മൈന കുരീപ്പുഴ ശ്രീകുമാർ |
---|
മഞ്ഞനിലാവിലിറങ്ങാറില്ല
അരളിക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൗഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.
കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താങ്കീരിപ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.
കാപ്പിയുടുപ്പ് കനകക്കൊക്ക്
കൊന്നപ്പൂവാല്‍ നേത്രാഭരണം
തുമ്പപ്പൂവാല്‍ അടിവസ്ത്രം.
കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈനയിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീയെമ്പ്രാട്ടീ.