ലീല
എൻ. കുമാരനാശാൻ
നളിനി അല്ലെങ്കിൽ ഒരു സ്നേഹം


ഒന്നാം സർഗ്ഗം



“പ്രണയ പരവശേ, ശുഭം നിന-
ക്കുണരുക, യുണ്ടൊരു ദിക്കിൽ നിൻ പ്രിയൻ;
ഗുണവതി, നെടുമോഹ നിദ്ര വി-
ട്ടുണരുക, ഞാൻ സഖി, നിന്‍റെ മാധവി“.


സരള മധുരമീവിധം വച-
സ്സൊരു വിധി വാട്ടിയ കർണ്ണവീഥിയിൽ
വിരവിനോടു പതിച്ചു, പിച്ചിമേൽ
വിരള നവാംബുദബിന്ദുവെന്നപോൽ.


ഉദയപുരമതിന്നുപാന്തമായ്
വിദിത മഹീധര സാനു ഭൂമിയിൽ
സദന സുമ വനത്തിലൊന്നിലു-
ന്മദമരുളും മധുമാസ രാത്രിയിൽ,


വിലസി നറുനിലാവെഴും ലതാ-
വലയമിയന്ന നിലത്തൊരോമലാൾ
വിലയവിവശമേനി, വീണ പൂ-
ങ്കുലയതുപോലെ കിടന്നിതേകയായ്.
(യുഗ്മകം)


ക്ഷിതിയിലഹഹ! മർത്യ ജീവിതം
പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം
പ്രതിനവരസമാ,മതോർക്കുകിൽ
കൃതികൾ മനുഷ്യ കഥാനു ഗായികൾ!


മരുവിയവിടെ മുമ്പു, ദുരമാം
മരുവിലകന്ന മഹാfപണങ്ങളിൽ
പെരുവഴി തുണ ചേർന്നു പോകുവോ-
രൊരുവകയാളുകൾ വൈശ്യ വൃത്തികൾ.


അവരുടെ കുലനാഥനുണ്ടൊരാൾ
അവനിയിൽ വിശ്രുതനർത്ഥപാലകൻ
അവനു തനയയായ് ജനിച്ചു പോ-
ലവികലമാനുഷ രൂപമാധുരീ.


ഭവന മണിവിളക്കു, സദ്ഗുണ-
പ്രവണതയാർന്നു വളർന്നു നന്ദിനി
അവനു മമതകൊണ്ടു തുല്യമാ-
യവളു, മസുക്കൾ, വസുക്കൾ താനുമേ.


കല, നിശിതകുശാഗ്രബുദ്ധിയാൾ
പലതു പഠിച്ചിതു ശക്തിപോലെയും
വലിയ ധനികനാം പിതാവുതൻ-
നിലയിൽ വിചക്ഷണ ലബ്ധിപോലെയും.


സകുതുകമഥ മത്സരിച്ചു താൻ
മികവൊടണിഞ്ഞിതു ശൈശവം മുതൽ
പ്രകൃതിയവളെയംഗകാന്തിയാൽ
സുകൃതി പിതാവു വിഭൂഷണങ്ങളാൽ.


ലലിത ലലിതമാർന്നു യൗവനം
കുലസുത ലീല-അതാണവൾക്കു പേർ;
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയിൽ മനസ്സു തിരിഞ്ഞപോലെപോം.


മകളൊടുമൊരിമിച്ചു യാത്രയാ-
യകലെയൊരിക്കൽ വണിഗ്വരൻ, തദാ
സകുതുകമവൾകണ്ടു വർത്തക-
പ്രകരമടുപ്പതു താവളങ്ങളിൽ.


കൊടിയ വെയിലുമുഗ്രവായുവും
പൊടിയുമിടഞ്ഞു മഹാമരുക്കളിൽ
കടലിൽ ബഹുചരക്കുമാളുമായ്
പടവുകൾപോൽ വരുമൊട്ടകങ്ങളും,


പടകുടികൾ വെടിഞ്ഞു കുന്നുതൻ-
കൊടുമുടിവിട്ട വലാഹകങ്ങൾപോൽ
നെടുവഴികളിൽ നീണ്ടവാഹന-
പ്പടയൊടുപോമുരു സാർത്ഥവാഹരും.


പല ജനത, പലേ നിബന്ധനം
പല നഗരം പല വേഷഭാഷകൾ
പലതുമിതുകണക്കണഞ്ഞുക-
ണ്ട,ലമവൾ മോദവുമാർന്നു ബോധവും.
(വിശേഷകം)


വിഭവ,മതുകണക്കെ വിദ്യ,യീ-
സുഭഗത, ശോഭന, യൗവനാഗമം;
ശുഭഗുണയിവയിൽ ചരിക്കയാ-
യഭിമതവാപിയിൽ മുഗ്ദ്ധഹംസിപോൽ.


കരുതരുതുരു ഭുതികാൺകിലും
സ്ഥിരശുഭയാണിഹ ലീലയെന്നു നാം;
പരമരുചിരമാമഹർമ്മുഖം
ചരമധരോപരി കാറു നിൽക്കവേ.


ശരി, ഹതവിധിയായ മേഘമാർ-
‍ന്നിരുളുപരന്നിത, ലോകയാത്രയിൽ
മുറുകി വലിയ കോളു, കന്യയാം
ചെറുകളിവഞ്ചി കുടുങ്ങിയാടലിൽ.


വിജയപുരനിവാസി, വർത്തക-
വ്രജപതി, യാവഴിപോന്നുവന്നൊരാൾ
സ്വജനമൊടുവരിച്ചു ലീലയെ,
നിജസുതനായി വധൂകരിക്കുവാൻ


കമന, നഥ മകൾക്കവൻ‌ യുവാ
സമധനവംശനിണങ്ങുമെന്നുതാൻ
മമതയൊടുമുറച്ചുചെയ്തുപോയ്
സമയവുമങ്ങനെയർത്ഥപാലകൻ.


അവിഹിത മിഹ രക്ഷ്യരോടൊരാൾ-
ക്കവികലമാം പ്രഭുഭാവം; അല്ലതും
യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ.


‘മദന‘നിതി പുകഴ്ന്നു, മാധുരീ-
സദനമതായ സഖാ, ഗുണോത്തരൻ,
സദന നികടവർത്തിയുണ്ടൊരാൾ;
ഹൃദയമവന്നവൾ നൽകി മുന്നമേ.


ദുഹിതൃപരിണയോത്സവം യഥാ-
വിഹിതമൊരുക്കി വഴിക്കുവർത്തകൻ;
അഹഹ! പിതൃനിയോഗഖിന്ന, ദു-
സ്സഹമഴലപ്പൊഴറിഞ്ഞു ബാലിക.


പഴകിയതരുവല്ലി മാറ്റിടാം,
പുഴയൊഴുകുംവഴി വേറെയാക്കിടാം,
കഴിയുമവ;-മനസ്വിമാർ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ.


ഗുരുജനവചനം, കുലക്രമം,
തരുണികൾ തന്നുടെയസ്വതന്ത്രത,
കരുതിയിവ മറച്ചു കാമിതം
കരുമന പൂണ്ടിവൾ കാട്ടി ലൗകികം.


വിനയവതിയുഴിഞ്ഞു വിട്ടിടാം
ജനകഹിതത്തിനു തന്നെ തൻ‌ഹിതം;
അനഘനവ,നനന്യരാഗ,നാ-
യനുകനെയെങ്ങനെയാഴ്ത്തുമാർത്തിയിൽ?


കദനമതൊഴിയാതെ കഷ്ടമീ-
മദനഗതാശയ മാഴ്കി,-നിഷ്ഫലം
വിദയനിയതി, ദുസ്തരൗഘ,-യാ
നദിയെയെതിർത്തൊരു ജന്തുനീന്തുമോ?


സ്ഫുടമഥ വകതെറ്റിയേറ്റുമ-
ക്കൊടിയിയലും ധ്വജകോടിയെന്നപോൽ
ഒടുവിലവൾ വിവാഹമംഗളം
തടവി ഗളത്തില,നിഷ്ടദർശനം.


സുതയിലകമലിഞ്ഞു തൽ‌പതി-
ക്കതി ഗുണിതം ധനമേകി പോൽധനി
നദി വഴിയുദധിക്കുമേകുമി-
ങ്ങുദക സമൃദ്ധി ഘനാഢ്യനാം ഗിരി.


പ്രണയിയൊടു പിരിഞ്ഞു നാഥനോ-
ടണവതിനാക്കുമവൾക്കെഴുന്നഴൽ,
ഇണയെയകലെ വിട്ടു ദുരെ നിർ-
ഘൃണമിഹ വിറ്റ കപോതി ചൊൽകിലാം.


ഘനരുജയൊടു യാത്ര കൂട്ടുമ-
ജ്ജനക വിയോഗ മറിഞ്ഞതില്ലവൾ;
മനമഭിഹതമസ്തരാഗമാം,
സ്വനമിയലില്ല തകർന്ന വീണയിൽ.


