ആറ്റംബോംബ്

ഉള്ളൂർ എസ്. പരമേശ്വരയ്യർ

തപ്തഹൃദയം 


അണഞ്ഞില്ലഗ്നിയാഹവനവേദിയി-
ലവസിതമായില്ലഥർവണഹോമം.

ഇരിക്കുന്നൂ ചുറ്റും മഹാഭിചാരത്തിൻ
മറുകരകണ്ട മദാന്ധർ യാജകർ.
  
അവിടെയപ്പൊഴേതൊരു സത്വം കട-
ന്നവർക്കുമുന്നിൽനിന്നലറിയാർക്കുന്നു?

നെടിയ പാമ്പൊളി രസന നീട്ടിയും,
കൊടിയ വീരപ്പല്ലിളിച്ചുകാട്ടിയും.

ചൊകചൊകക്കനൽ ചൊരിയും നോട്ടവും,
പകച്ച പാരിടം തകർക്കും ചാട്ടവും,

പൊലിച്ചു കർക്കശമരണശംഖൂതി-
ക്കലിതുള്ളുന്നല്ലൊ കലിതദുർമ്മദം!

അറിയില്ലേ നിങ്ങളതാണു പുത്തനാ-
മറുകൊലപ്പിശാചാണുദഹനാസ്ത്രം

സയൻസു ദുഷ്ടനാം മനുഷ്യൻ ജഗൽ
ക്ഷയത്തിനേകിന സമൃദ്ധസമ്മാനം

വികൃതം, നിഷ്ഠുരം, വികടം, ദുശ്ശമം,
സകൃല്പ്രദീപ്തിയിൽ സമസ്തഘസ്മരം.

പരേതരാജനില്ലവണ്ണമായുധം;
ഗരളമില്ലിമ്മട്ടഹിസമ്രാട്ടിനും.

II

അടിമുടിയെങ്ങും വിറകൊണ്ടബ്ഭൂത-
മിടിയൊലിപൊന്തിച്ചിളകിയാടവേ,

അതിനെയാവാഹിച്ചഴിച്ചു വിട്ടവർ
പതറി മെയ്കുലഞ്ഞരണ്ടു നിൽക്കുന്നു

അവരുടെ ചെവിക്കകത്തപ്പേച്ചിയു-
മിവണ്ണം വാഗ്വജ്രം തുളച്ചുകേറ്റുന്നു.

"കഴിഞ്ഞു മാറ്റാർതൻകഥ,യവരിനി
മിഴി തുറക്കില്ല; തലയുയർത്തില്ല.

ഒരു ചവിട്ടിനാലൊരു പുരം ചുട്ടേൻ,
മറുചവിട്ടിനാൽ മറുനഗരവും

ഒരു പരമാണുസ്വരൂപം കൈക്കൊണ്ടു
തറയിൽ ചാടിപ്പാഞ്ഞൊരൂളിയിട്ടു ഞാൻ,

ഉരഗലോകത്തിൻ ശിരസ്സിൽ കൂത്താടി-
യിരച്ചുവീണ്ടും വന്നിളയിൽപ്പൊങ്ങിനേൻ

ഒരഗ്നികന്ദുക,മൊരുജ്ജ്വലദണ്ഡ,
മൊരാജിദേവതാനവജയധ്വജം,

ഒരു പൊട്ടിക്കത്തുമെരിമലയിമ്മ-
ട്ടുയർന്നു തീമഴ പൊഴിച്ചു ചുറ്റിലും,

തടിൽകുലങ്ങൾതൻ മിഴിയടപ്പിച്ചേ-
നുഡുഗണങ്ങളെക്കിടുകിടുക്കിച്ചേൻ.

ഇനി ഞാൻ വേണ്ടതെ,ന്തുരപ്പിനേതൊരു
ജനതയെക്കൊന്നു കുഴിച്ചുമൂടണം?

നറുമലർക്കാവേതരനിമിഷത്തിൽ
മരുമണൽക്കാടായ് മറിച്ചു തള്ളണം?

പടയ്ക്കു ഞാനെങ്ങു നടക്കണ,മെന്നെ-
പ്പടച്ചുവിട്ടില്ലേ പകയരേ നിങ്ങൾ?

വയറും വായുമീക്ഷണം നിറയണ-
മുയി, രുയി, രുയിർ, നിണം, നിണം, നിണം."

III

നടുനടുങ്ങിടുമുടലൊടും തൊണ്ട-
യിടറിക്കൊണ്ടവർ മറുമൊഴി ചൊല്‍വൂ.

'അണുശക്തിക്കുള്ളിലധിഷ്ഠാനം ചെയ്യു-
മനന്തവൈഭവേ! മഹോഗ്രദേവതേ!

