ഗ്രാമവൃക്ഷത്തിലെ കുയിൽ
എൻ. കുമാരനാശാൻ

ഉഗ്രവ്രതൻ മുനി വസിക്കുമൊരൂരിൽ മാവി-
ന്നഗ്രത്തിലമ്പിനൊടു പാടിയിരുന്ന നീണാൾ,
കുഗ്രാമജന്തുപരിപീഡ സഹിച്ചു ചിന്താ-
വ്യഗ്രത്വമാർന്ന കുയിലോടൊരു ദേവനോതി:-

ഖേദിച്ചിടൊല്ല, കളകണ്ഠ, വിയത്തിൽ നോക്കി
രോദിച്ചിടൊല്ല, രുജയേകുമതിജ്ജനത്തിൽ
വേദിപ്പതില്ലിവിടെയുണ്മ തമ്മൊവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിൻ‌ഗുണങ്ങൾ

അമ്മാമുനിക്കുറ്റയൊരാശ്രമവൃക്ഷമെന്നാ-
യിമ്മാവിൽ നീ മമതയൂന്നിയ നാൾ തുടങ്ങി
സമ്മാന്യമായിതതു കേൾക്ക സഖേ, പ്രസിദ്ധം,
ചുമ്മാ പഴിപ്പു ഗുണിയെ ക്ഖലരീർഷ്യയാലെ,

വാവായ നാൾ ജനമിടും ബലിപിണ്ഡമുണ്ടു
പോവാൻ മടിച്ചു ചില കാക്കകൾ ചെന്നു പറ്റി
ഭാവാഗ്നിഏറ്റിടകരിഞ്ഞൊരു കുറ്റിപോലി-
മ്മാവാദ്യമാർന്ന നിലയിന്നു മറന്നു ലോകം.

അമ്പാലലിഞ്ഞൊഴുകീടും സുധയോടിടഞ്ഞ
നിൻപാട്ടു നിത്യമിതു കേട്ടു തളിർത്തു താനേ
കൊമ്പാഞ്ഞു വീശിയൊരു കാളിമ പൂണ്ടു വാച്ച
വമ്പാർന്നു പൊങ്ങി വിയദാഭ കലർന്നുവല്ലൊ.

ബദ്ധാനുരാഗമിതിൽ നീ കുടിവാണമൂലം
ശ്രദ്ധാർഹമായതിനെയോർത്തു ഖഗാന്തരങ്ങൾ
നല്‌ധാമമാക്കി നവശാഖകളെ, ച്ചുവട്ടി
ലിദ്ധാത്രിയിൽ തണലിൽ വാണുസുഖിച്ചു പാന്ഥർ

ബാലാരുണൻ കരദലാഗ്രമണച്ചിതിങ്കൽ
നീലാരുണാഭ തളിർമേലെഴുതുന്ന പോതും
ചേലായ്കഠോരവി പച്ചയിടുന്നു പോതും
നീ ലാക്കിലക്രിയ തുലോം ലഘുവാക്കി പാട്ടാൽ

ആപാദചൂഡമണിവാനിളമഞ്ഞരത്ന-
വ്യാപാരിയാകമൃതു മഞ്ജരികോർത്തിടുമ്പോൾ
ഈ പാദപത്തിൽ മമതാതിശയം വരുത്താൻ
നീ പാട്ടിനാലതിനെയും ഖഗ, പാട്ടിലാക്കി.

മന്ദാനിലൻ ജലധിശീകരമോഹനൻ നിൻ
ഛന്ദാനുവൃത്തി തുടരാനുടനേയണഞ്ഞു,
ത്വന്നാദമസ്സുമസുഗന്ധമൊടും പരത്തി-
യന്നാൾ നടന്നു മലയാചലസാനുതോറും.

