ഒരു ഗീതം

എൻ.വി. കൃഷ്ണവാരിയർ

അന്തിചുകന്നിടും മുന്നേ-ശനിയാഴ്ച്ച 
യന്നു മറിയവും കത്രീഞ്ഞയും 
എണ്ണയണിഞ്ഞു കുളിക്കുവാൻ വെൺമണ- 
ലാർന്നപുഴവക്കിലെത്തീടുന്നു 
(തങ്ങളില്‍ക്കൈകോർത്തുപോകയാണക്കയും 
തങ്കയും കണ്ണുകൾക്കെന്തുപൂരം!) 
കുളിർകാറ്റു വീശുന്നു,തളിരുകൾ തുള്ളുന്നു 
പുളകങ്ങൾ മെയ്യിൽത്തരിച്ചീടുന്നു 

മത്തായി തോട്ടത്തിൽനിന്നു വരുംവഴി 
നിർത്തുന്നു കാറു കടവുവക്കിൽ; 
എത്തിപ്പിടിച്ചു പുണർന്നു കത്രീഞ്ഞയെ 
മുത്തി,വലിച്ചു കാറേറ്റിടുന്നു 

(ചെക്കൻ മിടുക്കൻ പണക്കാരൻ സുന്ദരൻ; 
പുത്തൻ സ്റ്റുഡീബേക്കറാണു കാറും!)
കുളിർകാറ്റു വീശുന്നു,തളിരുകൾ തുള്ളുന്നു 
പുളകങ്ങൾ മെയ്യിൽത്തരിച്ചിടുന്നു; 

കണ്ണീർത്തുളുമ്പിപ്പറയുന്നു കത്രീഞ്ഞ 
“അമ്മച്ചിയെ ചേച്ചി നോക്കുമേലിൽ 
മുന്നമേ മത്തായിച്ചേട്ടനെൻ പ്രാണനാ 
ണിന്നി നാം പള്ളിയിൽ വെച്ചു കാണാം” 

(പൊല്‍പ്പനീർപ്പൂവിതൾക്കുമ്പിലഞ്ചാറു 
മുത്തുമണികളുരുണ്ടു വീണൂ!) 
കുളിർകാറ്റു വീശുന്നു,തളിരുകൾ തുള്ളുന്നു 
പുളകങ്ങൾ മെയ്യിൽത്തരിച്ചീടുന്നു! 
പാവം മറിയം!വിളർത്തു,പക,ച്ചൊന്നു- 
മാവാതെ പെണ്ണു മിഴിച്ചു നില്പ്പൂ 
കത്രീഞ്ഞയില്ലാതെയെങ്ങിനെ വീട്ടിലേ- 
യ്ക്കെത്തുമവ?-ളപ്പൻ കൊല്ലുകില്ലേ? 
(ചേച്ചി പുര മുറ്റിനില്ക്കേ,യിളയവൾ 
ചേർച്ചയോ,കെട്ടിക്കടന്നുപോയാൽ?) 
കുളിർകാറ്റു വീശുന്നു,തളി രുകൾ തുള്ളുന്നു 
പുളകങ്ങൾ മെയ്യിൽത്തരിച്ചീടുന്നു! 

“ഏതു നശിച്ചനാ,ളീശോ! പിറന്നു ഞാൻ? 
ഹേതുവെന്തിങ്ങനെ പാഴടയാൻ? 
എന്നിനിപ്പെങ്ങളെക്കാണുന്നു?മാളിക 
ചേർന്നവൾ മാടം മറക്കയില്ലേ” 
(മത്തായിച്ചേട്ടന്‍റെ മോടികളാണെങ്കിൽ 
നാട്ടകത്തൊക്കെയും, പാട്ടു തന്നെ!) 
കുളികാറ്റു വീശുന്നു,തളിരുകൾ തുള്ളുന്നു 
പുളകങ്ങൾ മെയ്യിൽത്തരിച്ചീടുന്നു! 

കത്രീഞ്ഞ തന്നരചുറ്റിയിടത്തുകൈ 
മറ്റേക്കരമോ,‘സുദർശനത്തിൽ’ 
കാറുപറപ്പിച്ചു പോകുന്നു മത്തായി 
നേരേ നഗരത്തിൽ ബംഗ്ളാവിൽ 
(പിറ്റേന്നു പട്ടണപ്പള്ളിയിലെന്തൊരു 
കൊട്ടും വെടിയും മണിയടിയും!) 
കുളിർകാറ്റു വീശുന്നു,തളിരുകൾ തുള്ളുന്നു 
പുളകങ്ങൾ മെയ്യിൽത്തരിച്ചീടുന്നു!