ഉദ്ബോധനം
ഉള്ളൂർ എസ്. പരമേശ്വരയ്യർ
ജീവിതപ്പോരിലപജയം തെല്ലാർന്ന
യൗവനയുക്തനാമായുഷ്മാനേ!
എന്തു മേൽ വേണ്ടതെന്നേതുമറിയാതെ
ഹന്ത! നീ നില്ക്കയോ സോദരനേ?
പോരും തളർന്നതു! പോരും തളർന്നതു!
പുരുഷചൈതന്യപ്പൊൽത്തിടമ്പേ!
താടിക്കു കൈകുത്തിത്താഴോട്ടു നോക്കാതെ,
ചൂടെഴും വീർപ്പൊന്നുമിട്ടിടാതെ,
നിന്മിഴി മങ്ങാതെ, പാദം കുഴയാതെ,
നട്ടെല്ലു തെല്ലും വളഞ്ഞിടാതെ,
ധീരനായ് മുന്നോട്ടു ചാടിക്കുതിച്ചു നീ
പോരുക! പോരുക! പുണ്യവാനേ!
വെറ്റിയും തോൽവിയും പോർക്കളത്തിൽച്ചെന്നാൽ
പറ്റും; ഇതിനതു മീതേയല്ല.
എന്തിന്നുവേണ്ടി നീയെങ്ങനെ പോർചെയ്തു?
ചിന്തിച്ചിടേണ്ടതീ രണ്ടുകൂട്ടം.
നന്മയ്ക്കുവേണ്ടി നീ നേർവഴിയിൽനിന്നു
ധർമ്മയുദ്ധംചെയ്തു തോറ്റുപോയാൽ
പോകട്ടേ! ആത്തോൽവിതന്നെ ജയമെന്നു
ലോകർ കടശ്ശിയിൽസ്സമ്മതിക്കും.
കാലത്തിരിപ്പിൽക്കറങ്ങുമീയൂഴിയിൽ
മേലുകീഴങ്ങിങ്ങു കീഴ്മേലാകെ
മേനിക്കരുത്തിൻ കുറവല്ല തോല്പതു;
വീഴ്വതടവിൻപിഴയുമല്ല.
വീഴുകിൽ വീഴട്ടേ; മാറിടത്തിൽ കുറെ-
ച്ചേറുപുരണ്ടാൽ പുരണ്ടിടട്ടേ.
വീണെടത്തല്പം കിടക്കുകയോ, ചെറു-
പാണിതൻ തുമ്പാൽ തുടയ്ക്കുകയോ
ചെയ്താലേയുള്ളു കുറച്ചി, ലെഴുന്നേറ്റു
ചെല്ലുക മുന്നോട്ടു ധീരാത്മാവേ!
കാണുന്നീലേ നീയോരല്പമകലെക്കൺ-
കോണിനാൽ നിൻനിലയുറ്റു നോക്കി
തൃക്കൈയിൽ കല്പകമാലയുമായ് വന്നു
നില്ക്കും ജയമലർമങ്കയാളെ?
പഞ്ചസാരത്തരിപ്പുഞ്ചിരി തഞ്ചിന
തേഞ്ചോരിവായ്മലോരുടുകൂടി
നിന്നെയൊരല്പം പരീക്ഷിച്ചു നില്ക്കുമ-
മ്മിന്നൽക്കൊടി മറഞ്ഞീടും മുമ്പേ
ചേലിൽ സഹജൻ സമക്ഷത്തു ചെല്ലുകിൽ
മാലയിട്ടീടുമാ മാനിനിയാൾ.
ശ്ലാഘ്യപുമാനേ! നിൻമാറിലെച്ചേറവൾ
മാർഗ്ഗമദക്കുറിക്കൂട്ടായ്ക്കാണും.
രണ്ടുനിമിഷമൊരിടത്തിരിപ്പാന-
ത്തണ്ടലർത്തയ്യലാൾ തയ്യാറല്ലേ!
കർത്തവ്യമൂഢനായ്ക്കൈകെട്ടി നിൽക്കൊല്ലേ!
കല്യാണവേള കഴിഞ്ഞുപോമേ!
