ഇടപ്പള്ളിക്ക് ഒരു മാനസഗീതം
കുരീപ്പുഴ ശ്രീകുമാർ

ഒറ്റ നക്ഷത്രം മാത്രം
വിണ്ണിന്‍റെ മൂക്കുത്തി പോൽ
ഒറ്റ നക്ഷത്രം മാത്രം

സ്വപ്നങ്ങളെല്ലാം ചാരക്കൂനയായ് പ്രതീക്ഷയെ
സർപ്പങ്ങൾ കൊത്തിക്കൊന്ന നൊമ്പരം
ഗ്രീഷ്മത്തിന്‍റെ ചുംബനം
സിരയ്ക്കുള്ളിൽ കു
ത്തുന്നു
സ്നേഹോഷ്മള ശ്യാമസംഗീതം
വീണ്ടുമസ്ഥിയിൽ നഖം നീട്ടുമഗ്നിസഞ്ചാരം
മുഖത്തക്കങ്ങളമർത്തുന്ന ജീവിതാരവം
നെഞ്ചിലുഗ്രതൃഷ്ണതൻ ശാരദാശ്ളേഷം
സ്വരച്ഛേദം

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈ നഗരത്തിൻ തുപ്പലിൽ രക്തം പോലെ
യുദ്ധഭൂമിയിൽ പൂത്ത
പിച്ചകദു:ഖംപോലെ.

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈലോകത്തിന്‍റെ സത്യപീഠത്തിൽ
കാലംകൊള്ളിച്ച ചോദ്യം പോലെ.

ഉത്തരായനംവരെ കാത്തിരിക്കാതെ ധീരം
മൃത്യുവിൻ പുലിപ്പുറത്തേറിനീങ്ങിയോർവന്നു
മുട്ടുന്നു ഹൃത്തിൽ
തെരുക്കൂത്തിലെ കോമാളികൾ
ഒച്ചവച്ചടുത്തെത്തി പല്ലിളിക്കുന്നു ഉള്ളിൽ
സ്വപ്നങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു
വൃക്ഷക്കൊമ്പിൽ
കയറിൽ കുരുങ്ങിയ ലക്ഷ്യബോധത്തിൻ നാവിൽ
കയറിയുറുമ്പുകൾ ഉമ്മവെച്ചിറങ്ങുന്നു

മോഹങ്ങൾ സമാഗമവേളയിൽ ചവിട്ടേറ്റു
വീഴുന്നു നീലക്കിളി കരഞ്ഞേ പറക്കുന്നു

ധർമ്മമായ് ആരോതന്ന വസ്ത്റങ്ങളണിയുമ്പോൾ
പൊള്ളുന്നുദേഹം ഘോരരൂപിയാം ദാരിദ്ര്യത്തിൻ
നർത്തനാവേശം വെട്ടിമാറുവാനറിയാത്ത
കളരിക്കുള്ളിൽ വാസം
പച്ചകളെല്ലാം സങ്കൽപ്പങ്ങളിൽമാത്രം
മഹാദു:ഖങ്ങളെത്രസത്യം

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈദ്വീപിൽ തീർത്തുമൊറ്റയ്ക്ക്
കൊടുംവെയിൽച്ചൂട്ടുകത്തുന്നു കാലിൽ

ന്യൂനമർദ്ദങ്ങൾ കടഞ്ഞൂതുന്ന കാലത്തിന്‍റെ
വേഗത മടങ്ങുന്ന വാക്കുകൾ വിളഞ്ഞിട്ടും
സൂര്യസത്രത്തിൽ ചെന്നു ചേക്കേറുമത്യുജ്ജ്വല
ഭാവകാന്തിയായ് ആത്മവൈഖരി വളർന്നിട്ടും
രാവുകൾ കൊത്തിത്തിന്നു വീഴ്കയാണിടപ്പള്ളി
തീവ്രമാം വിഷാദത്തിന്നസ്ത്രശയ്യയിൽ രോഗം
ബാധിച്ചതടുക്കിൻമേൽ ദാഹങ്ങളിരിക്കുന്നു
വേരുകൾ പൊട്ടിപ്പോയ ജീവിതം വരളുന്നു

മറുഭാഷകൾചൊല്ലി സ്തോത്രമാടുന്നു ഭ്രാന്തിൻ
മുളകൾ നുള്ളാൻവന്ന നാട്യശാസ്ത്രങ്ങൾ നിത്യം
കടമായ്കൂടും വന്ധ്യദിനരാത്രങ്ങൾ വന്നു
സ്മൃതിയിൽ മൃതിപ്പാത്രം വച്ചു കാത്തിരിക്കുന്നു

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈ വേനൽക്കാലം
പൊട്ടിച്ചമരത്തിന്‍റെ നഗ്നയൌവ്വനംപോലെ

ഇന്നുഞാൻ കാതോർക്കുമ്പോൾ ഞെട്ടുന്നു
മനസ്സിന്‍റെയുമ്മറത്ത്
ഇടപ്പള്ളി അലറി മരിക്കുന്നു