സുതയുടെ മുഖമാധികർശിതം
ഗതനഥ ഖേദമൊടോർത്തു വർത്തകൻ;
അതു നിജ വിരഹാർത്തി മൂലമെ-
ന്നഥ കരുതീട്ടവനാശ്വസിക്കയായ്


വരസുഖ വിഭവങ്ങൾ മേൽക്കുമേൽ
വരനരുളുന്നതവൾക്കു ദു:ഖമായ്;
നരഹൃദയമതിന്നു ഭാവനാ-
പരികരമെങ്ങനെ, ഭോഗമെങ്ങനെ.


പതി പിതൃ കൃതനോർക്കിൽ യോഗ്യനാം;
കൃതമതിയാമവൾ,-എന്തഹോ ഫലം!
ക്ഷിതിയിലൊരു പുമാന്‍റെയെന്നിയേ
സതികൾ പരന്‍റെ ഗുണങ്ങൾ കാണുമോ?


ഘടന പതി വിലാസി ചെയ്കിലും
പിടമൃഗനേത്ര കൃപാർദ്രയാകിലും
സ്ഫുടമകലിയാതെ മേവിനാൾ
തടശില പോലെ തരംഗലീലയിൽ.


ദിനവു,മിതു കണക്കെ മാസവും,
പുനരഥപോ,യതി ദീർഘമബ്ദവും;
ഗുണവതിയവൾ നിന്നു നിഷ്ഠയിൽ
പ്രണയജമാമഴലെത്തി കാഷ്ഠയിൽ.


‘പിണയുമിനി വിപത്ത,ശക്തയീ-
പ്രണയിനി’യെന്നഥ ഹന്ത! കാട്ടിനാൻ
ക്ഷണ,മകരുണ, മന്യവൈഭവം
ഗുണ പരിണാമ പരീക്ഷകൻ വിധി!


അവളുടെ ശയനീയ ശായിയാ-
മവനൊരു ഷസ്സിലുണർന്നിടാതെയായ്;
യുവതയെവിടെ? - ജന്തുവിന്നു ഹാ!
വിവൃതകവാട,യനാരതം മൃതി.


അയി സുഭഗ! വെടിഞ്ഞു ഭൂമി നീ,
പ്രിയയുടെ രാഗമറിഞ്ഞതില്ലെടോ,
നിയതിഹതനിതോർക്കുകിൽ ഭവാൻ!
സ്വയമഭിമാനകൃതാർത്ഥനെങ്കിലും.


ഒടുവിലഹഹ! ബന്ധുരോദനം
നടുവിലശങ്കമവന്‍റെ യായുടൽ
ചടുലശിഖയിൽ നിർദ്ദയോദ്യമൻ
ഝടിതി ദഹിച്ചു ചിതാഹുതാശനൻ.


വിവിധ ഹൃദയവൃത്തിവിദ്ധയായ്,
വിവശതയാർന്നു, വിതന്തുവാമവൾ
മൃഗയുവതി കിരാതമുക്തയായ്
വൃകനിര തൻ‌വഴി ചെന്നുവീണപോൽ.


“പതിയെ യനുമരിച്ചു പുണ്യവും,
സതികൾപെറുന്നു, സമഞ്ജ, സൗഖ്യവും
വിധവ,വിദയ,വക്രശീലയീ-
വിധമിഹവാഴുകയായി പാപ ഞാൻ!!


പലരിനിയശുഭങ്ങളോർത്തിടാം,
പലരപവാദശരങ്ങൾ തൂകിടാം,
ഹതയിവളിൽ;-അഹോ! ഗുണത്തിനാം
പതിവനിതയ്ക്കനഭീഷ്ടനെങ്കിലും


പരമരിയ കിനാവിലെ പ്ഫലം
പറക, മന:ഖഗ, നീ ഭുജിക്കുമോ?
ഉരുരസമതുനോക്കിയേതിൽ നീ
മരുവിയി,താക്കനി വീണുപോയിതേ!“


ഇതി പലവിധമോർത്തുഴന്നു തൻ-
മതി, യവളന്നുരു പീഡതേടിനാൾ;
എതിരിടുമഴൽതാങ്ങുമാരു, മാ-
ർക്കതിരുജ ഭാവിഭയങ്ങൾ നൽകിടാ?


ഇളകിലുമിതുപോലവൾക്കുടൻ
ഗളിതഭയം, മദനോന്മുഖം മനം,
കള ഝടിതി പറിച്ചുഖിന്നമാം
മുളയതുപോലെ മുതിർന്നു പൊങ്ങുവാൻ.


വിനയവിഹിതദുഃഖ,വൈശ്യയീ-
യനുകനു മാനസപത്നി മുന്നമേ,
പുനരവരിലനിന്ദ്യ മംഗനാ-
ജനമതിനന്നു പുനർ വിവാഹവും,


വിശസനമതിൽ വാടിവീണിടും
ശ്വശുരരെ വിട്ടവൾ വല്ലവാറുമേ,
മദനനരികിൽ വാണു രമ്യമാ-
‘മുദയപുരി‘ക്കു മടങ്ങിയാത്രയായ്.


പരിജനമൊടു തണ്ടിലേറി വൻ-
പെരുവഴി തള്ളിയഖേദമുത്സുക,
ഒരു വഴിയെയൊഴുക്കു കാറ്റുമായ്,
ത്വരയൊടു പോം ചെറുതോണിപോലിവൾ.


പരിസര മതിലെത്തി ലക്ഷ്യമായ്
ചിരവിധുരം പിതൃസൗധമെങ്കിലും
ഉഴറിയുടനവൾക്കു തൃഷ്ണയാൽ
മിഴി, മദനാകൃതി മുമ്പു കാണുവാൻ.


പുനരുരു ദമ മാർന്നടുക്കുമ-
ഗ്ഗുണവതി ശൈശവ ഭാവനീതയായ്
ജനക ജനനിമാരെയോർത്തു കാൽ-
ക്ഷണമിടരാർന്നിതു കുട്ടിപോലവൾ.


“ചിരവിരഹിതരെന്നെയിന്നു ഹാ!
വിരവൊടു കണ്ടിടുമച്ഛനമ്മമാർ
ചൊരിയുമുടനെയശ്രുഹൃഷ്ടരായ്,
ചരിതമറിഞ്ഞഥ ഖിന്നരായുമേ!


ബത! ബഹുതരഭാഗ്യമഗ്നയാം
സുത ഹതദൈവ, യിവണ്ണമായിതേ!
ഹിതജനക, ഭവാനെ ഹേതുവായ്
സ്ഥിതിയിതിനോർപ്പതു, മോർത്തുമില്ലിവൾ.


തരുണിയുടെ ബലം വിശുദ്ധി, വേ-
റൊരു പൊരുളല്ലബലയ്ക്കതേ ബലം;
പരമതിനിഹ ഭംഗമേകുവാൻ
കരുതിയൊരെൻ വിധിയെത്ര ഘോരനാം!


പ്രഭുതയിതഥവാ നിനക്കുതാ-
നഭിജന സങ്കട ദേശചർ‌യ്യമേ,
അഭയമണവു നിന്നെ ഹാ! ജനം,
പ്രഭവ മനർത്ഥപരമ്പരയ്ക്കു നീ!


അകതളിരെയറുപ്പു ഹന്ത! ധീ-
വികലതയേകി വലപ്പു,വെത്രതാൻ,
അകരുണമനവദ്യ ലോകരെ-
പ്പകയൊടുകൊൽ‌വു പിശാചവൃത്തി നീ!“


പലതിതി ഭയശോകരാഗ സം-
കുലമുഴറിക്കമനിക്കു തൽക്ഷണം
ചല ഹൃദയ മിയന്നു ചിത്രമാം
ജലധരകാല ദിനാന്ത ലക്ഷണം.


അഥ ശിബികയിറക്കി വാതിലിൽ,
ദ്രുതമവൾ നോക്കി ഗൃഹം ഗതോത്സവം;
വ്യഥതടവി; യകത്തു നിന്നുടൻ-
ഭൃതകരണഞ്ഞു-പിതാക്കളല്ലഹോ!


പരിജനമുരചെയ്തു, തൽ‌പിതാ-
ധരണി വെടിഞ്ഞൊരു മാസമായതും
പെരുകുമഴൽ കെടാൻ ചിതാഗ്നിയാം
സരസിയിൽ മുങ്ങി ജനിത്രിപോയതും.


പരമിവളഴലാർന്നതോതുവാ-
നരുതഥവാ-ദൃഢരാഗബന്ധമേ,
പരഭയമതിൽ നിന്നു ജീ‍വിതം
കരയണയിക്കുമദൃശ്യബന്ധു നീ!


അവികലമഥ തന്നധീനമാ-
യവധി വെടിഞ്ഞ പിതൃസ്വമെങ്കിലും
അവിടെ വിലമതിച്ചതൊന്നുതാ-
നവളതു തന്‍റെ സഖീസമാഗമം.


ചിരവിരഹമകന്നു തോഴിയാൾ
പരമഥ മോദ മിയന്നുവെങ്കിലും
വിരവൊടു പറയേണ്ടിവന്നു ഹാ!
വിരസതരം മദനന്‍റെ വാർത്തതാൻ.


