സരസ്വതീപഞ്ചകം
എൻ. കുമാരനാശാൻ

സാമോദം സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കൽ വിശ്വം
വ്യാമോഹിപ്പിച്ചു വെള്ളക്കമലമലരതിൽക്കാലുമേൽക്കാലുമേറ്റി
സീമാതീതം രസിക്കും സഖികൾനടുവു സംഗീതരംഗത്തിൽ മേവും
വാമാംഗി വീണവായിപ്പവൾ വരമരുളീടേണമെൻ വാണിമാതാ.

ദേവീ! നിൻ തൃക്കടക്കൺമുന സുഭഗതമേ രാഗവിസ്താരലോലം
ഹാ! വീക്ഷിച്ചന്തരംഗാകുലത തടവിയേകാന്തഗാനാന്തരത്തിൽ
ഭാവം മാറീടവേ നിൻ കരതലഗതമാം പൊൻവിപഞ്ചീവിലാസം
ലാവണ്യത്തിൽ ഭ്രമിക്കും വിധിയെ ലയസമാധിക്കു ലാക്കാക്കുമമ്മേ.

ഓമൽസംഗീതവും സാഹിതിയുമുടലതായ്‌ത്തിങ്ങിവിങ്ങുന്നയേ നീ-
യീ മന്നിൽപ്പൂവിലോലും മധുവുമുദിതനിർഹാരി സൗരഭ്യവുംപോൽ
ആമോദം ലോകമേലുന്നതു പുനരതിനാലാണു കല്യാണരൂപേ
നാമോതാം നീ വെടിഞ്ഞാൽ ഭുവനമഖിലവും ശാരദേ സാരഹീനം

എന്താകും ധർമ്മമെന്താം നൃപതിനയമഹോ സ്വർഗമോക്ഷങ്ങളെന്താ-
മെന്താം വാഗ്ദേവതേ നിൻപതിയുടെ കരസാമർഥ്യചിത്രം ജഗത്തും
ചിന്താരംഭങ്ങളീമന്നകമതിലയിതാവും കിനാവെന്നിയെന്താ-
മെൻതായേ നീ വെടിഞ്ഞാലുലകിടമുടനേ മൂകമാം ലോകവന്ദ്യേ.

തെല്ലായാലും സ്വയം നീ ജനനി കനിയുകിൽത്തേനൊഴുക്കാർന്ന വാക്കാൽ
വെല്ലാനും വിശ്വമെല്ലാം വിധിയെ വശഗനാക്കാനുമാർക്കാണശക്യം
വല്ലാതാർത്തിപ്പെടുന്നേനടിയനു വരദേയാശ്രയം പാർക്ക തൃക്കാ-
ലല്ലാതില്ലംബ വാഗീശ്വരി കരുണ ലവം പെയ്ക വൈകാതെ തായേ.