ഒരു എഴുത്ത്‌
എൻ. കുമാരനാശാൻ

കല്‍പിക്കുന്നു വെളിച്ചമായിരുളുമെ-
ങ്ങാ സൗഖ്യമായ് ദു:ഖവും
നിഷ്പന്തരമായ് നടപ്പെവ്വിടെയി-
ന്നാരോഗ്യമായ് രോഗവും
അപ്പോൾപ്പെറ്റ ശിശിക്കരച്ചിലെവിടെ-
ജ്ജൂവോദയം ചൊൽ‌വതാ-
യിപ്പാരിൽ സുമതേ! സുഖാനുഭവമു-
ണ്ടെന്നോ നിനയ്ക്കുന്നു നീ!

കാളും കാന്തിയിൽ നാകവും നരകവും
കൂടിക്കുഴമ്പായതാ-
ണീ ലോകം പുനരോർക്കിലീയതിരുവി-
ട്ടാർക്കും ഗമിക്കാവതോ?

കാലേ തങ്ങടെ കർമ്മമാം കയറിനാൽ
കണ്ഠം കുടുക്കീട്ടുതാൻ
മലേന്തുന്നടിമപ്രവൃത്തിയൊഴിയും
നാമെങ്ങു ചെന്നാലിനി?

യോഗം ഭോഗവുമാലയസ്ഥിതിയുമാ-
സ്സത്തായ സന്യാസവും,
ലോകേശൻ‌പദഭക്തി, പൂജ, ധനമാർ
ജ്ജിക്കുന്ന മാർഗ്ഗങ്ങളും,
ത്യാഗം, നേർച്ചക,ളെന്നുവേണ്ട വലുതാം
തീവ്രവ്രതാദ്യങ്ങളും
ഹാ, കണ്ടേനിവയൊക്കെയേറ്റമവത-
ന്നുള്ളുടുമൂടാടി ഞാൻ.

കാണുന്നില്ലൊരു ചെറ്റുസൗഖ്യമിവിടെ-
ക്കാനൽജലത്തെക്കൊതി-
ച്ചേണം‌പോലുഴലുന്നതാണു രസമോ-
ഹംതേടുമിജ്ജീവിതം
ഊനംവിട്ട ഗുണങ്ങളെത്രയൊരുവ-
ന്നുൾത്താരിൽ വർദ്ധിക്കുമോ
നൂനം ജീവിതമത്ര ദുസ്സഹവുമായ്-
ത്തീരുന്നു പാരിൽ സഖേ!

സ്വാർത്ഥപ്രീതി വെടിഞ്ഞു വിസ്തൃതമന-
സ്സാം ഭക്തനല്ലോ ഭവാ-
നോർത്താലങ്ങനെയുള്ളവർക്കിവിടെ വാ-
ഴാവതല്ല തെല്ലും സഖേ!
അത്യന്താഗ്രമിരുമ്പുകൂടമെതിരി-
ട്ടേറ്റുന്ന തല്ലാകവേ
പുത്തൻ ചാരുപളുങ്കുപാവയുടെമേ-
ലേൽക്കിൽ സഹിക്കാവതോ!

ഉള്ളത്തിൽക്കനിവൊട്ടുമെന്നിയതിനീ-
ചത്വത്തൊടും നല്ല തേൻ-
തുള്ളിക്കൊത്തു മതൃത്തെഴും മൊഴിയൊടും
നഞ്ചൊത്ത നെഞ്ചത്തൊടും
കള്ളംതന്നെ നിറഞ്ഞു നേരകലെയായ്
തന്നെബ്ഭരിപ്പാൻ സ്വയം
തള്ളിക്കേറുമൊരുത്തനാകിലിവിടെ-
സ്സൗഖ്യം നിനക്കും സഖേ!

നന്നായാഞ്ഞഥ ജീവിതം പണയമായ്
വച്ചും പഠിച്ചീടുവാ-
നിന്നേവംവിധമായിതെന്‍റെ സമയം
ഹാ! പാതിയും പോയിതേ
എന്നല്ലുൾപ്രിയമൂലമായിഹ സഖേ!-
യുന്മത്തനെപ്പോലെ ഞാൻ
ചെന്നോരോന്നു പിടിച്ചതൊക്കെ നിഴൽ‌പോൽ
നിസ്സാരമായ് പോയിതോ.