പ്രതിഹതികളകന്നഭീഷ്ടനാം
പതിയുടെ വേഴ്ചയിലാശ തേടവേ
ചതുരയിവളൊഴിഞ്ഞു,ചൊല്ലുവാൻ
മുതിരുവതാരതു ലീലയോടഹോ!


അപഥമതിലവൻ നടന്നതി,-
ല്ലപരയെയോർത്തതുമില്ല നാരിയായ്
അപകൃതനവളോടു വൈരമി-
ല്ലപചയ മാർന്നതുമില്ല സൗഹൃദം.


അരിയ മകളെ വിട്ടുവർത്തകൻ
തിരിയെ നിജാലയമെത്തിയോരുനാൾ,
ചരിതമവനറിഞ്ഞു, പിന്നെയാ-
പ്പുരിയവനെബ്ബത! കണ്ടതില്ലപോൽ!


ചെറുതു വികലബുദ്ധിപോലവൻ
തിരിയുവതന്നു സഖാക്കൾകണ്ടുപോൽ,
ഒരു കഥയുമതിന്നുശേഷ മി-
ങ്ങറിവതു മില്ലൊരു തുമ്പുമില്ലപോൽ.


വിധുരതയൊടു നീ തിരഞ്ഞൊരാ
നിധിയിത ഹാ! സതി, ശൂന്യഭാണ്ഡമായ്
ധൃതി തടവുക, യാർന്നിടാം ശുഭേ,
ച്യുതിയിഹ, ചുണ്ടിലണഞ്ഞപേയവും


ഇടരിനവധിയെത്തുവാനഹോ
തുടരുകയായ് സ്ഥിരശീല പിന്നെയും
ഇടയിലിഹ മഹാനിപാതയാം
തടിനി കണക്കെ തകർന്ന ജീവിതം.


പ്രിയതമനിലഥ പ്രവൃദ്ധമായ്
പ്രിയതയവൾക്കകതാരിലഞ്ജസാ
സ്വയമവനിവൾ മൂലമല്ലി ഹാ!
നിയതമകന്നു ജനാവലോകനം.


പ്രണയി, നിയത രാഗപാത്രമാം
പ്രണയിനിയാൾക്കപരാധിയെങ്കിലും;
ഗുണനിധിയിവനോടവൾക്കെഴും-
ഗണനയതോർക്കുകിലെത്രയേറണം?


അവിരളമഥപെയ്തു കണ്ണുനീ-
രവൾ, കുലനായിക, പോക്കി നാളുകൾ;
അവിഹിതത മറച്ചു നിന്നു ഹാ!
യവനിക പോൽ പിതൃശോക സംഗതി.


പ്രഥിതരഥ യുവാക്കളെത്തിപോൽ
സ്ഥിതിയറിയാതെ മനം ഹരിക്കുവാൻ;
വ്യഥിത, യുഡു ഗണങ്ങൾ ചൂഴിലും
ഗത വിധുവാം നിശപോലെ വാണിവൾ.


കൊതിയസുലഭ വസ്തുവിങ്കലായ്
മതികെടു മാറിനി മാഴ്കുമെത്രനാൾ
വിദുഷിയിവൾ-അഹോ! നിനയ്ക്കുകിൽ
ഹൃദയികളിങ്ങനെ തന്നെ ധന്യരാം.


വിലയെഴു മനുരാഗ മത്തലാൽ
തുലയുവതല്ല; മറിച്ചു മേൽക്കുമേൽ
വിലസിടു, മടിയേറ്റ വെള്ളിപോ,-
ലുലയതിലൂതിയ പൊന്നുപോലെയും.


വാടിപ്പെൺ കൊടി,യനുവാസരം വലഞ്ഞാ-
ളേവം, തല്‍പ്രിയതമനെ വിദഗ്ദ്ധയിഷ്ടതോഴി
തേടിപ്പോയ്, ശ്രുതിയുടെ ദൂരലീനമാകും
ഭാവത്തെ പ്രണിഹിതയായ ബുദ്ധിപോലെ


ഓരാണ്ടവൾ തിരഞ്ഞു കണ്ടൊടുവി-
ലേകയായ് രാത്രിയിൽ
സ്ഥിരാശ്രുതയൊരാബ്ദികീ, സുതിഥി-
പോലെ പോന്നെത്തിനാൾ;
ചിരാർദ്ദിത ശയിച്ചു ചന്ദ്രികയി-
ലോർക്കുവിൻ ‘ലീല‘-യാ-
വരാംഗിയൊടണഞ്ഞു വാങ്മധു-
പൊഴിഞ്ഞതിത്തോഴി താൻ.


രണ്ടാം സർഗ്ഗം




മൊഴി കേട്ടിമവെട്ടി വീർത്തുടൻ
മിഴി ചാച്ചമ്പൊടു നോക്കി തോഴിയെ,
അഴൽ നീക്കു മുഷസ്സെയാർത്തിയാ-
ലുഴലും പദ്മിനിപോലെ സുന്ദരി.


സമഭിജ്ഞ കലർന്നു വിസ്മൃത-
ക്ലമ, കൈത്താരുകൾ പൊക്കിയോമലാൾ
സമസൗഹൃദ, താങ്ങിയംഗ മു-
ന്നമനോൽക്കം തഴുകീടിനാൾ സഖി.


നിമിഷം സ്ഥിതി നോക്കിനിന്നു, സം-
ക്രമിത സ്നേഹ, മൊഴുക്കുലയ്ക്കയാൽ
കമലങ്ങൾ കണക്കെ തങ്ങളിൽ
കമനീയാസ്യകളാഞ്ഞു പുൽകിനാർ.


“പ്രിയനെങ്ങു സഖീ,യനാമയ
ക്ഷയമില്ലല്ലിയവന്നു; ചൊല്ലു നീ;
പ്രിയവാദിനി, നിന്നൊടാ ചിര-
പ്രയതൻ പോന്നു വരാഞ്ഞതെന്തവൻ?”


പ്രണയാതുരയേവമന്തരാ
തുണയാം തോഴിയെ നോക്കിയോതിനാൾ;
ക്ഷണമാ സുകുമാരി മേലെഴും
മണലിൻ പാടുതലോടി നിന്നിവൾ.


“പറകെൻ പ്രിയതോഴി”യെന്നഹോ!
മുറയായാളുടനല്പഭാഷിണി,
“പറയാം സഖി”യെന്നുരച്ചു പുൽ-
ത്തറയിൽ താങ്ങിയിരുത്തി മാധവി.


ഉരചെയ്തു: “പൊറുക്ക, സംഭവം
വരുമെൻ തോഴിയതാതുതൻ വഴി
പരിണാമി മനുഷ്യജീവിതം
സ്ഥിരമാം സ്നേഹമനാഥമൂഴിയിൽ.


അറിവില്ലനുരാഗമേറെയാ-
ളറിവോർ തെറ്റിടു, മൊക്കെയൊക്കുകിൽ
നിറവേറുകയില്ല കാമിതം,
കുറയും ഹാ! സഖി, ഭാഗ്യശാലികൾ.


പ്രിയതോഴി! യിതോർത്തുമിന്നു നിൻ-
പ്രിയനസ്വസ്ഥനതോർത്തുമൊക്കെ നാം
ഭയമെന്നു നിനയ്ക്കു ഭാവി, നിർ
ഭയമെന്നാലതു ഭാഗ്യമെന്നുമേ.”


സഖി ചൊൽ‌വതിനുള്ളിലാപ്രിയോ-
ന്മുഖി ചോദിച്ചിതു പാരമാർത്തിയാൽ.
“അയി തോഴിയസൗഖ്യമെന്തഹോ!
ദയിതന്നെന്തു തടസ്ഥയായി നീ?


നരനേതു വിപത്തുതാൻ വരി-
ല്ലുരചെയ്തീടുകയജ്ഞയല്ല ഞാൻ,
പരമാ മുഖമൊന്നു കാണുവാൻ
ത്വരയുള്ളിൽ-തരമാകുമോ സഖീ?”


ഇതുകേട്ടനുകമ്പയേറി നീ
ഷ്കുതുകം വാർത്ത തുടർന്നു തോഴിയാൾ
സ്ഥിതിയോർത്തു വിഡംബനാർത്ഥമായ്
കൃതി കൈക്കൊൾവു ചിലപ്പോഴേവരും.


“മരുഭൂക്കളിനൊക്കെയപ്പുറ-
ത്തുരു ദൂരത്തുപദക്ഷിണാപഥം
ഉരസുന്നു നഭസ്സെ ‘വിന്ധ്യ’ നാം
പുരു മേഘാംബരഡംബരൻ ഗിരി.


പരിണാഹമെഴും മഹാവനം
ഹരിതാഭം തടവുന്നു സാനുമാൻ
പരപാർശ്വ മതിൽ ചരിപ്പു സ-
സ്വര ‘രേവാ’നദി സാഗരോന്മുഖി.


