ശിലായുഗം 

കമല സുറയ്യ

പ്രിയപ്പെട്ടവനെ,
നീ എന്‍റെ മനസ്സിലെ പൌരാണികവാസി.
വിഭ്രാന്തികളുടെ വലകള്‍ നെയ്യുന്ന ഒരു തടിച്ച ചിലന്തി
നീ എന്നോട് കരുണാമയനാകൂ
നിയെന്നെ ശിലയുടെ ഒരു പക്ഷിയാക്കിത്തീര്‍ക്കുക
കൃഷ്ണശിലയുടെ ഒരു മാടപ്പിറാവ്.
എനിക്കു ചുറ്റും നീ വൃത്തിഹീനമായ
ഒരു സ്വീകരണമുറി തീര്‍ത്തു.
നീ വായിച്ചിരിക്കുമ്പോള്‍ നീയറിയാതെതന്നെ
എന്‍റെ കുഴിഞ്ഞ മുഖത്തു തടവിക്കൊണ്ടിരുന്നു.
നീ എന്‍റെ പുലര്‍ച്ചയുറക്കത്തെ മുറിപ്പെടുത്തി,
സ്വപ്നം കാണുന്ന എന്‍റെ കണ്ണിനെ
നീ ഒരു വിരല്‍കൊണ്ട് അടച്ചുപിടിച്ചു.
എന്നിരിക്കിലും
എന്‍റെ പകല്‍സ്വപ്നങ്ങളില്‍
ബലിഷ്ഠരായ പുരുഷന്മാര്‍ നിഴല്‍ വീഴ്ത്തി.
എന്‍റെ ദ്രാവിഡ രക്തത്തിന്‍റെ തിളച്ചുപൊങ്ങലില്‍
വെളുത്ത സൂര്യന്മാരെപ്പോലെ
അവര്‍ ആഴ്ന്നാഴ്ന്നുപോവുന്നു.
വിശുദ്ധ നഗരങ്ങള്‍ക്കിടയിലൂടെ
അഴുക്കുചാലുകള്‍ രഹസ്യമായൊഴുകുന്നു
നീ വേര്‍പ്പിരിയുമ്പോള്‍
ശ്യാമസമുദ്രത്തിന്‍റെ കരയിലൂടെ
ഞാന്‍ നീലവര്‍ണ്ണമുള്ള കാറോടിക്കുന്നു
അപരന്‍റെ വാതില്‍ മുട്ടുവാന്‍
ഞാന്‍
ശബ്ദമുഖരിതമായ നാല്‍പതു പടവുകള്‍ ഓടിക്കയറി
കിളിവാതിലൂടെ അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നു.
ഒരു ചാറ്റല്‍ മഴപോലെ
ഞാന്‍ വന്നു പോകുന്നത്.
എന്നോട് ചോദിക്കൂ,
നിങ്ങളോരോരുത്തരും എന്നോട് ചോദിക്കൂ.
അയാളെന്നില്‍ കാണുന്നതെന്താണ്?
എന്തുകൊണ്ടയാളെ സിംഹമെന്നു വിളിക്കുന്നു
വിടനെന്നു വിളിക്കുന്നു?
അയാളുടെ അധരങ്ങളുടെ രുചി എന്താണ്?
എന്‍റെ ഗുഹ്യഭാഗത്ത് അമര്‍ത്തിപ്പിടിക്കുമ്പോള്‍
അയാളുടെ കൈകള്‍
പാമ്പിന്‍റെ ആടുന്ന പത്തിപോലെ
ഉലയുന്നതെന്തിനാണ്?
വെട്ടി വീഴ്ത്തിയ ഒരു മഹാവൃക്ഷംപോലെ
അയാള്‍ എന്‍റെ മാറില്‍
മയങ്ങി വീണുറങ്ങുന്നതെന്താണ്?
എന്നോട് ചോദിക്കൂ.
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?
എന്താണ് ആഹ്ലാദമെന്നും
എന്താണതിന്‍റെ വിലയെന്നും
എന്നോട് ചോദിക്കൂ.