പ്രാവുകള്‍ 

കമല സുറയ്യ

ഒരു അമ്മയുടെ വയറ്റിലെ
ചമയങ്ങള്‍ എല്ലാം
കത്തികൊണ്ട്
അവര്‍ ചുരണ്ടിയെടുത്തു.
ഈ അടഞ്ഞ ഗുഹാമുഖത്ത്
ഇനി ഒരു ആലിബാബയും
മന്ത്രം ഉച്ചരിക്കുകയില്ല.
ഇതിന്‍റെ ഇരുണ്ട വിഷാദത്തില്‍
ഒരു പടക്കുതിരയും കുളമ്പടിക്കുകയില്ല.
എന്നാല്‍,
ഓ, എന്തിനാണവര്‍ ആ പഴയ മാവ്
മുറിച്ച് താഴെയിട്ടത്?
സ്വപ്‌നങ്ങളുടെ നനഞ്ഞ വലകള്‍
ഞാന്‍ ഉണക്കാനിട്ടത്
അവിടെയായിരുന്നുവല്ലോ.
ഇനി, എന്‍റെ തോണിക്ക്
മീന്‍പിടുത്തത്തിന് പോകാനാവില്ല.
എന്‍റെ ഭാവിയുടെ കായലുകളില്‍
മരണം വിളര്‍പ്പിച്ച മത്സ്യങ്ങള്‍
പൊന്തിക്കിടക്കുന്നു.