അവിളംബ മണഞ്ഞു കണ്ടുഞാ-
നവിടെ സ്സോദരി, നിന്‍റെ കാന്തനെ;
അവനെന്നറിയില്ല, ദുഃസ്ഥനാ-
ണവനത്തിന്നു വനത്തിലില്ലൊരാൾ


തനിയേയഴൽ പൂണ്ടു-തോന്നിടും
കനിവാർക്കും-കൃശഗാത്രനായവൻ
വനവഹ്നി തകർത്ത ശൈലമൊ-
ത്തനവദ്യാകൃതിയസ്ഥിശേഷനായ്


മൃഗപക്ഷികളോടു ചേർന്നുടൻ
ഭൃഗുവിൽ പ്രേതസമം നടന്നിടും
അകലത്തിലു മാളു കാൺകിലാ-
വികലാത്മാ വിടുമപ്പൊഴ സ്ഥലം


അതുകൊണ്ടഫല പ്രയാസയാ-
യതുല സ്നേഹനിധേ, മടങ്ങിനേൻ,
കൃതകൃത്യതയെങ്ങസാധ്യമാം
കൃതിയിൽ-കേട്ടിതു പിന്നെ വാർത്ത ഞാൻ


പലജന്തുപരീതനാമവൻ
നില കണ്ടാർദ്രതയാൽ സനാഥകൾ,
മല വേട്ട വെടിഞ്ഞു ദൂരവേ
വിലപിപ്പൂ, സഖി! വേടനാരിമാർ.


അവരോതിയശേഷമോമലേ
വിവരം കാനനപക്കണസ്ഥകൾ
പുരവാസികൾ തന്നനാർജ്ജവം
തിരിയാത്തോരതിശുദ്ധശീലകൾ.


ഇവർ കണ്ടൊരു രണ്ടുകൊല്ലമാം,
സവിധത്തിൽ സഖി, യന്നു സുന്ദരൻ,
അവശൻ ബത! ‘ലീല’ ‘ലീല’യെ-
ന്നവിടെപ്പാടി നടന്നു പോലവൻ.”


ഇതുകേട്ടകതാർ ഞടുങ്ങിയുൽ-
സ്രുതമായശ്രു കവിൾത്തടങ്ങളിൽ
വിതതേക്ഷണയാൾക്ക്; വിസ്ഫുരി-
ച്ചതു, കണ്ടാൾ സഖി വെണ്ണിലാവതിൽ.


ഇടറുന്നിതു കണ്ഠമസ്സഖി-
ക്കുടനാശിക്ഷിത ചിത്തമാരഹോ!
തുടരുന്നിതു ചൊൽക, കേൾക്കയും
സ്ഫുടമന്യോന്യമറിഞ്ഞു മാർത്തികൾ.


“പ്രിയ വല്ലഭയെപ്പിരിഞ്ഞു ഹാ!
ദയനീയൻ തിരിയുന്നു”വെന്നു താൻ
നിയതം കരുതി കിരാതിമാർ
സ്വയമോരും സഖി, സത്യമാരുമേ,


പലരീകഥ മൂളുവോർ, കൃതി-
ച്ചലിവോടും, സ്ഥിരരാഗലോലകൾ
മലയത്തിക, ളേതു ജാതിയും
കലരും പ്രാകൃത ചിന്തയൊന്നുതാൻ.


പരമത്ഭുതമെന്തുനിൻപ്രിയൻ
ചരലോകത്തെ വശീകരിക്കുകിൽ
ഒരു യോഗിയി വണ്ണമൻപെഴാ,-
നരരോടും സഖി ദേവരോടുമേ.


അനുരാഗമതാണവങ്കലാ-
ർന്നവശം വിട്ടു നിസർഗ്ഗ ചേഷ്ടകൾ,
വനസത്ത്വകുലങ്ങൾ ചുഴ്വതി-
ന്നവനെ,പ്പൂവിനെ മക്ഷികാളിപോല്.


അഥവാ-മൃതകല്‍പനിപ്പൊഴാ-
പ്രഥമാന പ്രണയാർത്ത; നോർക്കുകിൽ
കഥയും, സുകുമാരി, പിന്നെ, നിൻ
വ്യഥയും നീട്ടുവതെന്തിനിന്നു ഞാൻ?


സ്ഥിരമാത്മനിബന്ധനം സുഖം,
പരതന്ത്രം സുഖമൊക്കെ ദു:ഖമാം
പരമാർത്ഥമുരപ്പൊ തോഴിഞാൻ,
കരുതീടൊല്ല കഠോരയെന്നു നീ.


നില നിൽക്കുവതെത്ര കാലമു-
ജ്ജ്വലമാമി പ്രണയോഷ്ണരശ്മിയിൽ
വിലയോന്മുഖമായ തിങ്കളിൻ
കലപോൽ ഹാ! സഖിതേഞ്ഞുതേഞ്ഞവൻ.


കൃശമാക്കൊല കേണു ജീവിതം
കുശലേ, നിൻ കുശലം നിനയ്ക്ക നീ;
ശിശിരാർദ്ദിതമാദലം സഖീ,
ഭൃശമിത്തെന്നലിൽ വീണടിഞ്ഞുപോം.


കഥയിങ്ങനെ, പിന്നെയുത്തമം
വിധുരേ, നീയിതു വിസ്മരിക്കയാം
അഥവാ-ചില കാലമാസ്ഥയാൽ
മധുരസ്വപ്നസമം സ്‌മരിക്കയാം.


അനപത്യമതാം കുലത്തിനും
മനമെത്താത്ത മഹാധനത്തിനും
കനിയും സ്വജനത്തിനും സഖീ-
യിനിയിങ്ങോർക്കണ, മേകനാഥനീ


അതു നിൽക്കുക, ഭാഗ്യവാനവ-
ന്നിതു താനെന്തൊരു ചാരിതാർത്ഥ്യമാം?
അതിലോകമനോഹരാംഗി, നിൻ-
മതി തൽ‌പ്രേമ വിധേയമായിതേ!


നിരുപിക്കുക, നീ വരിപ്പൊരാ-
പ്പുരുഷൻ വൈകൃത മേനി,യെന്തതിൽ?
അരുളും ഭ്രമമൊന്നു കാൺ‌കിൽ നിൻ
തിരുമെയ് സുന്ദരി, നാരിമാർക്കുമേ


അതിനാൽ‌സ്സഖി, യെന്നു ചൊല്ലവേ
ശ്രുതിരണ്ടും ബത! പൊത്തിയാതുര,
‘മതി, കാന്ത ഗുണാവമാനിനീ,
മതി’ യെന്നാശു തടുത്തി തോതിനാൾ


‘അയി, ചാരുതരാന്തരംഗനെൻ
ദയിതൻ, ദേവസമൻ, മഹാമതി,
സ്വയമോർപ്പവനല്ലതോഴി, മൃൺ-
മയമീ ഭംഗുര ഭംഗിയാ മുടൽ


രതി നിത്യമൊരാൾക്കൊരാളിലായ്
സ്ഥിതിചെയ്കിൽ സഖി പെണ്ണിനാണിനും
അതിലും വലുതില്ലഹോ! വ്രതം;
ധൃതിമാനെന്തൊരു ധന്യനെൻ പ്രിയൻ!


അവനെ പ്രണയൈക വൃത്തിയാൽ
കബളിപ്പിച്ചു നൃശംസ ഞാൻ സഖീ;
നവരാഗി ഗണിച്ചതില്ലിവൻ
ഭവനാവസ്ഥയു,മെന്‍റെ ശോഭയും


അഥവാ, പറയേണ്ട, യോർപ്പുതൽ-
ക്കഥ ഞാൻ, തോഴി, യനാദരോക്തികൾ
വ്യഥ മാറ്റുകയില്ല; വേണ്ട, യു-
ന്മഥനം ചെയ്യുമതേറെയെന്മനം.


അയി, പിന്നെ വിലപ്പനായ മൽ-
പ്രിയനിൽ സ്നേഹമെഴാത്തനിൻ പ്രിയം
നയമോർക്ക;-യെനിക്കു നൽകണം
സ്വയമേറ്റം രുജ പക്ഷപാതിനീ!


ഉരചെയ്‌വ നവ ന്നധീനമെൻ
സ്ഥിരമാം ചേതന; യുക്തിയാൽ സഖീ,
കരുതായ്ക കര‍സ്ഥമാക്കുവാ-
നെരിയും ജ്വാലയെ, യിന്ധനം വിനാ


ഒരു കില്ലിനിവേണ്ട, ദൂരവും
നിരുപിക്കേണ്ട, നയിക്കയെന്നെ നീ
വിരവിൽ‌ സ്സഖി, ജീവിതേശ്വരൻ
മരുവെന്നേതൊരു ദിക്കിലെങ്കിലും


ഇവകേട്ടു കുഴങ്ങി, തോഴി തൻ
വ്യവസായം ദൃഢമോർത്തു കണ്ടുമേ
സഖിയാൾ, നിജ കൃത്യബോധമാം
ശിഖി ധൂമാകുലമാകയാലവൾ


‘ഇത വെള്ളിയുദിച്ചു; വാടിയിൽ
ബത! കൂവാൻ തുനിയുന്നു പക്ഷികൾ
സ്ഥിതി രാവിനു മാറിടുന്ന മു-
മ്പതി ദൂരം സഖി, പോക പോക നാം’


ഇതി പിന്നെയു മിദ്ധരാഗയാ-
ളധികോൽക്കണ്ഠ മഹോ ത്വരിക്കവേ,
മതിശാലിനി, വാച്യ ഭീതിയിൽ
ക്രുധയാർന്നിങ്ങനെയോതിനാൾ സഖി


മുറ മുഗ്ദ്ധമതേ, മറന്നു നീ
പുറമേ സ്വൈരിണി പോൽ ചരിക്കയോ!
പറകെങ്ങനെ സമ്മതിപ്പു ഞാൻ
വെറുമുന്മാദികൾ തന്‍റെയിത്തൊഴിൽ?


