ആ ചുടലക്കളം

ഉള്ളൂർ എസ്. പരമേശ്വരയ്യർ

തപ്തഹൃദയം


അന്ധകാരത്തിൻ വായിൽ
വീണുപോയല്ലോ ലോകം
ഹന്ത ! നാമത്രയ്ക്കുമേൽ
ശപ്തരോ സഖാക്കളേ ?
പോയല്ലോ നമുക്കുള്ള
പൂതമാം പുരാപുണ്യൃ
മായല്ലോ നാമിമ്മട്ടു
നിസ്വരാ,യനാഥരായ്.
കരഞ്ഞാൽ ഫലമെന്തു ?
കൺമിഴിപ്പതിൻമുമ്പു
മറഞ്ഞുവല്ലോ നമ്മെ-
കൈവെടിഞ്ഞസ്മൽഗുരു.
ഉയിരുണ്ടെന്നേയുള്ളു
ശവങ്ങളായി നമ്മൾ:
ഉടലുണ്ടെന്നേയുള്ളു-
പട്ടടപ്പാഴ്ച്ചാമ്പലായ്,
അവനിക്കെന്തുണ്ടിനി
വരുവാനത്യാഹിത-
മെവിടെക്കഴുകിയാൽ
മായുമീ മാറാപ്പങ്കം ?

II

രാഷ്ട്രീയോൽബോധനത്തിൽ
വിജ്ഞാനപ്രദാനത്തില്-
ലീള്വരസപര്യ‌ യിൽ,
സർവസത്ത്വോദ്ധ്വാരത്തിൽ,
സൂക്ഷമദൃഗ്‌വ്യാപാരത്തിൽ,
സുനുതോക്തിയിൽ, തുല്യ-
മീക്ഷയിൽ, ശശ്വദ്ധർമ്മ-
സ്ഥാപനവൈയഗ്ര്യത്തിൽ,
ശാന്തിയിൽ, സൗഭ്രാത്രത്തിൽ,
ത്യാഗത്തിൽ,ത്തപസസിൽ നാം
ഗാന്ധിജിക്കൊപ്പം ചൊൽവാ-
നന്യനെക്കണ്ടിട്ടുണ്ടോ ?
ആസ്സിദ്ധൻ, വയോവൃദ്ധൻ,
ജീർണ്ണാങ്ഗൻ സ്വരാജ്യത്തെ-
യീർച്ചവാളിനാൽ രണ്ടു
തുണ്ടായ് നാം പിളർക്കവേ.
അക്കാഴ്ചകണ്ടുണ്ടായ
യാതനക്കടിപ്പെട്ടു
നില്ക്കയായ് കർത്തവ്യതാ-
മൂഢനായ്, നിർവിണ്ണനായ്.
"അകത്തുകടപ്പോരെ
ഞാനൊന്നു ശോധിക്കട്ടെ;
പകച്ചുകൊത്തും പാമ്പു
പച്ചിലയിലും തങ്ങാം"
"പാടില്ല സർദാർ, പോരും
ദൈവത്തിനെന്നാ, ലാർക്കു
കേടുറ്റൊരെൻ ജീവിതം
നീട്ടാം ? ഞാൻ തൽപാണിസ്ഥൻ. "

III

എമ്മട്ടിൽ നിൽക്കും വാനി-
ലന്തിയാകുന്നു നേര
മെമ്മട്ടിൽ കർമ്മസാക്ഷി
മുന്നോട്ടു കാൽവെച്ചിടും ?
ഇടറും തന്മെയ് മെല്ലെ-
പ്പൗത്രിമാർ താങ്ങിത്താങ്ങിീ
നടപ്പൂ തൽപ്രാർത്ഥനാ-
യോഗത്തിലെത്താൻ ഗുരു.
ഞൊടികൊണ്ടപ്പോളയ്യോ,
പാഞ്ഞിടുന്നല്ലോ മൂന്നു
വെടിയാ മഹാത്മാവിൻ
നെഞ്ഞത്തും വയറ്റത്തും.
അങ്ങുവന്നതു പിന്നെ-
ക്കൊള്ളുന്നുവല്ലോ കേറി
ഞങ്ങൾ തൻ ഹൃദയത്തിൽ.
വിശ്വത്തിൻ സർവസ്വത്തിൽ
രണ്ടുവാക്കല്ലാതൊന്നു,
മോതീല "ഹാ റാം! ഹാ റാം!"
ഹന്ത! നീയിത്രയ്ക്കുമേൽ
ക്രൂരതയോ വർഗ്ഗീയതേ?