സാരസ്യമാർന്നു ഖഗമേയുടനന്നീനാദം
ദൂരത്തിരുന്നു പികസന്തതിയേറ്റുപാടി;
തീരാത്ത മാറ്റൊലി ഗുഹാന്തരമാർന്നു; സിന്ധു-
തീരാന്തരങ്ങൾ വരെയധ്വനിയെത്തിനിന്നു.

തേമ്പൂർണ്ണമായിതൾ വിടർന്നളവേ ചുവന്ന
മാമ്പൂക്കൾ തൻ മൃദുലപാണ്ഡുരമാം പരാഗം
താമ്പൂണ്ടു വെണ്മതിരളും കരിവണ്ടുമില്ലി-
ക്കമ്പൂതി നല്‌ശ്രുതിപിടിച്ചു നിനക്കു പാട്ടിൽ.

ശേഷിച്ചു മോടി പലതും തികവാർന്ന ശോഭ
പോഷിച്ചു മാവിതിൽ മറഞ്ഞുരുശാഖതോറും
തോഷിച്ചുണഞ്ഞു ഭുവനദ്വയഭൂതിയോർത്തു
ഘോഷിച്ചു നീ ബഹുവസന്തമഹോത്സവങ്ങൾ

സ്കന്ദൻ മയൂരഹയമേറിയടുത്തു ദേവ-
വൃന്ദത്തൊടൊത്തു വൃക്ഷവാഹനനിങ്ങണഞ്ഞു
മന്ദം വിപഞ്ചികയെടുത്തു മരാളമേറി-
സ്സന്ദർഭമോർത്തു വിധിവല്ലഭ പോലുമെത്തി.

പൂ വീണു കീഴ് പരവതാനി വിരിച്ചു, ശാഖ
മേൽ‌വീശി വച്ചൊരതിസൌരഭമണ്ഡപത്തിൽ
മേവിസ്സുഖത്തൊടവർ നിൻ ശ്രുതിയജ്ഞമെന്നും
സേവിച്ചു:- ദേവതകളുത്സവസക്തരല്ലോ.

കണ്ണുറ്റ കൌതുകമൊടുത്തു തുറന്നു നല്ല
വിണ്ണുന്നമന്മ, ഖമിയന്നു മനുഷ്യർ നോക്കി;
എണ്ണുന്നതിന്നു കഴിയാത്ത വിധത്തിലാണും
പെണ്ണും നിരന്നു സുരരൊത്തു മഹോത്സവത്തിൽ.

വേഷത്തിലന്നിവരിയന്ന വെടുപ്പു, മോതും
ഭാഷയ്ക്കെഴുന്ന പരിശുദ്ധിയുമൊക്കെയോർത്തും
ദോഷം പെടാതിവരിലുള്ള നടത്ത കണ്ടും
തോഷം കലർന്നമരരേകിയനുഗ്രഹങ്ങൾ.

സമ്പർക്കമിങ്ങനെ ലഭിച്ചനുകമ്പയേറു-
മുമ്പർക്കു മർത്യരൊടു മൈത്രി ദൃഢീഭവിച്ചു,
സമ്പൽ സമൃദ്ധിയവരേകിയതും വിപത്തിൻ
വമ്പസ്തമിച്ചതുമിവർക്കു മറന്നുകൂടാ

എന്നല്ല, മർത്യരുടെ ദു:സ്ഥിതിയെക്കുറിച്ച
ചെന്നസ്സുധർമ്മയിലമർത്യർ നടത്തി വാദം;
അന്നന്നതമ്പൊടു ദിവസ്പതി കേട്ടലിഞ്ഞി;
തെന്നല്ല ഭാവിഗുണഹേതുവുമായതെല്ലാം.

ആതങ്കമറ്റിവർ വിളങ്ങുവതന്യജന്തു-
വ്രാതങ്ങൾ കണ്ടതുകൾ കൂട്ടി മഹങ്ങൾ വേറെ,
സ്വാതന്ത്ര്യസൌഖ്യവുമവറ്റ കൊതിച്ചു സൌമ്യ!
നീ തന്നെ പാർക്കിൽ വഴി കാറ്റിയതിങ്ങവർക്കും.