അതുപോട്ടെ, സുദീർഘയാത്രയാ-
ണതുമല്ലോർക്ക, സുഖാസനോചിതേ,
അതി ഭീകരമെങ്ങു വിന്ധ്യപ-
ദ്ധതി? നാമെങ്ങസഹായ നാരിമാർ?


ഇവയൊക്കെയുമാട്ടെ; തോഴി,യ-
ങ്ങെവിടെക്കാണുവതപ്പുമാനെ നീ?
അവനെത്തിരവോർ തിരഞ്ഞുപോം
പവനൻ തന്നെ വനാന്തരങ്ങളിൽ!


പരമിന്നതുമല്ലിതോർക്ക നീ
വരനില്ലാത്ത വിവാഹഘോഷമാം;
സ്ഥിരമല്ലസുബന്ധമാർക്കു; മാ-
നരകങ്കാള മതേലുമെത്ര നാൾ?


അതിവത്സല ഞാൻ; പരം സദാ
മധുരിക്കാ സഖി, സത്യഭാഷിതം
ബുധരപ്രിയസത്യമോതുകി-
ല്ല,തു കേൾ നീതി; യിതോർക്ക സൗഹൃദം


വിധി വിശ്വസുഖം സ്വദിക്കുവാൻ
മതിയും മർത്ത്യനു നൽകി രാഗവും;
രതിയാലസമീക്ഷ്യകാരിയാം
സുധി ധാതാവെയനാദരിക്കയാം


സ്ഥിതിയോർത്തു കഥിപ്പൂ നന്മ ഞാ-
നതി മോഹാകുല മിന്നു നിന്മനം
അതിനാൽ വിരമിക്ക; പോകുകിൽ
ക്ഷതിയുണ്ടാം സഖി, മാനഹാനിയും


പരമിമ്മൊഴി പീഡ നൽകി, യ-
ക്കരുണാർഹയ്ക്കു, കുലായമെത്തുവാൻ
ചിറകാശു വിതിർത്തുയർന്നിടും
ചെറു പക്ഷിക്കു ചുഴന്ന കാറ്റുപോൽ


പുനരെങ്കിലു മൂഢശക്തിയാം
മനതാർ വിങ്ങിയുടൻ വിടർന്നപോൽ
അനവദ്യ ഗുണാഢ്യ തൂവിയീ-
ഘനസൗരഭ്യമിയന്ന വാണികൾ;


“വിഹിതാവിഹിതങ്ങളോർത്തയേ,
മഹിത സ്നേഹമഹോ മറക്കൊലാ;
ഇഹ ധർമ്മരഹസ്യമന്തരാ-
നിഹിതം, നിത്യവിഭിന്നമാം നയം


അറിയും ജനനീതി സീമയെ-
ത്തിറമായ്ക്കാക്കുമപൂർണ്ണരാഗികൾ;
നിറയും രതി ലോകസംഗ്രഹം
കുറിയാക്കാ, സഖി, കൂസലാർന്നിടാ


സുപരീക്ഷിതമിപ്പൊഴെന്മന-
സ്സപശങ്കം സഖി, മുമ്പിതേലുകിൽ,
ത്രപ വിട്ടിവൾ ചെയ്യുമായിരു-
ന്നപരോക്ഷം പ്രിയ ഹസ്ത പീഡനം


ഉടലോർക്കുക ബാഹ്യ, മായതിൽ
തടവും ലോകമതീവ ബാഹ്യമാം;
സ്ഫുട സൗഹൃദ മാന്തരാത്മികം
വെടിയുന്നെങ്ങനെ തോഴി, ദേഹികൾ?


അലമിന്നതി ഭീതി;യെന്മന-
സ്സുലയാ; ഞാനിവയൊന്നു മൊർത്തിടാ;
കുലനീതിയെ മാംസകുഞ്ചുകം
വില വെയ്ക്കാത്തവർ പേടിയാ സഖീ


മരണം ഭയസീമയെന്നയേ,
കരുതും ജീവികളങ്ങനാരതം
വിരഹാർത്തയിവൾക്കഹോ, ഭയ-
ങ്കരമായ്ത്തീർന്നു ധരിക്ക ജീവിതം


പുനരെന്തുര ചെയ്‌വു? പോക നാം;
നിനയായ്കത്തൽ; നടക്കനാം ദ്രുതം
മനതാരരുളുന്നു; കാന്തനാ
വനഭാഗം സഖി, വിട്ടു പോയിടാ


പരമെൻ മിഴി കാണ്മൂ, വെന്നെയോ-
ർത്തെരിയും നെഞ്ചൊടു കൺ‌വിടുന്നു കേൾ
മരുഭൂ വെയിലിൽജ്ജലാർത്ഥിയായ്-
ത്തിരിയും മാനൊടു തുല്യമെൻ പ്രിയൻ


വരുവേൻ പ്രിയ! കേണിടായ്ക! യെൻ-
കരൾ നിൻ കൈയ്യിൽ, വപുസ്സുമെത്തുവാൻ
പുറകേ, ത്വരയാർന്നു പക്ഷിപോൽ
ചിറകില്ലാഞ്ഞതിലീർഷ്യ വയ്പു ഞാൻ


സ്ഫുടമെൻസഖി, ചൊല്‍വനെൻ പ്രിയൻ
വെടികില്ലെന്നെ വെടിഞ്ഞു ജീവിതം,
തടസീമയിൽ വിട്ടു രശ്മിയെ-
ക്കടലിൽ പോയ് രവി മുങ്ങിടാ സഖീ


സ്ഥിരചേതനകൾക്കഹോ, പര-
സ്പരമേലും സമവായ് വൈഭവം
പരനിങ്ങറിയില്ല്; പണ്ഡിതേ,
കരുതായ്കായതു മോഹമെന്നു നീ


ഇരവാശു കഴിഞ്ഞിടുന്നിതാ!
വിരഹോൽക്കണ്ഠ പൊറാഞ്ഞു വാപിയിൽ
തിരിയെ പ്രിയയെത്തലോടുവാൻ
കരയുന്നൂ സഖി, കോകനായകൻ


സ കരുണമിതു ചൊല്ലി, സ്സഹ്യമല്ലാഞ്ഞുതാപം
പികമൊഴിയഴുതപ്പോൾ, തോഴി കണ്ണീർ പൊഴിച്ചാൾ;
അകലെയുമനുകമ്പാശാലികൾക്കന്യ ദു:ഖം
പകരു;മിഹ സമക്ഷം പിന്നെയോതേണ്ടതുണ്ടോ?


രാവപ്പോൾ വിരമിക്കിലും, സഖി പരീക്ഷിച്ചെന്നവണ്ണം സ്വയം
ഭാവം മാറ്റിയുടൻ, പ്രസന്ന കുല ദൈവമ്പോലെയമ്പാർന്നവൾ,
പോവൻ ഭൃത്യരുമായ്ത്തുനിഞ്ഞു വെളിവായ് ലീലയ്ക്കു വിന്ധ്യേശ്വരീ
സേവാ ബദ്ധകുതൂഹലം ഹൃദയമെന്നങ്ങാരു മോരും വിധം


പിന്നിട്ടേറ്റം വഴി, പല ദിനം
കൊണ്ടണഞ്ഞാവനാന്തം
മുന്നിൽ ക്കണ്ടിട്ടവരിരുവരും
പോയിതക്കാടു നോക്കി
പിന്നിൽത്തള്ളിപ്പരിജനമതും,
സ്വപ്നമാകും പ്രപഞ്ചം
തന്നിൽബ്ബാഹ്യേന്ദ്രിയ മകലെയായ്
ചിത്തസത്വങ്ങൾ പോലെ.


മൂന്നാം സർഗ്ഗം



അഥ വന തട മാർത്തിയാർന്നണഞ്ഞീ-
യധരിത കിന്നര നാരിമാരലഞ്ഞാർ
പൃഥുമികിലിലകന്ന കൂട്ടു തേടും
വിധുരവലാകകൾ പോലെയങ്ങുമിങ്ങും.


കുസുമിത വനകാന്തിയാത്മകാന്ത-
വ്യസനിനി ലീല വിചാരിയാതെ പോയാൾ;
അസുലഭമണി തേടുവോർ ഗണിക്കി-
ല്ലസദൃശമാകരമാർന്ന ധാതുഭംഗി.


ഒരു വഴി തിരിയുമ്പൊഴോമലാൾക്ക-
ങ്ങുരു തര ചമ്പക ഗന്ധമോടുമുള്ളം
പരിചിലഥ ഹരിച്ചു, ‘നർമ്മദോ’ ർമ്മീ-
പരിചയ ശൈത്യമിയന്ന മന്ദവായു.