അവനിക്കശ്രുതചരം ഭവതിത-
ന്നവന്ധ്യമാരണപരാക്രമക്രമം,

പ്രമഥനയതന്ത്രപരിചയത്താൽ തൽ
സമത നേടിയൊരിവരോടും മെല്ലെ

മതിയിപ്പാതകം മതിയെന്നോതുന്നു
ഹൃദയദൗർബ്ബല്യം, ശ്മശാനവൈരാഗ്യം.

മടങ്ങി സ്വസ്ഥാനമണഞ്ഞുകൊണ്ടല്‍പ-
മടങ്ങി വിശ്രമിച്ചരുളണേ, ദേവി!

അരികളാരാനും വരികിലക്ഷണ-
മരികിലെത്തിടാനറിയിക്കാം മേലും,

ഒരു തെല്ലുപ്പിടിയവരെ നീ കാട്ടി-
ത്തിരിയെപ്പോന്നാലും വിജയികൾ ഞങ്ങൾ.

IV

അവരോടസ്സ്ത്വമുരയ്പുരോഷവു-
മവജ്ഞയും കലർന്നിതിനു മേൽമൊഴി.

'അബദ്ധമെന്തോന്നു പുലമ്പുന്നു നിങ്ങ-
ളപത്രപയൊടുമനുശയത്തൊടും?

ഉറങ്ങണംപോൽ ഞാ,നുണരണംപോൽ ഞാൻ,
നരകൃമികളേ! ഭുവൽഭുജിഷ്യയായ്!

അവതരിച്ചതിന്നതിനല്ലോർക്കുവിൻ
ഭുവനസംഹൃതിവ്രതസ്ഥയാമിവൾ.

അലമുറയിട്ടാൽ ഫലമെന്തുണ്ടിനി?
വിളവു കൊയ്യട്ടേ വിതച്ച കൈതന്നെ.

ഒരു യമനും പണ്ടദൃശ്യമായൊരീ
നരകത്തിൻനട പൊളിച്ചെറിഞ്ഞപ്പോൾ

അതിനകത്തെത്രയറുകൊലപ്പറ്റം
പതിയിരുപ്പുണ്ടെന്നറിഞ്ഞുവോ നിങ്ങൾ?

അവരുടെയൊരു ചെറുമുന്നോടിഞ്ഞാ-
നവരണിനിരന്നടുത്തു വന്നല്ലൊ.

അതീവദുഷ്‌ടികളവർതൻ ദൃഷ്‌ടിയിൽ
മദീയഹിംസനം മശകദംശനം!

അവരെയും ചിലർ ഭജിച്ചിരിപ്പുണ്ടാ-
മവരുമബ്‌ഭക്തർക്കഭീഷ്‌ടമേകിടാം.

അടുത്തുവന്നിടും പട നിനയ്‌ക്കിലീ-
യടരൊരുവെറും സുഹൃൽസമ്മേളനം.

ഹിരോഷിമാ പോയ വഴിയടഞ്ഞിട്ടി-
ല്ലറിവിൻ, ന്യൂയോർക്കുമതിലേ പോയിടാം.

V

പറവിൻ! ഞാൻ നിങ്ങൾക്കതിന്നുമുൻപിലി-
ദ്ധരണിയെച്ചുട്ടു പൊടിച്ചു നൽകട്ടെ?

കുരുക്കില്ലങ്ങൊരു ചെറുപുല്ലും മേലിൽ,
മറുതലപൊക്കാൻ പഴുതുണ്ടൊ പിന്നെ?

അശാന്തരായ് നിങ്ങൾക്കഹങ്കരിക്കാമ-
ശ്‌മശാനവേദിയിൽപ്പിശാചുകൾപോലെ.

വെളുപ്പു മെയ്‌ക്കു പത്തിരട്ടിവായ്‌പിക്കാ-
മളവറ്റങ്ങെഴും പുതിയ വെണ്ണീറാൽ.

അതിനൊരു പശ്ചാത്തലമായ് മിന്നിക്കാ-
മതുലമാം ഭവദപയശഃ പങ്കം.

പറവിനിന്നെന്തെൻ കടമയെന്നു; ഞാൻ
പരർക്കോ നിങ്ങൾക്കോ പദവി നൽകേണ്ടൂ

അടർക്കളത്തിൽ സ്വാദറിഞ്ഞ ഞാൻ നിങ്ങൾ-
ക്കടങ്ങി നിൽക്കയില്ലധികംനാൾ മേലിൽ,

പലതുമിത്തരമുരച്ചപ്പേച്ചി, തൻ
ബലിക്കൊടയ്‌ക്കല്‌പം വിളംബം കാണവേ

കടുകടെപല്ലു ഞെരിച്ചമറുന്നു;
ജടപറിച്ചാഞ്ഞു നിലത്തടിക്കുന്നു;

കിളർന്നു വാനിലേക്കുറഞ്ഞു ചാടുന്നു;
കുലമലകളെക്കുലുക്കി വീഴ്‌ത്തുന്നു;

ഒരുവിധം കലി നിലച്ചപോലെയ-
ക്കരു പിൻപയാതിന്നറിയിൽപ്പൂകുന്നു.

