാശ വിനാശ' മെന്നതു
ജപിക്കാന് പറ്റിയ മന്ത്രമോ?
സര്വ്വനാശമാണു മനസ്സിലിരിപ്പെങ്കില്
സംഹാരത്തിനു പ്രളയമെന്നും
കല്പാന്ത പരിണാമമെന്നും
തിരിച്ചെടുക്കലെന്നുമൊക്കെ
മനസ്സിലുറപ്പിച്ചാലും മതിയോ?
ഇങ്ങനെ വിനാശ ശബ്ദത്തിലെ-
യര്ത്ഥത്തിന്നടരുകള് തേടിപ്പോകുമ്പോള്
നാശം ജയിക്കുവാനായ്
പടയണി കൂട്ടുന്നവര് കരുതണമീ
നാശത്തുടരായ് സൃഷ്ടിയുമുണ്ടായാലേ
ചക്രച്ചുറ്റു മുഴുക്കൂ.
ഇതുലാഭത്തിനെതിരേല്ക്കാന്
ചേതത്തില് കൈ കൊട്ടിത്തുള്ളും
മേധാബലവും ഹൃദയാര്ദ്രതയും കൊണ്ടായാല്
മാനവ സംസ്കൃതിയുടെയുപകരണങ്ങള് പുതുക്കാം.
അക്ഷര വിന്യാസത്തില് പുലയാചാരം ദീക്ഷിക്കാതെ
മനസ്സിനെ വാക്കിനുറവിടമാക്കാം.
'വിപ്ലവ' മെന്നതു വൈരാഗ്യമകറ്റും
സ്നേഹക്കലിയാക്കാം, ശാന്തിപ്പൊരുളാക്കാം
മറ്റൊരു ജനനത്തില്
സുഖനൊമ്പരമാക്കാം.