ബദാം പഗോഡ
കുരീപ്പുഴ ശ്രീകുമാർ

കൊടുംവെയിൽ
ബദാം പഗോഡയിൽ ഒരു
കിളികുടുംബത്തിൻ
സ്വരസമ്മേളനം
ഹരിതജാലകം തുളച്ചു ചൂടിലേ
ക്കെറിയുന്നുണ്ടവ
തണുത്തവാക്കുകൾ

അതു പെറുക്കിഞാൻ
തുടച്ചുനോക്കുമ്പോൾ
മൊഴികളൊക്കെയും
പ്രണയസൂചകം
ചിലതിൽ ജീവിതം
ദുരിതമെന്നൊരു
പരിതാപത്തിന്‍റെ
കഠിനവാചകം

ഒരു കുഞ്ഞിക്കിളി
കരീലത്തൂവലാൽ
ചിതറുന്നുണ്ടേതോ
വിഷാദദ്രാവകം
ചിലതിൽ വാത്സല്ല്യം
ചിലതിൽ നൈർമല്യം
പലതിലും തലതിരിഞ്ഞ
വിസ്മയം

ഒരുകിളി
ബുദ്ധകഥകൾ ചൊല്ലുന്നു
മറുകിളി
യുദ്ധവ്യഥകൾ പെയ്യുന്നു
ഉയർന്ന ചില്ലയിലൊരുത്തൻ
ചെന്നിരുന്നടയാളപ്പാട്ടിൻ
വരികൊരുക്കുന്നു

വളഞ്ഞകൊമ്പിൻമേലൊരുത്തി
മുട്ടകൾ തുലഞ്ഞതോർക്കുന്നു
ചിലച്ചുതേങ്ങുന്നു
പൊടുന്നനെ
ജീവഭയത്തിൻ കാഹളം
മനുഷ്യസാമിപ്യം
മഴുവിൻ സാന്നിദ്ധ്യം.