ആങ്കോന്തി കുരീപ്പുഴ ശ്രീകുമാർ |
---|
അങ്ങു പറഞ്ഞാല്‍
അങ്ങനെ തന്നെ
ഇങ്ങോട്ടെന്നാല്‍
ഇങ്ങനെതന്നെ.
വിങ്ങീം തേങ്ങീം
മഞ്ഞച്ചരടില്‍
കാഞ്ചനയോനി
കുരുക്കിയൊതുങ്ങി
ആണിന്നടിമക്കോലം കെട്ടി
പെറ്റു പെരുക്കീ ആങ്കോന്തി.
പണിക്കു പോയി
കിട്ടിയ ശമ്പളമതുപോല്‍ത്തന്നെ
ഭര്‍ത്താവിന്‍റെ പെട്ടിയിലിട്ട്
കള്ളുകുടിക്കാന്‍ കാശുകൊടുത്തോള്‍
ആങ്കോന്തി.
ങ്ങാക്കുഞ്ഞിനെ
മടിയില്‍ വച്ച്
കണ്ണു ചുരത്തീ ആങ്കോന്തി.
രാക്കടല്‍ കണ്ടിട്ടില്ല
അന്തിമയങ്ങിപ്പോയിട്ടെങ്ങും
പോയിട്ടില്ല.
അടിമപ്പണിയുടെ
അര്‍ത്ഥം നോക്കാന്‍
കിത്താബൊന്നും തൊട്ടിട്ടില്ല.
അങ്ങനെ,യൊട്ടും ജീവിക്കാതെ
അമ്പലവഴിയില്‍
തള്ളപ്പെട്ടോള്‍ ആങ്കോന്തി.