“സുഖദമയി! വരുന്നിതെങ്ങു നിന്നോ
സഖി,യിത ചമ്പക ഗന്ധ,മെന്തു ചിത്രം!
മുഖരസമിതു മാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ടപോലെ?


നലമൊടു തരുനായകാന്തികത്തിൽ-
പ്പലതിത പക്ഷികൾ പാടിടുന്നു ഗീതം;
തളിരുമലരുമാർന്നു തെന്നലേറ്റീ
ലളിതലതാവലി ലാസ്യമാടിടുന്നു!


ഭിദുര, മഹഹ! പൂർവ്വവിസ്മൃതിക്കീ-
മൃദുതരവായുതരംഗ രംഗലോലം
ഹൃത ഹൃദയ, മഹോ! വരുന്നു തോഴീ,
ഹിതകരമീവഴി ഹേമപുഷ്പ ഗന്ധം!


ഇവിടെയിളയ തെന്നൽ തന്നിൽ മുങ്ങീ-
ട്ടവികല നിർമ്മലരാക പോകുവാൻ നാം;
എവിടെ മണമിതുത്ഭവിപ്പുവങ്ങെ-
ന്നവിതഥ ജീവിത ദൈവതം വസിപ്പൂ


വരുവിനിവിടെയെന്നലിഞ്ഞു നമ്മെ-
ത്തെരുതെരെയീയടവിക്കു തെക്കുമാറി,
ഉരുകിസലയ ചാരു ശാഖയാട്ടി-
ത്തരുനിര മാടി വിളിപ്പൂ, കാൺക തോഴീ”


അരുളിയവളിവണ്ണമാവഴിക്കായ്
ത്വരയൊടു മുമ്പു നടന്നു തെറ്റിടാതെ
കരുതിയ മുതൽ നോക്കുവാൻ വനത്തിൽ-
പ്പരിചിതയാമുടമസ്ഥ പോണപോലെ


ഗിരികടകമണഞ്ഞു മഞ്ജുരേവാ-
പരിസരമാർന്നവൾ കണ്ടു വിസ്മയിച്ചാൾ
ഉരുകുസുമമുദാര ശോഭമാരാ-
ലൊരു വനഭാഗമുഷസ്സു പോൽ മനോജ്ഞം


ഉടനെയുടൽ ഞടുങ്ങിയങ്ങു പൊൻപു-
വിടപികൾ കണ്ടതിമോഹലോഹിതാംഗി
തടവി പുളകപാളിയാംഗമെങ്ങും
സ്ഫുടമവൾ, പൂക്കുമശോക ശാഖിപോലെ.


തൊഴുതുകരമുയർത്തിയാ വനത്തെ-
പ്പൊഴിയുമനർഗ്ഗള ബാഷ്പവൃഷ്ടിയോടും,
തഴുകി നിഴൽ കണക്കെ മൂകയായ്ത്തൻ-
വഴി തുടരും സഖിതന്നെ വിഹ്വലാംഗി


തനുഭരമവൾ താങ്ങവേ വിലങ്ങു-
ന്നനലശിഖോജ്ജ്വലമാകുമേക ഹസ്തം
വനമതിലഥ ചൂണ്ടി നിന്നുവീണാ-
നിനദസമുദ്ഗത ഗദ്ഗദം കഥിച്ചാൾ;


“കുസുമ ശബള കാന്തിയാം നഭസ്സിൽ
പ്രസൃമരമാം സ്ഫുടചമ്പകാതപത്താൽ
അസമയ രമണീയ മത്രകണ്ടോ
സുസഖി, യുഷസ്സുഷമയ്ക്കു നിത്യഭാവം?


വിലസി വെയിലിലിങ്ങു ചിത്രവർണ്ണം
ചലദനിലം പ്രതി ചാരു ചിത്ര ഗന്ധം,
പല വിസൃമര ചിത്രനാദ, മൊന്നാ-
മുലകു തരുന്നു കുതൂഹലം വിഭിന്നം


ഗഗനതടമിടഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി, പറകയെന്തിതാർന്നതിങ്ങീ-
യഗണിത ദിവ്യവിഭൂതി മർത്ത്യലോകം!


അനഘ,നമര കല്പനെന്‍റെ നാഥൻ
വനമിതിൽ വാഴണ,മില്ല കില്ലുതോഴി,
തനതു ഗതി തടഞ്ഞു നിന്നുതേയെൻ
മനമിഹ, മന്ദുര കണ്ട വാജിപോലെ


അയി സഖി, നവ ചമ്പകോത്സുകൻ മ-
ദ്ദയിതനഹേതുകമായി, ഹേതുവോർത്തും
സ്വയമവനുമെനിക്കുമാളി, യേതൽ
പ്രിയകരമഞ്ജരി മഞ്ജുദൂതിയായി


അനഘനവനു ഹേമമഞ്ജരീ, ഹാ!
മനതളിരിൽ പ്രിയരിങ്ങു രണ്ടുപേർതാൻ;
അനിതരസമഭൂതി പൂവിൽ നീയും
വനിതകളിൽ ബ്ബത ഭാഗ്യഹീന ഞാനും


വിധുതയിളമരുത്തിനാൽ; മഹസ്സാ-
ലധരിത താരക താരിലോമലേ നീ;
മധുപമലിനർ തീണ്ടുകില്ല നിന്മെയ്
വിധുരവനാവലിവല്ലിലമ്പടന്മാർ


അഹഹ! രമണ, സാർത്ഥമിസ്സുമത്തിൻ
സ്സഹജരസം ഭവദീയ രാഗ യോഗം;
മഹദഭിമതമിങ്ങു ശീലമോരാൻ
സഹചരരേകനിദർശനം മഹാത്മൻ!“


ദ്രുമമതിലഥ നോക്കി നിശ്വസിച്ച-
സ്സമരുചിയാർന്ന മനോജ്ഞഹസ്തതാരാൽ
സുമമലിവൊടിറുത്തുമുത്തി, മാറിൽ
കമനിയണച്ചഥ ചൂടി ചൂഡതന്നിൽ


ക്ഷണമുടനെ നിനച്ചു നിന്നുസാദ്ധ്വീ-
മണിയഥ നിശ്ചയമാർന്നപോൽ നിവർന്നാൾ;
“പ്രണയിയിവിടെയുണ്ടു തോഴി, പോന്നി-
ങ്ങണയുമാലംകൃതയാക്കുകെന്നെ”യെന്നാൾ.


“അഹമിതമിതകേൾ പ്രതിധ്വനിക്കു-
ന്നവിരതമാർത്തിനിബന്ധനസ്വനങ്ങൾ;
ഇവിടെ വഴികൾഹന്ത! വേർതിരിക്കാ-
മവനുടെ സംഗമഗന്ധ ബന്ധുരങ്ങൾ


വെടിയുക വിചികിത്സ വത്സലേ, നീ
പടിമ മദിന്ദ്രിയ മാർന്നിടുന്നു പാരം
പൊടി ഝടിതി തുടർച്ച ദർപ്പണം പോ-
ലടിതെളിവാർന്നൊരു വാപി തൻ ഹ്രദം‌പോൽ


സ്വവശസുലഭ ഭൂഷയാലണിഞ്ഞെ-
ന്നവയവപംക്തിയലങ്കരിക്ക തോഴീ
സവിധമതിലണഞ്ഞുകാണണംകേ-
ളവികലശോഭയൊടെന്നെയാത്മനാഥൻ”


ത്വരിതമിതരുൾ ചെയ്തു തോഴിയോടായ്
സ്ഫുരിതതനുപ്രഭമോടി ബദ്ധവേഗം
തരുണി തരി നികഞ്ജമൊന്നു പുക്കാൾ
തരള തടില്ലത കന്ദരം കണക്കേ


ഉടനെ മതമറിഞ്ഞൊരുക്കി നൽപ്പൂ-
മ്പൊടി, പുതുപൂനിര, നല്ല പല്ലവങ്ങൾ
ഝടിതിയിവയൊടൊത്തു തോഴി വള്ളി-
ക്കുടിലതിലെത്തി വസന്തകാന്തിപോലെ


അനുപദമണിയിച്ചു ജന്മരമ്യം
തനു തെളിവാർന്നു വെളിക്കു നിർഗ്ഗമിച്ചാൾ
ഘന മനലപുടം വെടിഞ്ഞു കാളും
കനകശലാക കണക്കെ കോമളാംഗി.


വിരളമണിസുമങ്ങൾ പൂണ്ടു, മംഗം
പരിഹിതനീല നവാംബരാഭ കൊണ്ടും
പരിഗത സുമകാല തുല്യമാർന്നാൾ
സ്ഫുരിത പരാഗ മനോഹരം വരാംഗി.


