ഓമനേ നീയുറങ്ങ്!
ഉള്ളൂർ എസ്. പരമേശ്വരയ്യർ
കിരണാവലി
ഓമനേ, നീയുറങ്ങെന്മിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്‍റെ തങ്കം!
ആടിയും പാടിയും ചാടിയുമോടിയും
വാടിയും വീടും മുഖരമാക്കി
വാടി വിയർത്ത മുഖാംബുജത്തോടെന്നെ-
ത്തേടി നീയന്തിയിൽ വന്നനേരം
നിൻകവിൾത്തങ്കത്തകിട്ടിങ്കൽപ്പിഞ്ചുമ്മ-
യെൻകണ്ണിലുണ്ണി! ഞാനെത്ര വച്ചൂ!
നെറ്റിപ്പനിമതിപ്പോളമേലങ്ങിങ്ങു
പറ്റിക്കിടന്ന കുറുനിരകൾ
കോതിപ്പുറകോട്ടൊതുക്കി വെൺമുത്തൊളി-
സ്വേദബിന്ദുക്കൾ തുടച്ചുമാറ്റി
ആരോമൽപ്പൈതലേ! ഞാനെത്ര നിന്നെയെൻ
മാറോടണച്ചു പുണർന്നു നിന്നു!
അൻപാർന്നു വെള്ളിത്തളികയിൽ ഞാൻ നല്‌കും
പൈമ്പാൽപ്പൊടിയരിച്ചോറെൻ കുട്ടൻ
പാർവണത്തിങ്കളിൽത്തങ്ങുമമൃതൊരു
ഗീർവാണബാലൻ ഭുജിക്കുംപോലെ
മിഷ്ടമായ് ഭക്ഷിച്ചുറങ്ങുകയായ് പൂവൽ
പ്പട്ടുമേലാപ്പണിത്തൊട്ടിലിതിൽ
വാനിൽക്കതിരൊളി വീശിത്തിളങ്ങീടും
തൂനക്ഷത്രത്തിൻ ശരിപ്പകർപ്പേ!
ആണിപ്പൊൻചെപ്പിനകത്തു വിലസീടും
മാണിക്യക്കല്ലിന്നുടപ്പിറപ്പേ
ഓമനേ, നീയുറങ്ങെൻമിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്‍റെ തങ്കം!
II
തങ്കക്കിണ്ണം നീയെടുത്തൊരു കുട്ടക-
ത്തിങ്കലിടും വിധമെൻ മകനേ!
ചെങ്കതിരോനെയെടുത്തു സായങ്കാലം
വങ്കടലിലിട്ടു മുക്കിടുന്നു,
ദൂരെപ്പടിഞ്ഞാറായ് വാനത്തു മഞ്ഞയും
ചോരച്ചുവപ്പും കലർന്ന കാന്തി
അർക്കനാം സ്വാമിയെയാറാടിക്കും ദേവർ
വയ്ക്കും വെടിക്കെട്ടിൻ ദീപ്തിയാവാം
പാരാം കടലാസ്സിൽ പാടേ പരക്കുവാൻ
പോരും കരിമഷി വാനിൽനിന്നും
താഴോട്ടു കുപ്പി കമിഴ്ത്തിയൊഴിക്കുന്നു
തായാട്ടു കാട്ടുന്ന പൈതലേതോ!
ഓമനപ്പൂർവാദ്രിശൃംഗക്കാൽത്തട്ടേറ്റ
ശീമക്കമലപ്പന്തെന്നപോലെ.
മാനത്തു പൊങ്ങിന പൗർണ്ണമാസിത്തിങ്കൾ
വാനവബാലർ കരസ്ഥമാക്കി.
അമ്പിളി വെൺകതിരെന്ന കപടത്താ-
ലൻപിലിരവാകുമംഗനയാൾ
തന്മടിയിങ്കൽ കിടത്തിയീലോകത്തെ-
യമ്മിഞ്ഞ നല്കിയുറക്കിടുന്നു.
വിൺപുഴത്തങ്കത്തരിമണലപ്പം വ-
ച്ചുമ്പർകിടാങ്ങൾ കളിക്കുംപോലെ
അന്തമില്ലാതുള്ള താരങ്ങൾ മേൽക്കുമേ-
ലന്തരീക്ഷത്തിൽ വിളങ്ങീടുന്നു.