പിന്നെപ്‌ഫലപ്രസവകാലമിയന്നമാവിൽ
നിന്നെ ത്യജിച്ചുടനെ വാകയിൽ വണ്ടുപോയി;
തന്നെക്കുറിച്ചുമൊരു ചിന്തയെഴാതഹോ നീ
മുന്നെക്കണക്കതിലിരുന്നിതു മൂളിമൂളി.

സ്പഷ്ടം ദുരാഗ്രഹികളന്നുമുതൽക്കുമാവി-
ലിഷ്ടം ഭവാനു ഫലകാമനിമിത്തമെന്നായ്
കഷ്ടം നിനച്ചിതുലകിൽ പുതുതല്ല ഭദ്ര,
ശിഷ്ടന്‍റെ ശിഷ്ടതയിൽ ദുഷ്ടനു ദോഷബുദ്ധി.

ശുഷ്കാന്തിയിൽ പരഹിതവ്രതനാം ഭവാന്‍റെ
നിഷ്കാസനത്തിനിവരിൽ ചിലർ ചെയ്തു യത്നം
നിഷ്കാമകർമ്മപടുവിൻ നിലയെക്കുറിച്ച-
ശ്‌ശുഷ്കാന്തരംഗരറിയാത്തതു ശോച്യമല്ല.

കർണ്ണപ്രമോദകര, പിന്നെയുലഞ്ഞു പച്ച-
പ്പർണ്ണങ്ങളാം ചിറകിയന്ന പഴങ്ങൾ മാവിൽ
സ്വർണ്ണപ്രഭാശബളരക്തിമയാൽ കഴുത്തിൽ
വർണ്ണം തെളിഞ്ഞ ശുകപംക്തികൾ പോലെ തൂങ്ങി.

കണ്ടായവസ്ഥ കൃപണർക്കുടനിന്ദ്രിയങ്ങൾ
തിണ്ടാടി പൂനിഴലിലെശ്ശലഭങ്ങൾ പോലെ
വേണ്ടാസനങ്ങൾ ഫലിയാതെയവർക്കു വൈരം
നീണ്ടാർത്തുപിന്നെ നിധിനാഗമൊടൊത്തനിന്നിൽ.

കാകൻ മുതിർന്നു പകലാക്രമണം നടത്താൻ
രാ കണ്ടുവന്നു കടവാതിൽ കവർച്ച ചെയ്‌വാൻ
മാകന്ദശാഖയിലടിക്കടിയൊച്ചകൂട്ടി
നീ കല്യ, രാപ്പകൽ വസിച്ചിതവറ്റ തോറ്റു.

അത്യന്തമീർഷ്യയൊടുമിജ്ജളരോർപ്പിതാ നിൻ
സ്തുത്യർഹഭൂതികരമിസ്സഹകാരമെന്നായ്
സത്യം സ്വധർമ്മമിവ രണ്ടിലുമുള്ള നിന്‍റെ
നിത്യപ്രതിഷ്ഠയരുളുന്നു നിനക്കു ശക്തി

ഗോത്രപ്രവൃദ്ധമുനിതൻപുകൾ നാട്ടിൽ നാട്ടും
ഛാത്രവ്രജത്തിനു സുഖസ്ഥിതി ചേർക്കുവാനും
പാത്രത്വമോർത്തു പരമേശപദാർച്ചനയ്ക്കും
മാത്രംകൊടുത്തു ഫലഭാരമതാ രസാലം.

സ്വൈരം പ്രസൂതികൃശയായൊരു സാദ്ധ്വിയോടും
പാരം കറന്നകിടു വറ്റിയ ധേനുവോടും
സ്വാരസ്യമൊത്തുപമ തേടിയ മാവു പക്വ-
ഭാരം ക്ഷയിച്ചുടൽ ചടയ്ക്കുകിലും വിളങ്ങി.

