ഗദ്ദറിന്
കുരീപ്പുഴ ശ്രീകുമാർ

തെന്നാലിയില്‍ നിന്നും തെക്കോട്ടടിക്കുന്നു
തെമ്മാടിപ്പാട്ടിന്‍ കൊടുങ്കാറ്റ്
ശ്രീകാകുളത്തും ഖമ്മത്തും ഗുണ്ടൂരും
തീ പിടിപ്പിച്ച ചെറുത്തുനില്‍പ്പ്

ചാര്‍മിനാര്‍ തൊട്ടു കൊടുങ്കാറ്റ്
ശ്രീശ്രീക്കവിത കുടിക്കുന്നു
നൊന്തു മരിച്ച തെലുങ്കന്‍റെ
സംഗീതമേറ്റ കൊടുങ്കാറ്റ്
കെട്ടഴിച്ചാരു തൊടുത്തു വിട്ടു ?
ഗദ്ദര്‍ , മനുഷ്യന്‍റെ പാട്ടുകാരന്‍ .

ഗദ്ദര്‍ ,സുഹൃത്തേ,യിരമ്പുന്നു മണ്ണി ന്‍റെ
രക്തത്തില്‍ നീ പെയ്ത കാവ്യപ്പെരുമഴ .

ദൂരെയിക്കായലിറമ്പത്ത് ഞാന്‍ ദുഃഖ
ജീവിതച്ചൂടി പിരിക്കുമ്പോള്‍
റായലസീമയില്‍ ഗദ്ദറിന്‍റെ
തീയൊടുങ്ങാത്ത വയല്‍പ്പാട്ട്.

ഞാന്‍ പിറക്കും മുന്‍പു കേരളത്തില്‍
ഞാറിനോടൊപ്പം തെഴുത്തുപാട്ട്
നാട്ടിലെപ്പാടങ്ങള്‍ വീടുകളായ്
പാട്ടിലെ പുലി പോയി പുല്ലു തിന്നു
ഏറ്റുമുട്ടിത്തോറ്റ രക്തസാക്ഷി
ചോദ്യമായെന്നില്‍ തിളയ്ക്കുമ്പോള്‍
വെടിയേറ്റ നെഞ്ചിലെ സ്വപ്നവേരില്‍
പിടിമുറുക്കുന്നു ചുവന്ന ഗദ്ദര്‍ .

ഗദ്ദര്‍ ,സഖാവേ ,മുഴങ്ങുന്നു മണ്ണിന്‍റെ
രക്തത്തില്‍ നീ പെയ്ത കാവ്യപ്പെരുമ്പറ