മാങ്കന്നിച്ചെന്തളിർത്തല്ലജം തിന്നൊരീ-
യാൺകോകിലപ്പൈതലെന്മകനേ!
തൻചെറുകണ്ഠമാം പീപ്പി പിടിച്ചൂതി
നിൻചെവിക്കിമ്പം വളർത്തിടുന്നു.
തൈമണിപ്പൂന്തെന്നൽ തള്ളിക്കടന്നൊരുൾ-
പ്രേമത്തഴപ്പെഴു'മായ'പോലെ
നിങ്കണിത്താരൊളി മേനിച്ചടപ്പു തൻ
പൊൻകൈവിശറിയാൽപ്പോക്കിടുന്നു.
മംഗല്യാലങ്കാര വാടാവിളക്കായ് വ-
ന്നെൻഗൃഹമാളുമൊളിത്തിടമ്പേ!
നിൻനിഴലിൻപടി കാണ്മൂ ഞാൻ കത്തുമി-
പ്പൊന്നിൻനിലവിളക്കന്തികത്തിൽ,
നന്ദനനേ! മനോനന്ദനനേ! നല്ല
നന്ദനാരാമ നറുമലരേ!
ഓമനേ, നീയുറങ്ങെൻമിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്‍റെ തങ്കം!
III
താമരയല്ലിപ്പൊതിപ്പിഞ്ചിതൾമിഴി-
യോമനേ! ചിമ്മിയുറങ്ങീടും നീ
പാവയും പീപ്പിയും പമ്പരവും പന്തും
പാവങ്ങൾ--ചുറ്റും കിടപ്പതൊന്നും
കാണുന്നീലല്ലോ; കറയറ്റ നിൻ പുറം
പ്രാണങ്ങളല്ലീയിവറ്റയെല്ലാം?
മുല്ലപ്പൂമൊട്ടൊളിപ്പല്ലിൻകുരുന്നുകൾ
മെല്ലവേ തെല്ലു വെളിക്കു കാട്ടി
ചെല്ലച്ചെറുചിരിക്കള്ളത്താൽ തത്വം നീ
ചൊല്ലിത്തരുന്നു; ഞാൻ വിഡ്ഢിതന്നെ!
ആയായ്! ഈ മൺകളിപ്പണ്ടങ്ങളെങ്ങോ? നി-
ന്നായത്താനന്ദമുറക്കമെങ്ങോ ?
നിദ്രയാം ദേവിതൻ വാത്സല്യപൂർണ്ണമാം
ഭദ്രദപ്പൊൽക്കരത്താലോലത്തിൽ
ഞങ്ങൾക്കു ചിന്തിപ്പാൻപോലുമശക്യമാം
മംഗളമല്ലോ നിനക്കധീനം.
വാനത്തുനിന്നു വരിവരിയായെത്ര
വാനവമാനിനിമൗലിമാരോ
തിങ്കൾക്കുളിർക്കതിർക്കോണിവഴിയായ് വ-
ന്നെൻകുഞ്ഞേ! നിന്മെയ്‌തലോടി നില്പൂ!
ബ്രഹ്മാനന്ദപ്രദമായ്ച്ചില പാട്ടുക-
ളമ്മാൻകിശോരമിഴിമാർ പാടി
മെല്ലവേ പീയൂഷയൂഷം പൊഴിപ്പൂ നിൻ
ചെല്ലക്കുരുന്നു ചെവിയിണയിൽ.
വിണ്ണവർകോനുടെ പള്ളിവില്ലിൽപ്പെടും
വർണ്ണങ്ങൾകോലും കിളിച്ചെണ്ടുകൾ
കല്പകപ്പൂക്കളാൽക്കെട്ടിക്കളിപ്പാനെ-
ന്നപ്പനു നല്കുന്നുണ്ടാ വധുക്കൾ.