അതു തൊടുത്തുവിട്ടടരിൽ വെന്നോർ തൻ
ഹൃദയം പിന്നെയും പിടച്ചു തുള്ളുന്നു.

അവിടെനിന്നപ്പോളൊരു മൊഴി
മവിശദം, പിന്നെ വിശദം, പൊങ്ങുന്നു.

"അരുതെന്നെത്രനാൾ വിലക്കിനേൻ
ക്കരുമന? നിങ്ങളതു ചെവിക്കൊണ്ടോ?

എരിയും കൈത്തിരി ശിശുക്കളെ
മരുന്നറയ്ക്കുള്ളിൽ വലിച്ചെറിഞ്ഞല്ലോ?

മുടിച്ചല്ലോ ഭൂമി മുഴുവനുമൊ
ക്കെടുത്തല്ലോ ഭാവി, പലർക്കും നിങ്ങൾക്കും.

മദിച്ചു മല്ലിട്ടു മരിപ്പിന
യദുകളേരകാതൃണത്തിനാൽപ്പോലെ

സഹജഹിംസയിൽ കുതുകിയായ് നരൻ
പ്രഹരണമെന്നു കരത്തിലേന്തിയോ,

അവന്‍റെ ലോകം വിട്ടകന്നു പോ,യപ്പോൾ
ഭുവനതാതനാം പുരാൻ പുരാതനൻ;


മറന്നു പോയമ്മട്ടൊരു പദാർത്ഥം താ-
നൊരിക്കൽപ്പണ്ടെന്നോ ചമച്ച വൃത്താന്തം.

സമരമെങ്ങനെ തരും സമാധാനം?
തിമിരമെങ്ങനെ വെളിച്ചമേകിടും?

പുതിയൊരിബ്ഭവദ്വിജയസാഹസം
പ്രതിവിധിയറ്റ പരമപാതകം

VI


ഒരു വഴിയുണ്ടു മനുഷ്യൻ നന്നാവാ-
നൊരേയൊരു വഴി മറുവഴിയില്ല,

ഒരു കുടുംബമായ്പ്പുലർന്നാൽ ജീവിക്കാം,
പിരിഞ്ഞു മാറിയാൽ മരിച്ചു മണ്ണാകാം

ഒരു ജനപദം മതിയിനി,യതിൽ
ശരിക്കു നീതിതൻ ഭരണവും മതി.

മതിയും, ജാതിയും, നിറവും ലോകത്തെ-
പ്‌പൃഥക്കരിച്ചതു മതി, മതി, മതി.

എളിയവരെന്നും വലിയവരെന്നു-
മിളയിൽ മേലൊരു വിഭാഗമേ വേണ്ട

സമസ്തമായിടുമവസ്ഥയിങ്കലും
സമത്വം സർവരും സമാശ്രയിക്കട്ടെ

മുരട്ടുദേശീയമനഃസ്ഥിതിയുടെ
ശിരസ്സിൽ വീഴട്ടെയണുബോംബൊക്കെയും

ശിലകണക്കുള്ളിൽക്കിടക്കും സ്വാർത്ഥത്തിൽ
തലയിലേവരും ചവിട്ടിനിൽക്കട്ടെ

അതിൽനിന്നപ്പൊഴുതുയരും ശാന്തിയാം
സതിയതീശ്വരസധർമ്മചാരിണി

നിലവിലുണ്ടല്പമിനിയും ദൈവിക-
കലയെന്നാലതു വെളിക്കു കാട്ടുവിൻ

അണുബോംബും മറ്റുമവനിനന്നാക്കാ-
നിണക്കുവിൻ; വിഷമമൃതമാക്കുവിൻ.

വലിയ സാ‌മ്രാജ്യതിമിങ്ഗലങ്ങൾക്കീ
വഴിരുചിക്കാഞ്ഞാൽക്കുറെദ്ദിനങ്ങളിൽ

ധരണി നിർന്നരഗ്രഹങ്ങളിലൊന്നാം;
മറന്നുപോം വിശ്വമതിൻ കഥപോലും

ജനനിക്കക്ഷതി വരുത്തിവെയ്ക്കൊല്ലെ
മനുജരെ! നിങ്ങൾ മതിമാന്മാരല്ലേ?"