പറയൂ പരാതി നീ കൃഷ്ണേ ..

കടമ്മനിട്ട രാമകൃഷ്ണൻ

പറയൂ പരാതി നീ കൃഷ്ണേ..
പറയൂ പരാതി നീ കൃഷ്ണേ..
നിന്‍റെ വിറയാര്‍ന്ന ചുണ്ടുമായ്‌
നിറയുന്ന കണ്ണുമായ്‌ പറയൂ പരാതി നീ കൃഷ്ണേ

അവിടെ നീയങ്ങനിരിക്കൂ..
മുടിക്കതിരുകളല്‍പ്പമൊതുക്കൂ
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലുപോലെന്നെ ഞാന്‍ കാണ്മൂ..
അടരാന്‍ മടിക്കുന്ന തൂമണി കത്തുന്ന
തുടര്‍വെളിച്ചതില്‍ ഞാന്‍ കാണ്മൂ..
കാണാന്‍ കൊതിച്ചെന്നുമാകാതെ
ദാഹിച്ച്‌ വിടവാങ്ങിനിന്നൊരെന്‍ മോഹം
ഇടനെഞ്ചുയര്‍ന്നു താണുലയുന്ന സ്പന്ദമെന്‍
തുടരുന്ന ജീവന്‍റെ ബോധം.
അതുനിലപ്പിക്കരുതതിവേഗമോരോന്നു
പറയൂ പരാതി നീ കൃഷ്ണേ..
പറയൂ പരാതി നീ കൃഷ്ണേ..

എന്നും പറഞ്ഞവ തന്നെയാണെങ്കിലെന്തെന്നും
പുതിയതായ്‌ തോന്നും
എന്നും പറഞ്ഞവ തന്നെയാണെങ്കിലെന്തെന്നും
പുതിയതായ്‌ തോന്നും
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യ-
ങ്ങള്‍ക്കുള്ളതൊരിത്തിരി ദുഖം..
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യ-
ങ്ങള്‍ക്കുള്ളതൊരിത്തിരി ദുഖം..
മിഴികോര്‍ത്തു നിന്നു നീ പറയുന്ന മാത്ര ഞാന്‍
കേള്‍ക്കുന്ന മാത്രകള്‍ അതില്‍ മാത്രമാണുനാം
നാമന്യോന്യമുണ്ടെന്നതറിയുന്നതിന്നായ്‌ പറയൂ

പറയൂ പരാതി നീ കൃഷ്ണേ..
ഉച്ചത്തിലുച്ചത്തിലാകട്ടേ നിന്മൊഴി
ഉച്ചത്തിലുച്ചത്തിലാകട്ടേ നിന്മൊഴി
ഒച്ചയടഞ്ഞുവോ...
നിശ്ചലം ചുണ്ടുകള്‍ ..നിറയാത്ത കണ്ണുകള്‍
നിറയാത്ത കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലില്ല ഞാനില്ല ഞാനില്ല..!!