പറന്നു പോയ ഹംസം
എൻ. കുമാരനാശാൻ

പൊടുന്നനേ ഭൂമി വെടിഞ്ഞിവണ്ണം നീ
പറന്നുപോയല്ലോ പ്രിയമരാളമേ,

പെരുവഴിതന്നിലഹോ കരസ്ഥമാം
വിലയേറും ധനം കളഞ്ഞുപോകയാൽ

കുഴങ്ങിനില്ക്കുന്ന പഥികനെപ്പോലെ
മദീയമാനസമുഴന്നിടുന്നല്ലോ.

അതിസ്വാധീനമാം പ്രിയവസ്തുക്കൾ വി-
ട്ടകന്നു വിശ്വാസമിയന്നു ദൂരത്തിൽ

അതിചിരം കാര്യവശരായ് വാണിടാ-
മഴലില്ലായതിൽ അതുകൾതാൻ സ്വന്തം

പിടി വെടിഞ്ഞുപോവതു വിചാരിച്ചാൽ
പൊറുക്കാറില്ലൊരുനിമിഷം ദേഹികൾ

അനർഘരത്നങ്ങൾ സ്വയമണിയാതെ
നിജമഞ്ജുഷയിലിരുന്നാലും മതി

അരിയ പൂക്കൾതാൻ പറിക്കാതെ തന്‍റെ
മലർക്കാവിൻ‌കോണിൽ സ്ഫുരിച്ചാലും മതി

സുഖമന്യാദൃശമതിലുണ്ടോർക്കുകി-
ലഹോ മമതതൻ വിലാസമദ്ഭുതം!

ഇവറ്റതാനപഹൃതമായ്പോകിലു-
ണ്ടനുഭവവേദ്യമതിലുണ്ടാം ദു:ഖം.

അരിയോരന്നമേ,യതിചിരമെന്‍റെ
ഹൃദയപങ്കജസഖനായ് വാണ നീ

പറന്നുപോകുന്നൊരളവപ്പൂവിന്‍റെ-
യടിനാളംകൂടി ഹരിച്ചുവെന്നതോ

അകമലർ കരിഞ്ഞെനിക്കു സമ്പ്രതി-
യഹഹ! ലോകങ്ങളിരുളാകുന്നല്ലോ.

അതിനിടയ്ക്കയ്യോ തമസ്സിൽ കൊണ്ടലിൻ
ചടുലമാം,മിന്നൽക്കൊടി പായും‌പോലെ

കഴിഞ്ഞകാലമാമിരുട്ടിലോർമ്മതൻ
സ്ഫുരിച്ച ദൃഷ്ടിയും ചുഴിഞ്ഞെത്തുന്നല്ലോ.

വിചാരവായുവാൽ പടർന്നുകേറിയീ
വിയോഗമിന്ദ്രിയഗണങ്ങളെയെല്ലാം

ചൂടുന്നല്ലോ ധൈര്യശിലാതലം കാഞ്ഞു
ഞെരിഞ്ഞും പേശികൾ പുകഞ്ഞും കഷ്ട!മി-

ന്നടവേ തീ വീണ ഗിരിപോൽ സത്വര-
മകമേയെന്നാത്മാവെരിഞ്ഞിടുന്നല്ലോ