IV


ദാരിദ്ര്യം ശമിപ്പിക്കാൻ
നഗ്നനായ് ജീവിക്കുന്നു;
സമ്പത്തു വർദ്ധിപ്പിക്കാൻ
ചർക്കയിൽ നൂൽനൂൽക്കുന്നു,
ഊതിയാൽപ്പറക്കുന്നോ,-
രസ്ഥികൂടംകൊണ്ടാർക്കു
മൂഹിപ്പാനാവാത്തതാം
കാര്യങ്ങൾ സാധിക്കുന്നു
എവിടെക്കാണുംനമ്മ-
ളിതുമട്ടുദാത്തമാം
ഭുവനോദ്ധൃതിക്കുള്ള
പൂജ്യമാം നിത്യാധ്വരം?
എവിടെക്കേൾക്കും നമ്മ,-
ളിമ്മട്ടിലഭൗമമാം
വിവിധതത്വരത്ന-
ഭൂഷണം പ്രഭാഷണം?
ലോകസംഗ്രഹത്തിനായ്
ജനിച്ച ജീവന്മുക്തൻ
ശോകമോഹാർണ്ണവങ്ങൾ
കടന്ന ജിതേന്ദ്രിയൻ,
നിത്യത്തെ നേരിൽക്കണ്ട
നിർമ്മമൻ, നിഷ്കല്മഷൻ
ശത്രുവേപ്പോലും മിത്ര-
മാക്കിടും തപോരാശി,
ശ്വാപദങ്ങളെക്കൂടി
മാൻകിടാങ്ങളായ് മാറ്റാൻ
വൈഭവം വായ്ക്കും വ്യക്ത-
വൈശിഷ്ട്യൻ, യതീശ്വരൻ,
സത്യമാം പടവാളു,-
മഹിംസപ്പോർച്ചട്ടയും
ദുഷ്ടതാജയത്തിനായ്-
ക്കൈക്കൊള്ളും മഹാരഥൻ.
ആയുധം സ്പർശിക്കാതെ
യാങ്ഗ്ലേയസിംഹത്തിനെ
യാഴിയിൽപ്പിന്നോട്ടേക്കു
പായിച്ചോരമോഘാസ്ത്രൻ,
ഭൂവിലിന്നെവിടെയും
സർവഥാ സർവോൽകൃഷ്ട-
നേവർക്കുമെപ്പോഴുമെ-
ന്നെല്ലാരും പുകഴ്ത്തുവോൻ.
ഹിന്ദുവും മുസൽമാനും-
ക്രിസ്ത്യനുമെല്ലാം തന്നെ-
യൊന്നായ്ത്താൻ നിനയ്ക്കുവോൻ
ചൊല്ലുവോൻ, പ്രവർത്തിപ്പോൻ
കണ്ടിട്ടില്ലൊരുത്തനെ-
യദ്ദിവ്യൻ പാപിഷ്ഠനെ-
ക്കേട്ടിട്ടില്ലൊരിക്കലും
ഭീതിയെന്നൊരു ശബ്ദം.
ഇരുന്നാലതുംകൊള്ളാ,
മിറന്നാലതും കൊള്ളാം;
പരർക്കായ് ജീവിക്കണ,
മല്ലെങ്കിൽ മരിക്കണം.
ആ മഹാൻ കൂടെക്കൂടെ-
യാഹാരം കഴിക്കാതെ-
യാതിഥ്യം വാങ്ങിപ്പോകാൻ
വിളിക്കും കൃതാന്തനെ;
കണ്ണീരിൽ സ്നാനംചെയ്തു
കാണുമ്പോൾക്കഴൽക്കൂപ്പി
പിന്നാക്കം പേടിച്ചോടും
ഭീഷണൻ പ്രാണാന്തകൻ

