ആറ്റക്കിളി
കെ പി കറുപ്പന്‍

അരുവിയാറ്റിന്‍റെ തീരത്തില്‍ കേരമാം
തരുവിന്‍ കൂമ്പടിയോലതന്‍ തുഞ്ചത്തില്‍
നിരുപമശോഭം തൂങ്ങിടു,മാറ്റത-
ന്നരുമക്കൂടെനിക്കുള്‍പ്രിയം ചേര്‍ക്കുന്നു.
ഉളിയില്ലാതെ,മുഴക്കോല്‍ തൊടാതെയും
ലളിതമാം ചെറുചുണ്ടിന്‍ സഹായത്താല്‍
മിളിതശോഭമിക്കൂടൊന്നു തീര്‍ത്താറ്റ-
ക്കിളി! നീ പൂംപുകള്‍ പാരില്‍ പരത്തുന്നു.
നിരൂപിക്കാന്‍കൂടി വയ്യാത്തമാതിരി-
യരുമക്കൂടൊന്നു നാരുകൊണ്ടുണ്ടാക്കി
പെരുമ പാരില്‍ പരത്തുവാന്‍ വിണ്‍തച്ച-
പ്പെരുമാളോടോ പഠിച്ചതെന്‍ പൈങ്കിളി?
കടലിന്നപ്പുറം വാഴുന്നവന്‍ കൂടി
കടന്നു വാഴ്ത്തിടും ശില്‍പമാം രത്നത്തെ
അടയ്ക്ക പോലുള്ള നീയാം ചിമിഴിങ്കല്‍
അടച്ചുവെച്ചതാരോമലേ!ചൊല്ലുമോ?