കവിയുടെ ഭാര്യ
കൽപറ്റ നാരായണൻ
മുക്കുവനെ
കാലത്തേ വിളിച്ചുണർത്തി ഭാര്യ പറഞ്ഞു
നിങ്ങളുടെ വലയിൽ
ഇന്നു കുരുങ്ങാനിരിക്കുന്ന
മീനിന്‍റെ പള്ളയിലാണു അഭിജ്ഞാനമോതിരം.
വൈകണ്ട
അതു മറ്റാരുടെയെങ്കിലും വലയിൽ കയറും.
അയാളാമോതിരം
പണയം വെക്കുകയോ
ഉരുക്കി മറ്റെന്തെങ്കിലും
പണിത്തരമാക്കുകയോ ചെയ്യും.
അവൾ പൂർണ്ണമായി മറക്കപ്പെടും.
നടക്കേണ്ടതു നടക്കും
എന്നുറപ്പിച്ചു പറഞ്ഞുകൂട.