മുത്തശ്ശി മുത്ത്

കാവാലം നാരായണപ്പണിക്കർ

മുത്തശ്ശിപ്പേച്ചിതു മുത്തായ് മനസ്സില്‍
മുറിയാതെ കാതിലും കിലുകിലുങ്ങി
കാര്യം തിരിഞ്ഞതു സിദ്ധാന്തം
തിരിയാത്തതെല്ലാം വേദാന്തം
നിനക്കു തിരിഞ്ഞെന്ന
സ്ംതൃപ്തിയരുളുന്ന
സിദ്ധാന്തമേതുണ്ട് ?
നിനക്കു തിരിയാത്തതെന്ന സുഖം കൂറാന്‍
വേദാന്തമേതുണ്ട്..
തിരിഞ്ഞതിനോടു നിനക്കു പുച്ഛം
തിരിയാത്തതിനോടു വിശ്വാസം
നീ നിന്‍റെയുള്ളില്‍ താലോലമാട്ടും
നിനവെല്ലാമുണരാത്ത കനവാണൊ
നിന്നെക്കാള്‍ വലിയവനാരോ കിനാക്കാണും
അമ്മൂമ്മക്കഥയോ ജീവിതം
ഉറക്കത്തിലാരോ കാണും കിനാവിലെ
ഉറപ്പില്ലാ വേഷമോ നീ..
നിനവാകാ കനവാകാ
കായാകാ കനിയാകാ
ആകാശപ്പൂപോലെ ചിറകിടാന്‍ കഴിയാതെ
പുഴുവായി ഇഴയുന്ന മണ്ണിന്‍റെ വേദാന്തമേ
വിണ്ണിനെ എത്തിപ്പിടിക്കുവാനല്ലെകില്‍
കണ്ണുകൊണ്ടെന്തു ഫലം
കണ്ണെന്നാല്‍ കണ്ണല്ല,
മുക്കാലദൃഷ്ടികള്‍
ഊന്നും നരന്‍റെ  അകവെളിച്ചം
ശുദ്ധമാം ശൂന്യത തന്നില്‍ നിന്നെങ്ങനെ
സിദ്ധാന്തം നെയ്തെടുക്കും .
വേദമറിയാതെ വേദാന്തമറിയുമോ
പൊരുളറിയാതെ അകപ്പൊരുളറിയുമോ
ഉരയറിയാതെ ഉള്‍നിരയറിയുമോ
ഉത്തരമില്ലാത്ത  ചോദ്യങ്ങള്‍
മണ്ണില്‍ മയങ്ങുന്ന മുത്തശ്ശിയോടു ഞാന്‍
മണ്ണില്‍ ചെവിയോര്‍ത്തു ചോദിച്ചു
"സിദ്ധാന്തമെന്താണു മുത്തശ്ശീ ?"
"തിരിഞ്ഞതിനോടുള്ള ബഹുമാനം"
"വേദാന്തമെന്താണു മുത്തശ്ശീ.?".
"തിരിയാത്തിനോടു ജിജ്ഞാസ...
തിരിയാത്തിനോടു ജിജ്ഞാസ"