നീ തന്നെ ജീവിതം സന്ധ്യേ കെ. അയ്യപ്പപ്പണിക്കർ |
---|
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ
നിൻ കണ്ണിൽ നിറയുന്നു
നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു
ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു
രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
നീ രാത്രി തൻ ജനനി
നീ മൃത്യു തൻ കമനി
നീ പുണ്യപാപപരിഹാരം
നര വന്നു മൂടിയ ശിരസ്സിൽ മനസ്സിൽ
നരനായൊരോർമ്മ വിളറുന്നു
നരകങ്ങള്‍ എങ്ങെന്‍റെ
സ്വർഗങ്ങളെങ്ങവകൾ
തിരയുന്നു നീ തന്നെ സന്ധ്യേ
കണ്ണാടിയിൽ മുഖം
കാണുന്ന സമയത്തു
കണ്ണുകളടഞ്ഞു വെറുപ്പാൽ
കനിവിന്‍റെ നനവ്വൂറി
നിൽക്കുന്ന കണ്ണുമായ്
വരിക നീ വരിക നീ സന്ധ്യേ
നിദ്രകൾ വരാതായി
നിറകണ്ണിൽ നിൻ സ്മരണ
മുദ്രകൾ നിഴൽനട്ടു നിൽക്കെ
നിൻ മുടിച്ചുരുളിലെൻ
വിരൽ ചുറ്റി വരിയുന്നു
നിൻ മടിക്കുഴിയിലെൻ
കരൾ കൊത്തി വലിയുന്നു
എല്ലാർക്കുമിടമുള്ള
വിരിവാർന്ന ഭൂമിയിൽ
പുല്ലിന്നും പുഴുവിനും
പഴുതുള്ള ഭൂമിയിൽ
മുടി പിന്നി മെടയുന്ന
വിരൽ നീണ്ടു നീണ്ടു നിൻ
മടിയിലെക്കുടിലിൽച്ചെ-
ന്നഭയം തിരക്കുന്നു.
പകലായ പകലൊക്കെ
വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ 'ശുഭരാത്രി'
പറയാതെ കുന്നിന്‍റെ
ചെരിവിൽക്കിടന്നുവോ നമ്മൾ?
പുണരാതെ,ചുംബനം
പകരാതെ മഞ്ഞിന്‍റെ
കുളിരിൽക്കഴിഞ്ഞുവോ നമ്മൾ?
ഒരു വാതിൽ മെല്ലെ-
ത്തുറന്നിറങ്ങുന്നപോൽ,
കരിയില കൊഴിയുന്നപോലെ,
ഒരു മഞ്ഞുകട്ട
യലിയുന്നപോലെത്ര
ലഘുവായി, ലളിതമായ്
നീ മറഞ്ഞു!
വരുമെന്നു ചൊല്ലി നീ,
ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലരുണ്ടു താരങ്ങള്‍
അവർ നിന്നെ ലാളിച്ചു
പലതും പറഞ്ഞതിൻ
ലഹരിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ
ചിറകറ്റു വീഴുന്നു താരം
ചിതകൂട്ടി നിൽക്കുന്നു കാലം
വരികില്ല നീ-
യിരുൾക്കയമായി നീ-
യിന്നു ശവദാഹമാണെൻ മനസ്സിൽ
വരികില്ലെന്നറിയാമെ
ന്നായിട്ടും വാനം നിൻ
വരവും പ്രതീക്ഷിച്ചിരുന്നു
ചിരകാലമങ്ങനെ
ചിതൽ തിന്നു പോയിട്ടും
ചിലതുണ്ടു ചിതയിന്മേൻ വയ്ക്കാൻ
പൊഴിയുന്നു കരിയിലകൾ
നാഴിക വിനാഴികകൾ
കഴിയുന്നു നിറമുള്ള കാലം
വിറകൊൾവു മേഘങ്ങൾ
പറക നീയമൃതമോ
വിഷമോ വിഷാദമോ സന്ധ്യേ?
ഇനി വരും കൂരിരുൾ-
ക്കയമോർത്തു നീപോലും
കനിയുമെന്നൂഹിച്ച നാളിൽ
നിന്‍റെ യീ നിഴലൊക്കെ-
യഴലെന്നു കരുതിയെൻ
തന്ത്രികളെ നിൻ വിരലിൽ വെച്ചു.
അറിയുന്നു ഞാന്‍ ഇന്നു
നിന്‍റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ,
ചിരിമാഞ്ഞു പോയൊരെൻ
ചുണ്ടിന്‍റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്‍റെ
ഒരു സൗഹൃദത്തിന്‍റെ
മൃതിമുദ്ര നീയതിൽ കാണും.
ഇനിയുള്ള കാലങ്ങള്‍ ഇതിലേ കടക്കുമ്പോള്‍
ഇതുകൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും
വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ,
അലറാത്ത കടൽ, മഞ്ഞി-
ലുറയാത്ത മല, കാറ്റി-
ലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം
പണിചെയ്ത സ്മാരകം
നിവരട്ടേ, നിൽക്കട്ടേ സന്ധ്യേ!
നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ
എവിടെന്നു വന്നിത്ര
കടുകയ്പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കെ
കരിവീണ മനമാകെ-
യെരിയുന്നു പുകയുന്നു
മറയൂ നിശാഗന്ധി സന്ധ്യേ
ഒരു താരകത്തെ
വിഴുങ്ങുന്നു മേഘം
ഇരുളോ വിഴുങ്ങുന്നു
കരിമേഘജാലം
ഇരുളിന്‍റെ കയമാർന്നു
പോയ് സൗരയൂഥങ്ങ-
ളിനി നീ വരൊല്ലേ, വരൊല്ലേ!
ചിറകറ്റ പക്ഷിക്കു
ചിറകുമായ് നീയിനി-
പ്പിറകേ വരൊല്ലേ, വരൊല്ലേ!
അവസാനമവസാന-
യാത്രപറഞ്ഞു നീ-
യിനിയും വരൊല്ലേ, വരൊല്ലേ!
മൃതരായി, മൃതരായ്
ദഹിച്ചുപോയ്, നീവെച്ച
മെഴുകിൻതിരികളും സന്ധ്യേ
ഇനിയില്ല ദീപങ്ങള്‍
ഇനിയില്ല ദീപ്തികള്‍
ഇനിയും വെളിച്ചം തരൊല്ലേ!
ഒടുവിൽ നിൻ കാലടി-
പ്പൊടികൂടിത്തട്ടിയെൻ-
പടിവാതിൽ കൊട്ടിയടച്ചപോലെ
മറയൂ നിശാഗന്ധി സന്ധ്യേ,
നിന്‍റെ മറവിയുംകൂടി മറയ്ക്കൂ
നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ടുപോവുന്നു സന്ധ്യേ
നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ടുപോവുന്നു സന്ധ്യേ
അവസാനമവസാന-
മവസാനമീ യാത്ര-
യവസാനമവസാനമല്ലോ!
അവസാനമവസാന-
മവസാനമീ യാത്ര-
യവസാനമവസാനമല്ലോ!