രാമന്‍ വാണാലും രാവണന്‍ വാണാലും
കെ. അയ്യപ്പപ്പണിക്കർ

രാമന്‍ വാണാലും രാവണന്‍ വാണാലും
സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം;
രാവിതുപോയിപ്പകല്‍ വെളള വന്നാലും
നാവു നനയ്ക്കുവാന്‍ കണ്ണീര്‍ മാത്രം.
അഴിമതി നാടു വാഴുന്ന കാലം
അധികാരമുള്ളവരൊന്നുപോലെ.
ആമോദത്തോടവര്‍ ഭരിക്കും കാലം
ആപത്തവര്‍ക്കാര്‍ക്കുമില്ലതാനും
കള്ളവുമില്ലേ ചതിവുമില്ലേ
എള്ളോളം ചെറിയ പൊളിയുമില്ലേ.
വര്‍ണ്ണക്കൊടികളും ജാഥകളും
എല്ലാം കണക്കിനു തുല്യമായി.
പക്ഷപ്രതിപക്ഷകുക്ഷികളില്‍
ഭക്ഷണം തിങ്ങിയജീര്‍ണ്ണമായി,
വാലില്ലാത്താള്‍ക്കാരസംബ്ലികൂടി - സിംഹ-
വാലനെപ്പറ്റിത്തെറി പറഞ്ഞു.
പത്രക്കാരായതു വേലി കെട്ടി
പത്തായത്തിന്‍റെ പുറത്തെറിഞ്ഞു.
ജാതിമദിരാന്ധര്‍ തമ്മില്‍ത്തല്ലി
ഖ്യാതി പെരുത്തു വളര്‍ന്നീ നാട്ടില്‍
സോദരപ്പോരൊരു പോരല്ലല്ലോ
സൗഹൃദത്തിന്‍റെ കലക്കലല്ലോ
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തി ചൊരിഞ്ഞ മണ്ണില്‍
മരമൊക്കെയെങ്ങോ പറന്നുപോയി-ഇനി
മരമാരുവെട്ടുമെന്നാണു ശോദ്യം.
മരമണ്ടര്‍ നാമൊക്കെയുള്ളപ്പോള്‍ വേറെ
മരമെന്തിനു വേണമെന്നാണു ശോദ്യം.
പച്ചവിരിപ്പിട്ട സഹ്യനെങ്ങോ?
സ്വച്ഛാബ്ധി പാദോപധാനമെങ്ങോ?
വാ പൊളിച്ചെന്നാലണക്കെട്ടില്‍
മാമഴ വന്നു നിറയുമെന്നോ?
നെല്ലറയായുള്ള കുട്ടനാട്ടില്‍
നേപ്പാളനരിവന്നു കഞ്ഞിവീഴ്ത്തി
ഈട്ടിയും തേക്കും മുറിച്ചുമാറ്റി - നമ്മള്‍
യൂക്കാലിക്കൊച്ചനെ നാട്ടിനിര്‍ത്തി
മനഃസാക്ഷിപോലെ വലിഞ്ഞു പൂര്‍വ്വ -
സ്ഥിതി പൂകും റബ്ബര്‍ക്കറ വളര്‍ത്തി .
ഇടിവെട്ടി മഴകുത്തിപ്പെയ്ത നാട്ടില്‍
ഇടവപ്പാതി പാതിയായി
ഓണത്തപ്പന്‍ വന്നു ടൂറിസ്റ്റായി
മാവേലിസ്റ്റോറിലെ പയ്യനായി
മലനാടു മാറ്റി നാം ബുദ്ധിപൂര്‍വ്വം
മറുനാടു നമ്മുടെ നാടാക്കി.
ചിലരൊക്കെ മറുനാട്ടില്‍ പോകുന്നു - പലരും
ഇവിടം മറുനാടായ് മാറ്റുന്നു.
മദ്യമായാലും മറുനാടന്‍;
വസ്ത്രമായാലും മറുനാടന്‍;
പുസ്തകമൊക്കെ മറുനാടന്‍;
പുത്തരി കൂടി മറുനാടന്‍.
മലയേഴും കേറി വളര്‍ന്നോര്‍ നാം
നാടിതുപോയാല്‍ നമുക്കെന്തേ? മറു-
നാടുണ്ടു നമ്മള്‍ക്കു നാടായി.
ലോകമൊന്നാണെന്നൊരദ്വൈതം
ലോകത്തില്‍ നാം മാത്രമാദരിപ്പൂ.
ചേരികളേറെ വളര്‍ത്തി നാം ചേരി-
ചേരായ്മയിലൊരു ചേരിയായി.
പ്രകൃതിയെക്കീറിമുറിക്കുവോര്‍ തന്‍
വികൃതിക്കു കീര്‍ത്തനമാലപിപ്പൂ.
എവിടെത്തിരഞ്ഞെടുപ്പെത്തിയാലെ-
ന്തവിടെല്ലാം പൂത്ത കറന്‍സി മാത്രം .