അരികിലഥ വിചിത്രവർണ്ണമേലും
വിരിതടവിടുമോരാനതൻ പുറം‌പോൽ
തരു മലർ നിര വീണു ഭംഗി തേടു-
ന്നൊരു ശിലമേൽ തനുഗാത്രി ചെന്നിരുന്നാൾ


അവിടമറികയാലുമാളി, ലീലാ-
വ്യവസിതസിദ്ധിയിലാശവയ്ക്കയാലും
സവിധമതിൽ മറഞ്ഞു വിശ്രമിച്ചാ-
ളവയവ സാദ മസഹ്യമാകയാലും


മടുമലർശില തന്നിലന്തി മേഘ-
ക്കൊടുമുടി പറ്റിയ താരപോൽ വിളങ്ങി
തടമതിലഥ തന്വി നോക്കി, നോട്ടം
സ്ഫുടകിരണങ്ങൾ കണക്കെ നീട്ടി നീട്ടി


പ്രിയമൊഴി വനദേവരോതിടും പോൽ
സ്വയമഥ പൊങ്ങി കപോതഹൂതഘോഷം
പ്രിയനുടെ കഥപോൽ പ്രവൃദ്ധരാഗം
കുയിലുകൾ പാടി കുഹൂ കുഹൂനിനാദം


അളിപടലികൾ മൂളി; രന്ധ്രമേലും
മുളകൾ മരുത്തിലുലഞ്ഞു മെല്ലെയൂതി;
തളിർനിര മൃദുതാളമേകി;യേവം
കളകളമായതി മോഹനം വനത്തിൽ.


“വരിക ഹൃദയ നാഥ! വൈകി കാണ്മാൻ
തിരുവടി മൗലിയിൽ വയ്ക്കുവൻ മഹാത്മൻ!
തരിക ചിര വിയുക്തദർശനം, നീ
കരുണ വഹിക്കുക, ദാസി ഞാൻ ദയാലോ”


അരുതു ചെറുതുമെന്നില പ്രിയം;ഞാ-
നൊരു പിഴ ചെയ്‌വതിനോർക്ക ശക്തയാകാ
സ്ഥിരചരിത, മദീയ ജീവിതത്തിൽ
പ്പരമഭിവാഞ്ഛയെനിക്കുനിന്നിലല്ലോ


തരുമനുമതിതാത, നിങ്ങുകാലം-
വരുമതിനെന്നിവൾനാഥ, കാത്തിരുന്നേൻ;
ഗുരുജനഭയ പഞ്ജരസ്ഥ കഷ്ടം
പരനഥ പൈങ്കിളിപോലെ ദത്തയായേൻ


അതുവരെയഭിമാനമാർന്നു ഹാ ഞാ-
നതുല, ഭവാനൊടുതുല്യ ശീലയെന്നായ്
അഥ കരുതിയമൂല്യരത്നമേ, യീ-
ശ്ലഥമതി നിൻ ദയനീയ ഭൃത്യയെന്നായ്


കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂട; യായു,
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം.


പരവശയിവളപ്രഗൽഭയാം നാൾ
വിരസത ചേർത്തതിൽ വയ്ക്കൊലാ വിരോധം
വരിക, യനുഭവിക്ക, കയ്പുപോയി-
പ്പരിണതമാം ഫലമിപ്പൊഴോമനേ, നീ


ചിരതരമായി നാഥ, നിന്നിൽ വാണെൻ
കരളുമിയന്നു ഗുണോൽക്കരംസ്ഥിരാത്മൻ
കരുതുക, യതു മൂലമെന്നെയോർത്തീ-
ലൊരു നിമിഷാർദ്ധവുമന്യനുള്ളതായ് ഞാൻ


മതി ഭയമഥവാ, മദുത്സുകൻ നീ-
യതി വിമലാശയനന്യഥാ ധരിക്കാ;
ദ്യുതിയിലിരുളെഴില്ല, രാഗഭൂവാം
മൃതിയിൽ മലീമസശങ്കയങ്കുരിക്കാ


കുയിലിണയിലലിഞ്ഞു പാടിടുന്നു;
മയിലിത തൻ പിടയോടുമാടിടുന്നു
പ്രിയയെയനുനയിച്ചിടുന്നു സിംഹം
പ്രിയതമ, നീയണയാഞ്ഞു ഞാൻ വലഞ്ഞു


ശരി, നയനപഥത്തിൽ നിന്നിടുന്നു-
ണ്ടൊരു നിമിഷം പിരിയാതെയെൻ പ്രിയൻ നീ
പര, മതുനിഴൽ‌പോലെ യിന്ദ്രിയങ്ങൾ-
ക്കരതിദ ദർശനമായി, ഞാൻ വലഞ്ഞു


അവഭയമഴലേറി യോമനേ! പോ-
ന്നിവിടമണഞ്ഞിവൾ നിന്‍റെ മേനി കാണ്മാൻ
അവശത പെരുകുന്നു, നിന്നെ നീയി-
ന്നെവിടെ മറയ്പതു? നാഥ, ഞാൻ വലഞ്ഞു


പ്രണയ ശിഖിയിൽ വെന്തിടുന്നിതാത്മാ-
വണയുക, തെന്നലണഞ്ഞുചമ്പകത്തിൽ;
ഘൃണ തടവുക, യെന്‍റെയോമനേ, പോ-
ന്നണയുക, നിൻ പ്രിയ, ലീല ഞാൻ വലഞ്ഞു


കരുണ കരുണമീവിധം പുലമ്പി-
ക്കരുമനയാലവൾ മൂർച്ഛയാർന്നിരുന്നാൽ;
വിരതപവന വാപിപോലെ, വണ്ടിൻ-
വിരുതമടങ്ങിയ ഗുല്മമെന്നപോലെ


പ്രണയനിഭൃത ചിത്തമങ്ങനങ്ങാ-
തിണകളെ നോക്കി മൃഗങ്ങളൊക്കെ നിന്നു;
ഗണമൊടു പതഗങ്ങൾ പാതിപാടി
ക്ഷണമറിയാതെയിരുന്നു ശാഖിതോറും


ചടുലലതകളാടിടാതെ ചാഞ്ഞാ
വിടപികൾ മേലനുമൂ‍ർച്ഛയാർന്നു നിന്നു
അടവിയധിക മൗനമാർന്നു മേളം
ഝടിതി നിറുത്തിയ രംഗഭൂമിപോലെ.


നിയതചരമയാന, നപ്പൊഴോജഃ
ക്ഷയദയനീയനഹസ്കരൻ തലോടി
സ്വയമുപചിതരാഗമാം കരത്താൽ
പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും


ഹൃദയ ഹരണമാ വിലാപഗീതം
സദയത ചേർത്തിതു ചേതനത്തിനെല്ലാം
മദനനിവിടെയെത്തുകില്ലയോ? തൻ
ഗദവുമവസ്ഥയുമോർത്തിടാതെ തന്നെ.


ഉരഗനിരകൾ ധൂർത്തവംശരാഗം
തിരയു; -മലിഞ്ഞുവിഡംബഗാഥ കേട്ടും
സുരരണയു;-മലം ഫലാർഹമാണീ
സരള മനോഹരമായ സത്യഗാനം.


“അഴൽ മതി, വനമധ്യദീപികേ, നിൻ
നിഴലായി, നോക്കുക, പിന്നിലോമലേ നീ”
വഴിയെയിതി വിദഗ്ദ്ധ തോഴിയോതും
മൊഴിയവളംബരവാണിപോലെ കേട്ടു


ത്വരിത മുദിത ബോധയായ്ത്തിരിഞ്ഞ-
ങ്ങരികിലഹോ! സതി രൂപമൊന്നു കണ്ടാൾ
പരവശത പിണഞ്ഞാരംഗമോടും
വിരവിലതിന്നടി കൂപ്പിനാളെണീറ്റാൾ.


പറകിൽ വികൃത രൂപമാമതിൽത്താൻ
നിറയുമൊരമ്പൊടു ലീല കൈകൾ നീട്ടി
വിറയൊടുമിണ മുമ്പു വിസ്ഫുടാശം
ചിറകു വിതിർത്ത കപോതി പോലണഞ്ഞാൾ


അവനുമവശനെങ്കിലും സ്വബോധം
വ്യവഹിതമെങ്കിലുമാഞ്ഞു നോക്കിനിന്നാൾ
അവളെ യതി വിരൂപ, നസ്ഥിശേഷൻ;
ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം


അവയവ മിതരേതരം തലോടാ-
നവനവളൊത്തു തുനിഞ്ഞു ലാക്കു തെറ്റി,
സ്വവദനമെതിരിട്ടു ദർപ്പണത്തിൻ
സവിധമണഞ്ഞൊരു കുട്ടി പോൽകുഴങ്ങി


ദയയൊടവൾ തലോടിയുമ്മ വെച്ചാൾ
ദയിതനെ രാഗമിരുന്ന ഹൃത്തടത്തിൽ;
നിയതമഴൽ പെടുന്ന നെറ്റിമേലും,
പ്രിയതമ, പൈതലെയമ്മയെന്നപോലെ


ഉടലവനിലണച്ചു ശുഷ്കമാകും
വിടപിയിൽ മോഹനവല്ലി പോലെ നിന്നാൾ;
തടവി വിവശമംഗ, ‘മോമനേ’, യെ-
ന്നിടറി വിളിച്ചവൾ കണ്ണുനീർ ചൊരിഞ്ഞാൾ


മദജനകമഭീഷ്ട രൂപവും തൽ-
കദന വിമർദ്ദന മംഗസംഗവും ഹാ!
സദയ മധുരവാക്കുമുള്ളിലാഴും
മദനനു മോഹമകന്നപോലെ തോന്നി


പ്രിയത കര കവിഞ്ഞു പാർത്തു വീണ്ടും
പ്രിയയുടെ മോഹന മോഹനം മുഖാബ്ജം
സ്വയ മലിവൊടുമൊന്നവൻ മുകർന്നാൻ
ഭയമുളവാ‍യതുപോലെ ഹാ! വെടിഞ്ഞാൻ


ക്ഷണമവൾ സുഖമീലിതാക്ഷിയാമ-
പ്രണയി മറഞ്ഞതറിഞ്ഞിടാതെ നിന്നാൾ;
അനുപദ മഥ നോക്കിനാൾ, ശപിച്ചാ-
ളനുകനെ വിട്ടൊരുധന്യ ബാഹുബന്ധം


“പ്രിയ ഖഗ, കരമായ കൂടു ഭാഗ്യ-
ക്ഷയമതിൽ വിട്ടു പറന്നു പോകിലാം നീ;
സ്വയ മഹഹ! ദുരന്തരാഗപാശം
പ്രിയവിടുകില്ലിവളെ”ന്നു പിന്തുടർന്നാൾ.