ഭൂവാസമാർക്കുമതിദുസ്സഹമാക്കി വായ്ക്കും
ദേവാസുരാഹവവിപത്തിലുഴന്നുമിപ്പോൾ
ദാവാഗ്നിയേറ്റു വരളും ചുടുകാറ്റടിച്ചും
മാവാർത്തിപൂണ്ടില പൊഴിഞ്ഞു വലഞ്ഞു നില്പൂ.

ചൂതത്തെയിന്നെടിയ വേഴ്ച നിനച്ചു കൂറാ-
ർന്നാതങ്ക കാലമിതിലും വെടിയാത്തനിന്നെ
ചേതസ്സിൽ വച്ചവിരതം സ്ഥിരശീലർ വാഴ്ത്തു-
മാ തത്ത്വമിശ്ശഠജനം നിനയാ തരിമ്പും.

നീരാവി പൊങ്ങുവതു കണ്ടു നഭസ്സരസ്സിൽ
ധരാധരാഖ്യജലനീലി പരക്കുമെന്നും,
ധാരാളമായിടി മുഴങ്ങി നിലത്തു ഭേക-
മാരാവമിട്ടു മഴ പെയ്തു തുടങ്ങുമെന്നും,

പാഴായിടാതെ വരുണസ്തുതി പാടിയെത്തും
വേഴാമ്പലിൻ, ശ്രുതി മുഴങ്ങിയ ശീതവായു
നന്മാവിൽ മാരിയൊടടിച്ചതു ശാഖയാട്ടി-
യുന്മാദതാണ്ഡുവമൊടൊർത്തു കളിക്കുമെന്നും.

എന്നല്ലിവണ്ണമൃതു ചക്രദളങ്ങളോറോ-
ന്നെന്നും തിരിഞ്ഞുവരുമേറെ വസന്തമെത്തും,
അന്നന്നു പൂകുമിനിയും ഫലമേന്തുമാമ്ര-
മെന്നും സ്വയം സ്ഥിരചരിത്ര, ഭവാൻ നിനപ്പൂ- (വിശേഷകം)

‘നീ മൂളി വാഴുവതിനാൽ മുടിയുന്നു ഭൂമി-
യാമൂലമിത്തരു പാടുന്നിതു കേട്ടു തട്ടി’,
ഹാ! മൂർഖരിങ്ങനെ പഴിപ്പിതു; ദുർജ്ജനത്തിൻ
വാ മൂടുവാൻ പണി, അതോർത്തു വലഞ്ഞു താൻ നീ,

വേഷം മറച്ചു പലെടത്തുമഹോ നടന്നി-
പ്പാഷണ്ഡരീശഭയവും നയവും പെടാത്തോർ,
രോഷം മുഴുത്തു വെറുതേ രുചി പോലെ നിന്നിൽ
രോഷം ചുമത്തിയപവാദശതങ്ങൾ ചൊൽ‌വൂ.

അന്യന്‍റെ താളഗതിയെശ്ശണിയാതെ പാടും
വന്യൻ, വനപ്രിയനിവൻ, സ്വരഹീനകണ്ഠൻ,
മാന്യത്വമേറിയ മഹർഷിയെ മാനിയാത്ത
ശൂന്യശ്രമാർത്തനിവനിങ്ങനെയെന്നുവേണ്ട.

