എളുപ്പവഴി

എസ്. ജോസഫ്

ഇത്തിരിദൂരമീ പാടത്തുകൂടി
വെക്കമൊന്നു നടക്കുകിലെത്താം
വണ്ടിയെത്തുന്ന ചന്തയി,ലങ്ങോ-
ട്ടൊന്നരമൈല്‍ കഷ്ടിച്ചുകാണും
എന്നുകേട്ടു നടന്നുവെയ്ലത്ത്
വിണ്ടുകീറിയ പാടത്തുകൂടി
വെള്ളമില്ലാത്ത തോടും കടന്ന്
വിള്ളലുള്ള മണ്‍തിട്ട കടന്ന്.
ഒട്ടുദൂരത്ത് ധാന്യം പൊടിക്കുന്ന
മില്ലു കാണുന്നടച്ചിട്ടതായി
മേലുപൊള്ളിക്കുന്ന വെയ്ലത്ത് ചൂടു-
കാറ്റുമാത്രം കിളികളുമില്ല
അങ്ങതാ പാലമൊന്നു കാണുന്നു
കുഞ്ഞൊരു ബസ് പോകുന്നു താണും
പൊങ്ങിയുമൊരു ചന്തത്തിലങ്ങനെ
സാരിത്തുമ്പൊന്നു കാറ്റില്‍ പറന്നു
ചന്തമിങ്ങനെയെന്നെഴുതുന്നു
ആ ബസ് തിരിച്ചെത്തുമ്പോഴേക്കെനി-
ക്കെത്തണമങ്ങു ചന്തക്കവലയില്‍.