ഒരു സുഹൃച്ചരമം

ഉള്ളൂർ എസ്. പരമേശ്വരയ്യർ

കിരണാവലി

ദാരിദ്ര്യദാവശിഖി കത്തിയെരിഞ്ഞിടുന്നു;
ഭൂരിജ്വരച്ചുഴലി ചുറ്റിയടിച്ചിടുന്നു;
പാരിച്ച പാരിനുടെ ഭാവുകപാദപത്തിൻ-
വേരിൽക്കടന്നു വിധി വെണ്മഴുവെച്ചിടുന്നു! 1

ലോകം കിടന്നു കിഴുമേൽത്തകിടംമറിഞ്ഞു
ഭൂകമ്പഭൂതകരകന്ദുകമായിടുന്നു!
ഹാ! കഷ്ടമപ്പൊഴുതു പിന്നെയുമെന്തു കേൾപ്പൂ!
ശോകപ്പെരുങ്കടലിലേപ്പുതുവേലിയേറ്റം. 2

ഏതേതു ദുർവിഷമരുത്തുകൾ കാലഭോഗി-
യൂതേണമെങ്കിലവ നിന്നിൽ മുഴുക്കെയൂതി.
കാതേ! തുലഞ്ഞു തവ കന്മഷശക്തിയെന്നു
ഹാ! തേറി ഞാനഗതി; സംഗതി തെറ്റിയല്ലോ; 3

ഹാ! ഹാ! രസജ്ഞകവിപണ്ഡിതസാർവഭൗമ—
ശ്രീഹാരമധ്യമണി; ശിഷ്ടജനാഗ്രഗണ്യൻ;
വ്യാഹാരദേഹിയുടെ വത്സലഗർഭദാസൻ;
നീഹാരനിർമ്മലയശസ്സിനു നിത്യഗേഹം; 4

എൻ പന്തളക്ഷിതിധവൻ; കവിതാരസാല—
ക്കൊമ്പത്തു മിന്നിയൊരു കോകിലചക്രവർത്തി:
ഇമ്പത്തിൽ മാതൃമൊഴിയെക്കനകാഭിഷേക—
സമ്പന്നയാക്കിയ മഹാൻ; ചരിതാർത്ഥജന്മാ; 5

തേനായിടഞ്ഞ മൊഴി തൂകി മനീഷികൾക്കു
ഭൂ നാകമാക്കിയൊരു പുഷ്കലപുണ്യശാലി:
നാനാഗുണങ്ങളുടെ നർത്തനവേദി... ഹാ ഹാ!
ഞാനാരോടെന്തു പറയുന്നു—ചതിച്ചു ദൈവം! (കുളകം) 6

ആയില്ല നാല്പതു വയ,സ്സഴലാർന്ന ദീന—
പ്പായിൽ കിടന്നതു പരശ്രുതി കേട്ടതില്ല;
തീയിൽപ്പതിച്ച ജലബിന്ദുവൊടൊപ്പമെങ്ങോ
പോയിക്കഴിഞ്ഞിതവിടുന്നതിനുള്ളിലയ്യോ! 7

ഞാനാ മഹാനുമതുമട്ടവിടുന്നെനിക്കും
സ്നാനാശനസ്വപനകേളിവയസ്യരായി
ഈ നാൾവരയ്ക്കിളയിൽ വാണതു വിസ്മരിച്ചു
ഭൂനാഥമൗലി ഭുവനാന്തരപാന്ഥനായി! 8

സൗഹാർദ്ദമെന്ന പദമെത്ര മഹ,ത്തതിന്റെ
മാഹാത്മ്യമെത്ര വിലയേറിയതെന്ന തത്വം
സ്നേഹാർദ്രമായ മിഴികൊണ്ടവിടുന്നു തന്റെ
ദേഹാത്യയംവരെയെനിക്കറിയിച്ചുപോന്നു. 9

ആമട്ടമർന്നൊരവിടുന്നകലത്തു മാറി:
വാമത്വമാർന്നു വിധി; വഞ്ചിതബന്ധുവായ് ഞാൻ
ഹാ! മന്ദഭാഗ്യരിൽ മികച്ചവനാമെനിക്കെ—
ന്തീമർത്ത്യജന്മമിനിമേലിരുളേണ്ടതുള്ളു! 10

ഹാ! പന്തളംനൃപനു മദ്ധ്യവയസ്സിലീമ-
ട്ടാപത്തണഞ്ഞിടുവതാരു നിനച്ചിരുന്നു!
സ്വാപത്തിലും കരുതിയില്ലിതു ദൈവമേ ഞാൻ!
നീ പശ്യതോഹരരിൽ നിഷ്പ്രതിമാഗ്രഗാമി. 11

വാരുറ്റവാഴ്ചയവിടേയ്ക്കു വരും, നിനക്കു
പേരും തുലോം പെരുമയും പെടു,മെന്നു ഞങ്ങൾ
ആരും നിനച്ചതതിശീഘ്രമബദ്ധമാക്കി
കാരുണ്യമറ്റ വിധി; കൈരളി! കഷ്ടകാലം! 12

പൂമെത്ത പുകരുതു കൈരളി! മേലിൽ നിന്നെ—
ക്കൈമെയ്‌മറന്നു...കമിതാക്കളില്ലേ
നാമെന്തു ചെയ്യുവതു! ദൈവവിധക്കെവർക്കു—
മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ. 13

ധീവമ്പു, വൈദുഷി, രസജ്ഞത, സൽകവിത്വം,
ശ്രീവർദ്ധനത്തിനുതകും ശിവമായ ശീലം
ഈ വശ്യവസ്തുനിര കൂട്ടിയിണക്കി വിശ്വൈ—
കാവർജ്ജനത്തിനവിടുന്നവതാരമാർന്നു. 14

മായം വെടിഞ്ഞഹഹ! മാംസളഹർമ്മ്യരത്ന—
ച്ഛായയ്ക്കു മിന്നിയൊരു നൽഗുണതല്ലജങ്ങൾ
സായന്തനാർക്കരുചിതട്ടിയ ശക്രചാപ—
ച്ചായങ്ങളെന്നകഥ ഞങ്ങൾ ധരിച്ചതില്ല. 15

നീയുറ്റ നന്മ മുഴുവൻ നിനയാതെ നൽകി—
പ്പോയുള്ള പൂരുഷരിലീർഷ്യ വഹിക്കകൊണ്ടോ
ആയുസ്സവർക്കരുളിടുമ്പൊളമുക്തഹസ്ത—
സായൂജ്യമേന്തുവതഹോ! ചതുരാസ്യബാഹോ? 16

കന്ദർപ്പസാദൃശി പെടും കമനീയകായം;
നന്ദജ്ജനപ്രകരമാം നയനാന്തപാതം;
മന്ദസ്മിതാർദ്രവദനം; മധുരസ്വഭാവം;
സന്ദർഭശുദ്ധികലരും സരസോക്തിരീതി;— 17

ആരോടു ചൊൽ‌വതഴൽ ഞാ,നളവറ്റബാഷ്പ—
പൂരോദരത്തിൽ മുഴുകും മിഴിയോടുകൂടി
ഓരോ നിമേഷവുമിതൊക്കെ നിനച്ചു കേഴാ—
മീരോദനത്തിനിളവേതിവനുള്ള നാളിൽ! (യുഗ്മകം) 18