ഇരുമ്പിന്‍റെ നൈരാശ്യം
ഉള്ളൂർ എസ്. പരമേശ്വരയ്യർ
തപ്തഹൃദയം
പോരുമീഞെളിച്ചിലെൻ
പൊന്നുടപ്പിറപ്പേ! നീ-
യാരു, ഞാനാരെന്നൊന്നു
ശാന്തമായ്ച്ചിന്തിക്കുമോ?
സങ്കടം പരർക്കാർക്കു
മേകാതെ നീണാൾ നമ്മൾ
തങ്കമേ! പുലർന്നീലേ
പാരിതിൽപ്പണ്ടേക്കാലം?
നമ്മളന്നദൃശ്യരാ-
യേവർക്കും, വിശാലമാ-
മമ്മതൻ മടിത്തട്ടി-
ലാനന്ദിച്ചുറങ്ങീലേ?
അത്തവ്വിലെത്തിക്കുറേ-
ക്കൂട്ടായ്മക്കവർച്ചക്കാർ
സത്വരം നമ്മെക്കൊണ്ടു
മണ്ടിനാർ മുകൾപ്പാട്ടിൽ.
സ്വോപയോഗാർത്ഥം നമ്മെ-
സ്സംസ്കരിച്ചെടുത്തപ്പോൾ
ഹാ? പരം നീ മഞ്ഞയായ്,
ഞാൻ വെറും കറുപ്പുമായ്.
വർണ്ണത്തിൻ വ്യത്യാസം
കണ്ടാഹ്ളാദമാർന്നോർ; നമ്മെ-
ബ്ഭിന്നിപ്പിച്ചമർത്തുവാ-
നാവഴിക്കല്ലീ പറ്റൂ?
എന്നത്തൽ സൗകര്യങ്ങ-
ളാദ്യമായ് വർദ്ധിപ്പിക്കാൻ
സന്നദ്ധനാക്കീ; ഞാനു -
മായതിൽ കൃതാർത്ഥനായ്.
ദീനർതൻ ബുഭുക്ഷയെ-
ശ്ശീഘ്രമായ് ശമിപ്പിക്കാൻ.
കാനനം നാടാക്കുവാൻ,
കെട്ടിടം ചമയ്ക്കുവാൻ;
എത്രയോ തരത്തിൽ ഞാ-
നീമട്ടിൽപ്പണിപ്പെട്ടു
മർത്ത്യർക്കു നല്കീടിനേൻ
സൗഖ്യവും സുഭിക്ഷവും.
യാതൊന്നും പ്രയോജനം
കാണായ്കമൂലം നിന്നെ-
യാദരിക്കുവാനാശ-
യന്നവർക്കുണ്ടായീല.
പിന്നെയാണൊരേടത്തു
മേനിയും മിനുക്കിയെൻ-
പൊന്നേ! നീ മേവും കാഴ്ച
കണ്ടതപ്പൊണ്ണബ്ഭോഷർ,
പ്രീതിപൂണ്ടെടുത്തുടൻ
നിന്നെത്തദ്വധുക്കൾ തൻ-
കാതിലും കഴുത്തിലും
കയ്യിലും ഘടിപ്പിച്ചാർ.
എങ്ങുമേ സമൃദ്ധമായ്
വ്യാപിക്കും കാർകൊണ്ടൽ ഞാ-
നിങ്ങങ്ങൊരല്പം മാത്രം
ദൃശ്യയാം വിദ്യുത്തു നീ
ആകമാനവും നിന്നെ-
ക്കയ്യടക്കുവാൻ വെമ്പീ
മോഹത്താൽ സാമ്രാജ്യങ്ങൾ,
മത്സരം വിജൃംഭിച്ചു;
കാട്ടുതീക്കൊപ്പം ദ്വേഷം
മൈത്രിയെദ്ദഹിപ്പിച്ചൂ.
ജ്യേഷ്ഠനും കനിഷ്ഠനും
സുന്ദോപസുന്ദന്മാരായ്
ആയിരം സ്വരൂപത്തിൽ
വാർത്തുതേച്ചെടുത്തെന്നെ-
യായുധീകരിച്ചുകൊ-
ണ്ടന്യോന്യമങ്കം വെട്ടി.
ഞാനെന്തുചെയ്യും, ദീനൻ?
എൻജന്മം തുലയ്ക്കുന്നൂ
മാനുഷക്രവ്യാദർതൻ
പങ്കത്തിൽപ്പങ്കാളിയായ്
കോശമാമന്തഃപുരം
തന്നിൽ നീ മേളിക്കുന്നു
ഘോഷാസ്ത്രീക്കൊപ്പം, ഹന്ത!
ബന്ദിയായ് പ്രഭാകീടം.
പാകത്തിൽ നിന്നെക്കാത്തു
നിൽക്കുന്നൂ വെളിക്കു ഞാൻ;
ലോഹമില്ലാഞ്ഞാലാർക്കു
സുസ്ഥിരം കാർത്തസ്വരം?
കൂരിരുട്ടാകുന്ന ഞാൻ വേല
ചെയ്യുന്നൂ; ചിത്രം
സൂരബിംബമാം നീയും
സ്വാപത്തിൽ സുഖിക്കുന്നു.
ഹൃത്തിലെന്നോർക്കൂ തോഴി
നാം രണ്ടുപേരും ചേർന്നീ-
മർത്ത്യർതൻമാറാദ്ദാസ്യ-
മെത്രനാൾ ചുമക്കണം?
കൊല്ലുന്നു കൊല്ലുന്നു ഞാ-
നന്ധനാ,യെന്നെക്കൊണ്ടു
കൊല്ലിച്ചു കൊല്ലിച്ചു നീ
മൂഢയായ് രസിക്കുന്നു.
കഠിനീഭവിച്ചതാ-
മെൻകരൾത്തട്ടിൽപ്പോലും
കദനം നിറച്ചീടു-
മിദ്ദൃശ്യം സുദുസ്സഹം.
ഇമ്മഹാപാപം പോരും:
ദൈവത്തിൻകരം വീണ്ടും
നമ്മളെബ്ഭൂഗർഭത്തി
ലാഴ്ത്തുവാൻ പ്രാർത്ഥിക്ക നാം.
എത്രമേൽക്കാമ്യം നമു-
ക്കാശ്മശാനാന്തർവാസ-
മിത്തരം വ്യാപാരത്താൽ
ജീവിക്കുന്നതെക്കാളും.