ഞാന്‍
കടമ്മനിട്ട രാമകൃഷ്ണൻ
ഒരു നുറുങ്ങു ദു:ഖത്തിന്‍റെ
വഴിത്തിരിവില്‍ വന്നു ഞാന്‍
തളര്‍ന്നു വീണൊരു നിഴല്‍ മാത്രം
താങ്ങായി നടന്നു ഞാന്‍
തപിച്ച സൂര്യനെ കണ്ട്
തപ്താശ്രു പൊഴിച്ചു ഞാന്‍
തളിരും താരും കാട്ടി
തരുക്കള്‍ ഭാഗ്യശാലികള്‍
തളിച്ച വെള്ളം ചെപ്പെ
തെരുവില്‍ കണ്ട പോക്രികള്‍
ചെളിയും തീയും പേറി
കരുവാളിച്ചതെന്‍ മുഖം
തെളിവിന്‍ മുള്‍ക്കിരീടത്താല്‍
തലയില്‍ ഭാരമേറവെ
അലിവിന്‍ തേന്മുള്ളു കൊണ്ടെന്‍റെ
അകമിത്തിരി പോറവെ
കണ്ടുനിന്നവര്‍ കാര്‍ക്കിച്ചു
തുപ്പിയെന്‍ മുഖമാകവെ
കയ്യെടുത്തു തടുക്കണോ
കഴിവില്ല വിലങ്ങിനാല്‍
കണ്ടു ഞാന്‍ തുപ്പലില്‍ ചേരും
ചെന്നിണത്തിന്‍റെ കട്ടകള്‍
കണ്ണൂ പൂട്ടി നടന്നാലോ
കാല്‍ തെറ്റി ചരിഞ്ഞുപോം
മുത്തുകില്‍ ചാട്ടവാറിന്‍റെ
വടു കെട്ടിയ നൊംബരം
പച്ച നോവു നുണഞ്ഞീടാന്‍
ഈച്ചകള്‍ തമ്മില്‍ മത്സരം
പണ്ടെന്‍റെ മുഖം കണ്ട
കണ്ണാടിച്ചില്ലുടഞ്ഞതാ
പാതയില്‍ ചിന്നിച്ചിതറി
പലതായ നുറുങ്ങുകള്‍
ഉടഞ്ഞി ചില്ലുകള്‍ കൂട്ടി-
ട്ടൊരിക്കല്‍ കൂടിയെന്‍ മുഖം
ഒരു നോക്കു കാണുവാന്‍ മാത്രം
ഉണര്‍ന്നു വ്യര്‍ത്ഥമാം കൊതി
തെന്നലില്‍ തേങ്ങി നില്‍ക്കുന്നു
ചെന്നിണത്തിന്‍റെ വാസന
കണ്ണുനീരിന്‍റെ കയ്പൂരി
ചുണ്ട് നക്കി നടന്നു ഞാന്‍.