ഒരു വീരമാതാവ്
ഉള്ളൂർ എസ്. പരമേശ്വരയ്യർ
കിരണാവലി
പെരുമ്പടപ്പൂഴി പടർന്നിരുന്ന
പെരുമ്പടപ്പൂഴിയിൽ മുമ്പൊരിക്കൽ
കോയിക്കലുച്ചയ്ക്കമറേത്തിനായ്ച്ചെ-
ന്നിരുന്നു രാജന്യകുമാരനേകൻ. 1
അടർക്കളം തേടിനൊരഗ്രജർക്കു-
ള്ളനന്തരോദന്തമറിഞ്ഞിടാതേ
പൊന്നുണ്ണിതൻ പൂങ്കവിൾ വിട്ടിരുന്നു
താരുണ്യമർപ്പിച്ച ചുവപ്പുചായം. 2
ദുരന്ത ചിന്താവിഷമജ്വരത്താൽ
ദൂനൻ നൃപന്നപ്പൊളടിക്കലത്തിൽ
കായം കുറെ കൈക്രിയ കാട്ടിയാലും
പ്രാണൻ രണക്ഷോണിയിലായിരുന്നു. 3
മനസ്വിനീമൗക്തികമാലയായ
മാടക്ഷമാമണ്ഡലഭാഗ്യലക്ഷ്മി
തൻതൈക്കിടാവിങ്കലണച്ചിരുന്നു
താല്പര്യവിസ്താരിതദൃഷ്ടിപാതം. 4
ഓടിക്കിതച്ചെത്തിന ദൂതനേക-
നൊരോലയപ്പോൾത്തിരുമുമ്പിൽ വച്ചു:
അവന്റെ കണ്ണീരിൽ നനഞ്ഞൊരക്ക-
ത്തച്ഛപ്രകാശാക്ഷരമായിരുന്നു. 5
ഒറ്റക്കരം സ്വല്പമൊരന്നഗോളം;
മറ്റേക്കരം മർമ്മഗപത്രബാണം;
ഇമ്മട്ടിലേന്തും പ്രഭുവിൻ വയസ്സ-
ന്നേറെക്കവിഞ്ഞാൽപ്പതിനെട്ടുമാത്രം! 6
സ്വദുർല്ലലാടാക്ഷരമാലതന്റെ
സൂക്ഷ്മപ്രതിച്ഛന്ദകമെന്നപോലേ
കാണായൊരപ്പത്രമെടുത്തു നോക്കീ
കരൾത്തുടിപ്പേറിന കാശ്യപീന്ദു. 7
"പകച്ചിറങ്ങിപ്പടവെട്ടിയെന്റ
രണ്ടേട്ടരും പെട്ടരുളിക്കഴിഞ്ഞു;
അങ്കം നടക്കുന്നു മുറയ്ക്കു; തായേ!
ഞാനെന്തു മേൽ വേണ, മതോതിയാലും." 8
എന്നോതി വീർപ്പേറിയിടയ്ക്കു വാക്കു
തട്ടിത്തടഞ്ഞോരു കഴുത്തുയർത്തി
തപ്താശ്രു തങ്ങും മിഴിരണ്ടുമോമൽ-
ത്തങ്കക്കുടം തായുടെ നേർക്കയച്ചു. 9
സന്ധ്യാംബരംപോലെ മകന്റെ നോട്ടം
ശങ്കാതമിസ്രാങ്കമിയന്നു കാൺകേ
തണ്ടാർ തള,ർന്നാമ്പൽവിരിഞ്ഞിടാത്ത
വാപിക്കു നേരായ് ജനനിക്കു വക്ത്രം. 10
ആ വീരമാതാവിനതേവരയ്ക്കു-
മപത്യവാത്സല്യമനോരമങ്ങൾ
ആ ലാക്കിൽ നേത്രങ്ങൾ പകർന്നു കാണാ-
യാക്ഷേപരൂക്ഷേക്ഷണദക്ഷിണങ്ങൾ. 11
വളഞ്ഞ ചില്ലിക്കൊടി ചൊവ്വിൽവച്ചും
വഹ്നിസ്ഫുലിംഗം മിഴികൊണ്ടുതിർത്തും
മകന്റെനേർക്കമ്മ വലിച്ചുവിട്ടാൾ
വാഗ്രൂപമായുള്ളൊരു വജ്രബാണം. 12
"എന്തോതി നീയെന്മകനേ? 'മരിച്ചു
രണ്ടേട്ടരും; ഞാനിനിയെന്തുവേണം?'
എന്നോ നിനക്കമ്മയെയെന്നെനോക്കി-
ച്ചോദിക്കുവാൻ തോന്നിയ ചോദ്യമിപ്പോൾ? 13
ആദ്യം കുലോദ്ധാരകരാകുവാൻ ര-
ണ്ടാണ്മക്കളുണ്ടായ്ച്ചരിതാർത്ഥയാം ഞാൻ
തദ്ദൃഷ്ടിദോഷം മറവാനൊടുക്കം
പെൺപെട്ടയെ പെറ്റൊരു പൊട്ടിയായി! 14
കാഴ്ചയ്ക്കതും പുരുഷനെന്നു തോന്നി;
കാര്യംവരുമ്പോളൊരു ഭീരുമാത്രം!