കൂറുള്ളോരുടെ കൂട്ടുവിട്ടഹഹ! ഞാൻ
കുറയ്ക്കരക്കെട്ടതിൽ
കീറക്കച്ചയുടുത്തു കണ്ട പടിതോ-
റും പോയിരന്നൂ സഖേ!
തീരെ ക്ലേശമിയന്ന തീവ്രതരമാ-
യീടും വ്രതം നോറ്റുതാൻ
പാരം മേനിയലഞ്ഞു ഹാ! ഫലമെനി-
ക്കുണ്ടായതെന്തായതിൽ?

നന്നായിട്ടയി! കേൾക്കയെന്‍റെ ഹൃദയം
നിന്നോടുരയ്ക്കാം സഖേ!-
യിന്നെൻ സ്വാനുഭവത്തിൽനിന്നറിവതാ-
മീ സത്യമത്യുത്തമം
ഒന്നായോളമെടുത്തടിച്ചു ചുഴലി-
ക്കും ജീവിതൗഘത്തിലീ-
യൊന്നത്രേ കടവുള്ളൊരുത്തനു കട-
ന്നങ്ങേക്കരപ്പോകുവാൻ.

ഊഹിക്കിൽ പരിചര്യ തൻ വിധികളും,
പ്രാണൻ നിരോധിപ്പതും,
മോഹംതാൻ പരവിദ്യയും പ്രകൃതിവി-
ജ്ഞാനാദിശാസ്ത്രങ്ങളും
ആഹാ! മാനസവിഭ്രമങ്ങളിഹ സർ-
വ്വത്യാഗമത്യാഗവും,
സ്നേഹം ‘സ്നേഹ’മിതൊന്നുതന്നെ സകലം
പാർത്താൽ പദാർത്ഥം സഖേ!

ജീവൻ, ബ്രഹ്മവു,മീ ജഗത്തിലഖിലേ-
ശൻ മർത്ത്യനും പിന്നെയി-
ന്നേവം പ്രേതപിശാചവർഗ്ഗവു,മഹോ!
വേതാളഭൂതങ്ങളും,
ദേവന്മാർ, പശുപക്ഷിജാതി, കൃമികീ-
ടംതൊട്ട സ്രഷ്ടങ്ങളും
താവുന്നുണ്ടു വെടിഞ്ഞിടാതെ ദൃഢമാ-
യിസ്നേഹമുൾത്താരതിൽ.

വേറാരോതുകയിന്നു ദേവനിരകൾ-
ക്കും ദേവനാകുന്നതോ?
നേരായോർക്കുകിലാരു സർവ്വവുമിള-
ക്കിക്കൊണ്ടുനിൽക്കുന്നതോ?
ഓരുമ്പോൾ, ശിശുവിന്നുവേണ്ടിയൊരു മാ-
താവോ മരിക്കുന്നതും
ചോരൻ കൊള്ളയിടുന്നതും സകലവും
സ്നേഹംനിമിത്തം സഖേ!

വാക്കിന്നും ഹൃദയത്തിനും വിഷയമാ-
കാതപ്പുറത്തായ് സദാ
പാർക്കുന്നായതു ഹന്ത! ഭൂരിസുഖമാ-
യോ ദു:ഖമായോ സഖേ!
ഓർക്കുമ്പോളതുതാൻ ഭയങ്കരി ജഗ-
ത്സംഹർത്രിയാം ദുർഗ്ഗയും
വായ്ക്കും മോഹനരൂപമാർന്നു വരുമാ
ലോകൈകമാതാവതും

രോഗം, ബന്ധുജനം മരിച്ച വിരഹം,
ദാരിദ്ര്യഭാരം, ഗുണോ-
ദ്രേകം ദോഷവുമിന്നു കർമ്മഫലമാ-
കും നല്ലതും തീയതും
ആകെക്കാൺകിലിതൊക്കെവേയതിനെഴു-
ന്നാരാധനംതാൻ സഖേ!
ലോകത്തിൽപ്പുനരിന്നു ജീവകൃതിയാ-
യെന്തുള്ളൂ ചിന്തിക്കുകിൽ?

മായാമോഹമതാണു കേണു സഖമ-
ന്വേഷിച്ചു പോകുന്നതും
പേയാണോർക്കുകിലിന്നു കേവലമതാം
ദു:ഖം കൊതിക്കുന്നതും
ആയാസാൽ മൃതിയാഗ്രഹിക്കിൽ വലുതാ-
മുന്മാദമാണായതും
മായതുള്ളൊരു നിത്യജീവിതമനോ-
മിഥ്യാഭിലാഷം സഖേ!