ഉടൽ വിളറി മുഷിഞ്ഞ വസ്ത്രലേശം
തടവുമവൻ മഹുദൂരലക്ഷ്യനായി
ഉടനെ വലിയ കാട്ടിൽ വന്മഴക്കാ-
റിടയിലിളം‌പാറ പോലെ ലീനനായി


തരള ഹൃദയ കഷ്ടമെത്ര ബാഢം
പരവശയാമതു കണ്ടൊരാ വരാംഗി?
തിരിയെ മദനനെന്തിനോടി?-യെന്താം
പരിണതി ഹാ! വിധി വാമ്യമെന്തു ചെയ്‌വൂ!


ഭൃശജവമവനെത്തുടർന്നു വീണ്ടും
ശശിയെയനുദ്രുതതാരപോലെ സാധ്വി;
അശരണയവളെത്തുടർന്നു താരാ-
വശഗതയാമുപതാരപോലെ തോഴി


അതിജവമോടണഞ്ഞു കണ്ടു ദൂരെ-
സ്സതി തടിനീതട ഗണ്ഡ ശൈലകൂടം;
ഗതിയിൽ മദനനേറിടുന്നതും ചെ
ന്നതിലൊരു ധൂസര മേഘരേഖപോലെ


ഉടനെയപരിഹാര്യമാമപായം
പെറ്റുമവനെന്നവൾ കണ്ടു കുണ്ഠയായി;
അടികളൊരു തരിമ്പു മുമ്പു നീങ്ങാ-
തുടൽ മരവിച്ചഥ കണ്ണുമന്ധമായി


സമയമതിലുയർന്ന ഘോരവാരി-
ഭ്രമമൊടകാലിക വൃദ്ധി രേവയാർന്നു
ഘുമഘുമരയഘോഷമേറ്റിയാരാൽ
യമപുരിതന്നിലടിച്ച ഭേരിപോലെ


രവി ജലധിയിലാശുമുങ്ങി, രേവാ-
സവിധവനങ്ങളിൽ നിന്നു രശ്മി നീങ്ങി;
പവനനുമഥവിട്ടു ചമ്പകത്തെ,
ഭുവനവുമപ്പൊഴുതപ്രസന്നമായി


അഥ മദനനകുന്നു ശൂന്യമായ് തൽ-
പഥമതുപക്ഷി വെടിഞ്ഞ ശാഖിപോലെ;
കഥയവസിതമെന്നു ബുദ്ധിയാലും
വ്യഥയെഴുമാസ്സതി കണ്ടു ശുദ്ധിയാലും


ഉടനെയഴൽ പൊറാഞ്ഞു വീണുരുണ്ടാൾ;
ഝടിതിയെണീറ്റു കൃതാർത്ഥപോൽ ഹസിച്ചാൾ,
ഒടുവിൽ മദനനെത്തി നിന്ന ദിക്കി-
ന്നുടനവൾ നിദ്രയിലെന്നപോൽ നടന്നാൾ


ജവമവിടെയണഞ്ഞു, ‘രേവ’ നീട്ടും-
ധവള തരംഗ കരങ്ങളിൽ സതോഷം
അവളുടനെ കുതിച്ചു കൊള്ളിമീൻ പോ-
ലവനതയാവതു ഹന്ത! തോഴി കണ്ടാൾ


മനമുഴറിനടുങ്ങിയാശു വീണാൾ
പുനരിവളേറ്റു വിഷണ്ണയായി നിന്നാൾ
അപഹൃത ധനനായ ലുബ്ധനെപ്പോ-
ലപഗതദീപനരണ്യപാന്ഥനെപ്പോൽ


“അയിസഖി,യയി സോദരീ,യഹോ നിൻ
ക്രിയയതി നിഷ്ഠുര”മെന്നെ നീ വെടിഞ്ഞു;
പ്രിയനെയനുഗമിച്ചു ധന്യയായ് നീ;
സ്വയമഥവാ-വിധിയിന്നു തൃപ്തനായി


എവിടമിവിടെ,മെങ്ങു വാസഭൂ,വേ-
തിവരുടെ കാംക്ഷിത, മെന്തു സംഭവിച്ചു?
അവിദിത പരിണാമമൊക്കെയോർക്കിൽ
ശിവ ശിവ! സർവ്വമനാഥമീ ജഗത്തിൽ!


അനിശമവനി ഗർഭമാർന്നുദിപ്പൂ
പുനരനിശം വ്യഥയാർന്നുപോയ് ലയിപ്പൂ
അനുഗതരയമാർന്നു നില്പുരേവേ,
മനുജനുമോർക്കുകിൽ നീയുമൊന്നുപോലെ


വിദിതമിതഥവാ ചലാചലത്വം
കദമിയന്നയി, കേഴൊലായിവണ്ണം,
നദി,-സപദി വഹിച്ചിടുന്നു നീയാ
ഹൃദയയുഗം സ്ഥിരസൗഹൃദം ഹ്രദത്തിൽ


ശരി, നിജചരിതത്താലീ ജഗൽ സ്വപ്നഭീതൻ
നരനു മുഥുനമേ, ഹാ നൽകിയാശംസ നിങ്ങൾ;
തിരിയെയെവിടെ നാം കാണുന്ന, തെൻ ധീയെയും ഹാ;
ധരയെയുമിത! തുല്യം മൂടി ഗാഢാന്ധകാരം

ആസക്താശയ കേണു മാധവി കിട-
ന്നേവം നിരാലംബയായ്
ഭൂ സംശ്ലേഷമിയന്നുറങ്ങി ശിശുപോൽ;
ജ്രംഭിച്ചു മുന്നിൽ തദാ
ഹാ, സിക്താംഗ,രതീവ സുന്ദരർ, യുവ-
സ്ത്രീ പുംസ ചിഹ്നം പരം
ഭാസിക്കും, പരിവേഷമാർന്ന വദന-
ശ്രീ പൂണ്ട രണ്ടാളുകൾ

“ആരും തോഴിയുലകിൽ മറയു-
ന്നില്ല; മാംസം വെടിഞ്ഞാൽ-
ത്തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതൻ ദേഹബന്ധം;
പോരും ഖേദം; പ്രിയസഖി, ചിരം
വാഴ്ക മാഴ്കാതെ; വീണ്ടും
ചേരും നാം കേൾ;-വിരത ഗതിയാ-
യില്ല സംസാര ചക്രം”

ആ രാജമാനരിതു ചൊല്ലി; യുണർന്നു തൃഷ്ണ
തീരാതെ തോഴി;യവരങ്ങുടനേ മറഞ്ഞു;
പാരാകെ വീണ്ടുമവൾ കണ്ടു; വിളങ്ങിയേതു-
മോരാത്തപോലെ യുദയോപരി കർമ്മസാക്ഷി

അഥ സകലം നിനയ്ക്കുകിലു-
മടൽ‌വഹി, ച്ചട വീ-
പഥമവൾ വിട്ടു പോയി; -ജവ-
മാരുജ നീങ്ങുവതോ?
കഥയനുയാതരോടവൾ പറഞ്ഞു
കരഞ്ഞു പരം;
വ്യഥയൊടഹോ! മടങ്ങിയവർ,
തങ്ങിയൊരേടമവൾ

ശേഷം നാൾ സ്വയമാ സഖീ രമണനെ-
ത്തേടുന്നൊരന്നാർന്ന തൻ-
വേഷം സാർത്ഥകമാകുമാറുടനെ താൻ
കൈക്കൊണ്ടു ചീരാംബരം
ദോഷ സ്പർശമെഴാത്തതാം വ്രതമെടു-
ത്തന്യാർത്ഥമായ്, ജ്ജീവിതം
തോഷം പൂണ്ടു നയിച്ചു;ലൗകികസുഖം
തുച്ഛം കൊതിച്ചീലവൾ.