തങ്കത്തിനും പൂച്ചിനുമുള്ള ഭേദം
ശാണോപലാന്ദോളനവേള കാട്ടി! 15
അന്തഃപുരത്തിന്നകമക്കിടാവു
കണ്ണും നിറച്ചിന്നു കരഞ്ഞിടട്ടേ;
അല്ലതെയെന്തെൻ രസനയ്ക്കുരയ്ക്കാം?
അവീരയാം ഞാനസഹായയല്ലോ. 16
'ഞങ്ങൾക്കു മാനം കുലദൈവ'മെന്നു-
ള്ളാദർശവാക്യം പൊരുളുള്ളതാക്കി
മാടക്ഷമാനാഥരിതേവരേയ്ക്കും
വാണാർ; അതയ്യോ! നിഗദോതിമേലിൽ! 17
തടുത്ത നിൻ ജ്യേഷ്ഠരെ വെട്ടിവീഴ്ത്തി-
സ്സാമൂതിരിപ്പാടടരാടിടുമ്പോൾ
കണ്ണുംമിഴിച്ചിങ്ങനെ നിൽക്കയെന്നോ
കർത്തവ്യമൗഢ്യാന്തരിലഗ്രഗൻ നീ? 18
തേജോധനം ക്ഷത്രിയജന്മമാണു
ജഗത്തിൽ നീയിന്നു ചരിപ്പതെങ്കിൽ
എൻപൈതലേ! നിൻ കരളിന്നിതല്ല
സന്ദേഹദോലാവിഹൃതിക്കു കാലം. 19
ദൂരത്തിലെങ്ങോ പടപോലു, മിങ്ങു
പൊക്കുന്നു വെള്ളക്കൊടി നിൻകപോലം!
ഇത്താളിലോ മാറ്റലർ നിൻകുലത്തിൻ
കീർത്തിക്കൊലച്ചീട്ടു കുറിച്ചിടേണ്ടൂ? 20
ഈ മാടരാജാന്വയ,മെന്റെ കുക്ഷി,
മരിച്ചൊരേട്ടർക്കു സഗർഭ്യഭാവം
നിൻജന്മ, മിച്ചൊന്നതിനൊക്കെ മേന്മ-
യേകുന്ന ഘണ്ടാപഥമേകുമല്ലോ! 21
ശ്വാസംവിടും ശുഷ്കശവങ്ങളെത്ര
മണ്ണോടു മണ്ണായ് മറവാർന്നിടാതെ
പെറ്റമ്മയാം പാരിനു മാലണയ്പ്പൂ
ഭൂയിഷ്ഠദുർഗ്ഗന്ധമലീമസങ്ങൾ! 22
അഖണ്ഡചൈതന്യജനുസ്സുമൂല-
മക്ഷയസൽകീർത്തിവപുസ്സു നേടി
കാലജ്ഞ ലംഘിപ്പവരേറെയില്ല
കല്യാണധാമാക്കൾ മൃകണ്ഡുപുത്രർ. 23
ശ്വസിച്ചു ചാകുന്നതിലെത്ര മെച്ചം
മരിച്ചു ജീവിപ്പതു മന്നിടത്തിൽ!
അതോർത്തു നീ ചെയ്യുക നിന്റെ ധർമ്മം:
അങ്ങേപ്പുറത്തെക്കധികാരി ദൈവം! 24
മാടക്ഷിതിദ്രൗപദിതൻപുകൾപ്പ-
ട്ടരാതിദുശ്ശാസനനാരഴിക്കും?
അസ്സാദ്ധ്വിതന്നാർത്തനിനാദമെത്തീ
പൂർണ്ണത്രയീശശ്രുതിമണ്ഡലത്തിൽ." 25
ആദ്യത്തിൽ നിന്ദാരസതിക്തമായു-
മനന്തരം വത്സലചതുരമായും
തൻമാതൃവാഗാമലകീഫലത്തെ
മന്നന്റെ കർണ്ണം സുഖമായ് ഭുജിച്ചു. 26
അടിക്കലം വിട്ടെഴുനേറ്റു ശീഘ്രം
കൈവറ്റുകൂടിക്കഴുകാതെ മന്നൻ
തൻവാൾ വലിച്ചൂരിയുലച്ചുകൊണ്ടു
സംഗ്രാമികക്ഷോണിയിലേക്കു പാഞ്ഞു. 27
കണ്ണീർക്കണത്താൽ നനയാതിരുന്ന
കൈയക്കുമാരൻ രണഭൂവിലെത്തി
പ്രക്ഷാളനംചെയ്തു വിപക്ഷസേനാ
കണ്ഠസ്ഥലീഗൈരികനിർത്സരത്തിൽ. 28
അടർക്കളപൊയ്കയിലുല്ലസിച്ചൊ-
രരാതിഭൂപാലയശോമൃണാളം
അന്നാൾ ബുഭുക്ഷയ്ക്കടിപെട്ടിരുന്നൊ-
രാ രാജഹംസം വഴിപോലശിച്ചു. 29
രണാങ്കണത്തിങ്കലസുക്കളറ്റു
വീണാൻ നൃപൻ സാധിതപൂരുഷാർത്ഥൻ;
കല്യാണമാല്യം ജയലക്ഷ്മി ചാർത്തീ
വീരവ്രണം മിന്നിന തൻഗളത്തിൽ. 30