അരക്കില്ലം
എസ്.രാഹുൽ
നെടുകെ പിറകിലേക്ക് ചാഞ്ഞു
ഭാഗ്യം, കസേല ചതിച്ചില്ല.
താങ്ങിനിന്ന ചിലരെപ്പോൽ
മൗനമായി കാമ്പ് മുറിച്ചില്ല.
ഇരവും പകലും കടന്നുപോയ്
അഴുക്കുചാലുകളിൽ തപ്പിനോക്കി
തിരിച്ചു വേണം ജീർണ്ണിച്ചതെങ്കിലും
പലർക്കായി പൊഴിച്ച നീരുകൾ.
ചിലർ അങ്ങനെയാണ്,
എല്ലാം മറന്നുകൊടുക്കും,
തീതിന്നുസ്നേഹിക്കും,
കാതും കണ്ണും കൂർപ്പിച്ചിരിക്കും,
വയർ മുറുക്കി കൂടെ നീങ്ങും,
ഒരു ചിരിയ്ക്കായി മരിക്കും.
ആൾക്കൂട്ടത്തിലും ശാന്തരാണവർ,
ഏകരാണ് ,നിശബ്ദരാണവർ.
പുണ്യമായ് ചെയ്ത പാപങ്ങൾ തൻ
കുറ്റബോധത്തിൽ നീറുന്നവർ.
ജീവിതം നാടകമാണെങ്കിൽ
ഞാനായിരിക്കണം മികച്ച നടൻ.
പലരുടെ തിരക്കഥയിൽ നടിച്ച്
നിശബ്ദതയിലേക്ക് നടന്നവൻ.
പലരും തൃഷ്ണ ശമിക്കുവാൻ
എന്റെ രക്തം കുടിച്ചിരുന്നു.
എന്റെ പഴന്തുണിക്കെട്ടിൽനിന്ന്
എത്രയോ അവിൽ വാരിത്തിന്നു.
കഴിയുമെങ്കിൽ എന്റെ കല്ലറയ്ക്കരികിൽ
നിൻ കൈകളാൽ ഒരു മരം നടുക
അതിൻ വേരുകൾ എൻ ഹൃത്തിൻ
ഉറവ തേടി വരാതിരിക്കില്ല.