പാലാഴിപെറ്റ സുരഭിയാം പൈയിനെ-
ച്ചാലേ കറന്നു ചുടുനറുംപാൽ
അപ്പാലു കാച്ചിയുറച്ച തയിർ കട-
ഞ്ഞപ്പാടേ നേടിയ വെണ്ണയുമായ്
മംഗല്യഗാത്രിമാരാമവർ നല്കുന്നു-
ണ്ടെൻ കണ്മണിക്കു ഭുജിച്ചുകൊൾവാൻ.
വാരാശിമേഖലത്തയ്യലാളാമമ്മ!
നാരായണസ്വാമിയാകുമച്ഛൻ;
ദേവതമാരാകും ചേടിമാർ; ഓമന-
പ്പൂവൽമെയ്ത്താരങ്ങളാ വയസ്യർ;
ഈവണ്ണമുള്ളോരാൽ പോഷിതമാകും നിൻ
കേവലസ്വപ്നസുഷുപ്തിസൗഖ്യം
എൻപാഴുറക്കുപാട്ടെന്തിന്നു ഭഞ്ജിപ്പു?
നിൻപാട്ടിൽ നീയുറങ്ങെന്‍റെ തങ്കം!
എന്മാംസദൃഷ്ടികൾക്കെത്രയോ ദൂരയാ-
ണിമ്മാന്യഗാർഹികയോഗക്ഷേമം.
ശൈശവസ്വാപസുഖാവൃതനാം നിന-
ക്കാശീർവചസ്സെന്തു ഞാനുരയ്പൂ?
എന്തധികാരമെൻ നാവിന്നതോതുവാൻ!
ഹന്ത! ഞാൻ മണ്ണിലേ മണ്ണുമാത്രം!
ത്രൈലോക്യശില്പി ഹിരണ്യഗർഭൻ തന്‍റെ
ചേലുറ്റ സൃഷ്ടിസൗധത്തിൽനിന്നും
പുത്തനായ് വാർത്തു പുറത്തിറക്കും തങ്ക-
പ്പത്തരമാറ്റൊളി വിഗ്രഹമേ;
ചേറുമഴുക്കും ചെറുതും പുരളാത്ത
ചാരുകളേബരതല്ലജമേ!
പാഴാകും പാപനരകക്കടലിന്‍റെ
താഴത്തെത്തട്ടിൽക്കിടക്കുമെന്നെ
നീയായ തൂവെൺമുഴുമുത്തിനുത്തമ-
ശ്രീയാർന്ന ശുക്തികയാക്കി ദൈവം.
തന്ത്രവിധിയറിയാത്ത ഞാൻ നിൻ പൂജ-
യന്തഃകരണത്താൽ മാത്രം ചെയ്യാം.
എന്മകനേ! നിൻ വിശുദ്ധസംസർഗ്ഗത്താൽ
നന്മയെനിക്കു വളർന്നീടട്ടേ.
സ്മേരമായ് സ്വാപത്തിൽ മിന്നും നിന്നാനന-
സാരസത്തെക്കണ്ടുചാരിതാർത്ഥ്യം
ചേരുമെനിക്കതുതന്നേ സഗുണമാം
താരകബ്രഹ്മമായ്ത്തീർന്നീടട്ടേ.
കൈച്ചെങ്കോൽ ദൂരത്തുവച്ചോരു രാജാവേ!
വജ്രമിളക്കാത്തോരുമ്പർകോനേ!
ഭീകരശക്തി വെടിഞ്ഞ കുമാരനേ!
യോഗദണ്ഡേന്താത്ത ലോകഗുരോ!
ആരോമലേ! നിന്നെപ്പോലൊരു പൈതലി-
ബ്‌ഭാരതഭൂമിയിൽപ്പണ്ടൊരിക്കൽ
കാന്തിക്കുളിർക്കതിർക്കറ്റയുതിർത്തീടും
പൂന്തിങ്കൾക്കുട്ടനായ് വാനിലേറി.
നിന്നിൽ നിലീനമാം പ്രാഭവമോർക്കുമ്പോൾ
നിന്നെയുമെന്നെയും ഞാൻ മറപ്പൂ,
ഓമനേ, നീയുറങ്ങെൻമിഴിവണ്ടിണ-
ത്തൂമലർത്തേൻകുഴമ്പെന്‍റെ തങ്കം!