കപ്പലുകളുടെ ഊത്തം
കമല സുറയ്യ
പ്രാര്‍ത്ഥനയുടെ വേളയിലും
എന്റെ കണ്കോണില്
അവന് പ്രത്യക്ഷപ്പെടുന്നു,
മനുഷ്യന്
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ?
അര്‍ദ്ധരാത്രിയില്‍ എങ്ങോ
കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകള്‍
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലില്‍ നിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്‍ക്കും
കിനാക്കളില്‍ അവന് മാത്രം
നിറയുന്നൂ,
ഹര്‍ഷോന്മാദമായ്,
വേദനയായ്
കണ്ണീരായ്......