അഹിംസ എൻ. കുമാരനാശാൻ |
---|
കഴൽ വിരവിലെടുക്കെടുക്കയി-
പ്പുഴു തുണയറ്റതു കൊന്നിടായ്ക നീ:
ചെറിയൊരുടലിതെന്നു നിന്ദ തോ-
ന്നരുതതുമീശ്വരനാണു ചെയ്തവൻ
അവനവികലജീവനാഥനീ
യവനിയിൽ വന്നതവങ്കൽ നിന്നു നീ
അളവകലുമവന്റെയൻപിനീ-
യെളിയ പുഴുക്കളുമംശഭാജികൾ
ദിവി രവിശശിതാരശോഭയു-
ണ്ടവനുടെ സൃഷ്ടിയിലാർക്കുമൊന്നുപോൽ
നവതൃണനിരകൊണ്ടു മൂടീടു
ന്നവനി നിനക്കുമിവയ്ക്കുമായവൻ
കളയുക പുനരല്പകാലമു
ള്ളെളിയ സുഖത്തൊടിരുന്നിടട്ടിവ
കലയുമൊരുമയിരേകിടാവതോ?
കളിയിലുമിന്നയി കൊന്നിടായ്ക നീ