V


നമ്മൾതൻ നവോൽപന്ന
സ്വാതന്ത്ര്യജനകനെ
നന്മതാൻ മനുഷ്യനായ്
ജനിച്ചോരമരനെ,
ആർഷഭൂവണിഞ്ഞീടു-
മാദർശരത്നത്തിനെ,-
യാർക്കുംതൻ ജന്മത്തിന്നു-
ധന്യത്വം വളർപ്പോനെ,
ഭാരതീയനാമൊരാ,-
ളഭ്യസ്തവിദ്യൻ, ഹാ! ഹാ!
കാരിരുമ്പുണ്ടകൊണ്ടു
തീർത്തല്ലോ ഗതാസുവായ്
അവനെപ്പേരെന്തോതി
വിളിച്ചിടേണ്ടു നമ്മ-
ളവമാനത്താൽ മുഖം
നമ്മൾക്കു കുനിപ്പോനെ?
അരുതത്തരം ചിന്ത
യരുൾചെയ്തിട്ടുണ്ടസ്മൽ
ഗുരു"നന്മയാൽ വേണം
തിന്മയെക്കാൽക്കീഴാക്കാൻ."
സോക്രട്ടീസിനെക്കൊൽവാൻ
ഗരളം കുടിപ്പിച്ചു;
യേശുവിൻ ശരീരത്തെ-
ക്കുരിശിൽത്തറച്ചു നാം;
കൃഷ്ണൻതൻ പാദത്തിനെ
കൂർത്തുമൂർത്തമ്പാൽ കീറി;
കൃത്സനമാം വർഗ്ഗഭ്രാന്തേ!
നീയിപ്പോളിതും ചെയ്തു
അത്യന്തം കൃതഘ്നങ്ങൾ
നീചങ്ങൾ ബീഭത്സങ്ങൾ
മർത്യർ തൻ മത ജാതി
വർഗ്ഗാദി ദൗരാത്മ്യങ്ങൾ

VI

ആ മഹോപദേശകൻ
പട്ടടത്തീയിൽക്കത്തി
വ്യോമത്തിൽനിന്നും കൃപാ-
രശ്മികൾ ചൊരിഞ്ഞിടും
അശ്മശാനത്തിൽ നിന്നു
ഭക്തന്മാർ സമർപ്പിക്കും
ഭസ്മത്താൽ പൂർവ്വാധികം
പൂതയാം ഗംഗാനദി
അസ്ഥലത്തുനിന്നോരോ
വീട്ടിലും പ്രസാദമായ്
സൂക്ഷിക്കപ്പെടുന്നൊർ
ശുദ്ധമാം ചെമ്മൺകളി
മാണിക്യക്കെടാവിള-
ക്കായിടും പുമർത്ഥങ്ങൾ
മാനുഷർക്കെല്ലാനാളും
നിധിയായ് രക്ഷിക്കുവാൻ.
ഈക്കൊടും പരസ്പര-
ദ്വേഷമാം പിശാചിനെ-
യാക്കുഴിക്കകം നമ്മ-
ളാഴത്തിൽത്താഴ്ത്തീടാവൂ!
നവമാം സാഹോദര്യ
സന്താനവൃക്ഷത്തിനെ-
യിവിടെ വളർത്താവൂ
നമ്മുടെ ബാഷ്പാംബുവാൽ!
ജീവിതക്കാറ്റാൽപ്പാതി-
യുയർന്ന ധർമ്മക്ഷേത്രം
ജീവിതരക്തത്താൽപ്പൂർണ്ണ-
മാക്കട്ടേ ജഗൽക്കാരു;
ആവശ്യപ്പെടാമതി-
ന്നവിടെയ്ക്കദ്ദേഹത്തിൻ
പാവനാംഗത്തിൽപ്പെടും
ചാരവുമെല്ലും നീരും