ശ്രംഗാരഗായകനിവൻ ജഡനെന്നൊരുത്തൻ,
തുംഗാഭിമാനി ശിഖരസ്ഥിതനെന്നൊരുത്തൻ,
ഭ്രംഗാഭപല്ലവപടച്ചര, നന്യഗേഹ-
സംഗാത്തദോഷ നതിപാംസുലനെന്നൊരുത്തൻ

ഈവണ്ണമന്യപരിഹാസവിമർദ്ദമേറ്റു
ധാവള്യമേറിയ ഭവദ്ഗുണമുജ്ജ്വലിക്കും;
ദൈവം പരന്‍റെ നുണ കേൾക്കുകയില്ല; സൌമ്യ!
കൈവന്നിടും ശുഭവിഭൂതി നിനക്കു മേന്മേൽ (വിശേഷകം)

ലേശാംശമിപ്പരിഷ ചൊൽ‌വൊരു ദോഷമുള്ളി-
ലേശാതെ ശുദ്ധഹൃദയാബ്ജമലിഞ്ഞു പാടി,
ആശാന്തരീക്ഷജലദഗ്രഹതാരചക്ര-
മീശാംഘ്രീരാഗമൊടു പാർത്തു രമിപ്പവൻ നീ.

സ്വാരാജ്യസീമകളെ നിർമ്മലരാഗവീചി-
ധാരാർദ്രമാകുമൊരു നിൻ കളലോലഗീതം
ദാരാഢ്യരയ വിഹതേന്ദ്രിയരാം സുരന്മാ-
രാരാൽ ശ്രവിച്ചു പുളകോദ്ഗമമാഹവിപ്പു.

വാദാന്തരത്തിൽ വിധിഗേഹമീയന്നുനിൻ ഹൃദ്
ഭേദാപഹാരി ഗളകാകളിയാൽ ലഭിപ്പു
നാദാനുസന്ധി പരയോഗി സമാധി സൌഖ്യം,
വേദാന്തിയദ്വയചിദേകരസാവഗാഹം

കണ്ഠത്തിനുള്ളൊരു വിശുദ്ധിയെ വെന്നെഴും നിൻ
കണ്ഠത്വമറ്റ പരിഭാസുരഹൃത്സരോജം
കണ്ടമ്പിലായതു സഖേ, പദപീഠമാക്കാ-
നുണ്ടന്തരംഗമതിലാശ മഹേശനിപ്പോൾ

എന്താണതില്പരമൊരാൾക്കു വരേണ്ടഭാഗ്യ-
മെന്താണു ധന്യതയിതിൽപ്പരമിജ്ജഗത്തിൽ
സന്തപ്തനാകൊല വൃഥാ ഖഗ ഹന്ത! ഭൂവിൽ
സ്വന്തപ്രഭാവമറിയാതുഴലുന്ന ദേഹി.

പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,
പാകാഢ്യമായിതു തപസ്സതുമല്ലയേലി-
ല്ലേകാന്തസക്തിയൊരു വസ്തുവിലും മഹാന്മാർ.

മാനവ്യതീതദയയും സ്വയമാർന്നു നിന്നി-
ലാ‍നന്ദധാമപതി ധർമ്മരഹസ്യഗോപ്താ,
ദീനത്വമേതുമിനി വേണ്ട സഖേ, ധരിക്ക
ഞാനസ്സ്വരാട്ടിനുടെ ദൂതനനിന്ദ്യനെന്നും.

മതികലുഷത മാറ്റീട്ടാത്മസമ്മർദ്ദനത്താൽ
സ്മൃതിപുടികയിൽ നിന്നും പൂർവ്വബോധം കണക്കെ
ദ്യുതി ചിതറി വെളിപ്പെട്ടൊട്ടു നിന്നൂർദ്ധ്വലോക-
ത്തതിമഹിതനവൻപിന്നുൽകപോൽ പോയ്മറഞ്ഞാൻ

ചിത്താനന്ദം കലർന്നക്കുയിലുടനെ ഖലന്മാരിൽ നിന്നേതുമാപ-
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാൽ പാപമേലായുവാനും
സത്താകും മാർഗ്ഗമെന്നായ് പഴയവസതി കൈവിട്ടുപൊങ്ങിപ്പറന്നി-
ട്ടുത്താലോദ്യാനമൊന്നാർന്നിതു പുരജനതാ കർണ്ണപുണ്യോൽകരത്താൽ.