അനുശോചനം
എൻ. കുമാരനാശാൻ

മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാൽ നികേതമേ,

ഉന്നിദ്രയുവഹൃത്തിൻ പ്രവാഹത്തിൽ
ധന്യവാർദ്ധക്യം സന്ധിച്ച ‘തീർത്ഥ’മേ,

മന്നിൽനിന്നു മറഞ്ഞിതോ വർഗ്ഗത്തെ-
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.

അറ്റത്തയ്യോ പരിമളശേഷമാ-
യൊറ്റയാമാ വിടർന്ന പൂവെന്നിയേ

അറ്റഞെട്ടാർന്നു നില്‍ക്കുന്നു കഷ്ടമീ-
യുറ്റ തീയസമുദായവല്ലരി.

വേറെ മൊട്ടീ ലതയിൽ വിടർന്നിടാ-
മേറെയേറിയ ഭംഗിയിലെങ്കിലും

കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടിൽ വിളങ്ങുമോ?

ചത്തവർക്കു കണക്കില്ലെയെന്നാലും
എത്ര പാർത്തു പഴകിയതാകിലും

ചിത്തത്തിൽക്കൂറിയന്നവർ പോകുമ്പോൾ
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.

എന്തിനല്ലെങ്കിലോർക്കുന്നു ഞാനിതി-
ങ്ങന്തകഭയം കൃത്യജ്ഞരാർന്നിടാ.

അന്ത്യശയ്യയിലുമമ്മഹാൻ‌തന്നെ-
ച്ചിന്തിച്ചീലതു വർഗ്ഗകാര്യോത്സുകൻ

സത്യമോർക്കിൽ മരണം‌മുതല്‍ക്കുതാ-
നുത്തമർക്കു തുടങ്ങുന്നു ജീവിതം.

അത്തലില്ലവർക്കന്നുതൊട്ടൂഴിയിൽ
എത്തുകില്ല കളങ്കം യശസ്സിലും.