പ്രാണിദയ
എൻ. കുമാരനാശാൻ

കഠിനഹൃദയ നീ കടന്നിവണ്ണം
തുടരുവതെങ്ങനെ തൻ ഹിതത്തിനായി
വടിവെഴുമൊരു ജന്തുവെത്തുടിപ്പി-
ച്ചിടുവതിതെന്തിനതെന്തുചെയ്തു നിന്നെ?

കരുണയുടയൊരീശസൃഷ്ടിയാണീ-
യുരുവുകളൊക്കെയതോർത്തതില്ലയോ നീ
അറിയുമവനിതൊക്കെയോർക്ക മേൽനി-
ന്നറിയുക കേൾക്കുമിവറ്റ കേണിടുമ്പോൾ.

കരവതവനറിഞ്ഞു നോക്കുമേ നിൻ
കരമിതു ചോരയണിഞ്ഞ കത്തിയോടും
കരുതുകയതു സാധു ചേതനത്തിൽ-
പ്പരമലിവേകുക പോക കൊന്നിടായ്ക്.

ഇതിനെയുമിഹ നിന്നെയും ചമച്ചാ-
വിധിയൊരുപോലവനോർക്ക വിശ്വകർത്താ
മതിയിലിയലുകൻപൂ നിൻ വിധാതാ-
വധികദയാപരനെന്നതോർത്തു നീയും.