പാരം വേഗമെഴും മനോരഥമതിൽ-
പ്പാരാതെയേറിബ്ഭവാൻ
ദൂരം ദൂരമതായ് നടന്നിഹ കട-
ന്നെങ്ങെങ്ങു പോയീടിലും
ചാരത്തുള്ളതുപോലെതന്നയി സഖേ!-
യീ ലോകമാകും മഹാ
പാരാവാരവുമീ സുഖാസുഖമതായ്-
ത്തല്ലുന്ന കല്ലോലവും!

കേട്ടോ ഹേ! ചിറകറ്റു വീണ ഖഗമേ!
ചൊല്ലുന്നു ഞാൻ സംഭ്രമം
കാട്ടീടായ്കയിതൊക്കെയോർക്കിലിഹ ര-
ക്ഷയ്ക്കുള്ള പോക്കല്ലെടോ.
പെട്ടെന്നേവമടീക്കടിക്കടിപെടു-
ന്നയ്യോ! പരുങ്ങുന്നു തേ!
കഷ്ടം! പിന്നെയുമെന്തിനിങ്ങനെയസാ-
ദ്ധ്യത്തിൽ ശ്രമിക്കുന്നു നീ?

പാട്ടിൽ ജ്ഞാനവു,മർച്ചനാസ്തുതികളും
ഹാ! ശക്തിയും സർവ്വവും
പോട്ടേ, തന്നെ മറന്നുനിന്നു വിലസു-
ന്നാ സ്നേഹമൊന്നില്ലയോ
വാട്ടംവിട്ടതുതന്നെയേകശരണം-
നമ്മൾക്കു പാഠത്തിനായ്
കാട്ടുന്നുണ്ടതിതാ പ്രദീപശിഖയെ-
പ്പുല്കും പതംഗം സഖേ!

നീചപ്രാണിയിതിന്നതിന്നഴകു ക-
ണ്ടാശിച്ചഹോ കണ്ണതിൽ-
ക്കാചം‌പറ്റി,യകം കവിഞ്ഞു വഴിയും
സ്നേഹത്തിലുന്മത്തമായ്
ഹാ! ചാരായമെടുത്തപോലതുഴറി?
ഹേ ഭക്തരേ, നിങ്ങൾ സ-
ങ്കോചിക്കേണ്ടയഹന്തയാം ഹൃദയപ-
ങ്കം ചുട്ടുപൊട്ടിക്കൂവിൻ!

ചൊല്ലൂ സൗഖ്യമൊരിക്കലെങ്കിലുമിര-
പ്പാളിക്കുദിക്കുന്നുവോ-
യില്ലല്ലോ പുനരെന്തിനന്യരൊടു നാം
യാചിച്ചിടുന്നു വൃഥാ
എല്ലാം നല്കുക,യെന്നുമല്ല, ഫലമി-
ച്ഛിക്കതതിന്നും സഖേ!
ചൊല്ലേറും ധനമെങ്കിലൊന്നു ഹൃദയേ
വേണ്ടോളമുണ്ടായ്‌വരും.

അല്ലേ! നൂന,മഖണ്ഡനായ വിഭുവിൻ
ദായദനല്ലേ ഭവാ-
ന്നില്ലേ സ്നേഹമതായ വൻ‌കടലുമി-
ന്നുൾക്കാമ്പിലുൽക്കുലമായ്
എല്ലാം ‘നല്കുക! നല്കുകാ`രു ഫലമി-
ച്ഛിക്കുന്നവന്നുള്ളിലാ
നല്ലോരാഴി നശിച്ചു തുള്ളി ജലമായ്
ശേഷിച്ചുപോകും സഖേ!

ബ്രഹ്മംതൊട്ടണുജീവിയല്ല പരമാ-
ണുക്കൾക്കുമുൾക്കാമ്പതിൽ-
ച്ചെമ്മേ നില്പതഖണ്ഡമായ് വിലസിടു-
ന്നാ സ്നേഹമല്ലോ സഖേ!
അമ്മാഹാത്മ്യമതോർത്തു നീയതുകൾതൻ
പാദാരവിന്ദങ്ങളിൽ
സമ്മോദേന സമർച്ചചെയ്ക മനതാ-
രും ദേഹിയും ദേഹവും

പാരിൽക്കാണ്മതശേഷമോർക്ക പരമേ-
ശൻ‌തന്‍റെയാകാരമാ-
ണോരുമ്പോളവനെത്തിരിഞ്ഞെവിടെയ-
ന്വേഷിച്ചു പോകുന്നു നീ
ആരിക്കണ്ട ചരാചരത്തെയഖിലം
സ്നേഹിച്ചിടുന്നൂ സഖേ!-
യാരായാലുമവൻ മഹേശനെയുപാ-
സിക്കുന്നു തർക്കം‌വിനാ!