സന്തതമാർക്കും പകിടയൊരേമട്ടിൽ
പന്തിരണ്ടാകയി,ല്ലാകവേണ്ട!
വെൺചായം മാത്രം വരച്ചോരു ചിത്രത്തിൽ
വൻചാരുതയ്ക്കെന്തു മാർഗ്ഗമുള്ളു?
ഭൂവിൽ പ്രഥിതരാം പൂർവികന്മാരുടെ
ജീവിതത്തൂവെള്ളത്താളുകളിൽ
ദൈവം കറുത്ത മഷിയാൽ ചിലേടം തൃ-
ക്കൈവിളയാട്ടം കഴിക്കമൂലം
അത്താളുകൾക്കൊളി വാ, ച്ചവ നമ്മൾക്കു
നിത്യപാരായണാർഹങ്ങളായി.
പിന്നോട്ടു കാലൊന്നു വയ്ക്കേണ്ടതായ് വന്നാൽ
മുന്നോട്ടേയ്ക്കാഞ്ഞു കുതിച്ചുചാടാൻ
ആ വയ്പു, പയുക്തമാക്കേണം നാ, മെങ്കിൽ
ദൈവം വിരൽ മൂക്കിൽ വച്ചുപോകും.
മെയ്യിലേ മേദസ്സുരുകും വിയർപ്പൊരു
വെൺമുത്തുമാലയായ്പ്പൂണ്ടുകൊൾവാൻ
ആശിച്ചു നീണ്ടുനിവർന്ന തൻകൈകൾകൊ-
ണ്ടായമട്ടെല്ലാം പണിയെടുപ്പോൻ
അണ്ഡകടാഹത്തിലേതൊരു വിഘ്നത്തെ-
ക്കണ്ടാൽ ഭയപ്പെട്ടൊഴിഞ്ഞു മാറും?
വിഘ്നമേ! വാ! വാ! വിഷത്തീവമിപ്പതിൽ
വ്യഗ്രമാം കാളിയപന്നഗമേ!
നിന്മസ്തകങ്ങളിൽ നൃത്തംചവിട്ടുവാ-
നിമ്മർതൃഡിംഭരിലേകൻ പോരും.
പ്രത്യുഹാഭിഖ്യമാം പാരാവാരത്തിനെ-
പ്പൈക്കുളമ്പാക്കും പ്ലവഗമില്ലേ?
നാഡിയിലൂടെസ്സരിക്കുന്ന രക്തത്തെ
നാണംകെടാതെ പുലർത്തുവോനേ!
അമ്മയ്ക്കു താരുണ്യനാശത്തിനായ് മാത്രം
ജന്മമെടുക്കാത്ത സൽപുമാനേ!
താരുണ്യശ്രീമാനേ! നിന്നെക്കണ്ടാൽ ദൂരെ
മാറും തടസ്സമേ മന്നിലുള്ളു.
വിഘ്നാഭിഭൂതനാം വീരപുമാൻ രാഹു-
ഗ്രസ്തമാം മാർത്താണ്ഡബിംബത്തോടും
കർക്കടകത്തിലെക്കാർമുകിൽമാലകൾ
തിക്കിത്തിരക്കും ഗഗനത്തോടും
നേരാ, മവനത്തടസ്സമകലവേ
വാരൊളിവായ്ക്കുവതൊന്നു വേറെ.
കാച്ചിയ തങ്കത്തെക്കാളുമൊളി നിന-
ക്കാർജ്ജിക്കും വിഘ്നം വിരിഞ്ചാചാര്യൻ
സാത്വികസമ്രാട്ടായ് നിന്നെ വാഴിക്കുവാൻ
പേർത്തും നടത്തും ഹിരണ്യഗർഭം!
അന്ധനുമേഡനും പംഗുവും രോഗിയും
ഹന്ത! നടക്കും നെടുവഴിയിൽ
കണ്ടകമില്ല, പനിനീർപ്പൂവുമില്ല,
മക്ഷികയില്ല, മധുവുമില്ല.
ആരുടെ കാല്പാടും നാമറിയൂന്നീല;
നമ്മുടെ കാല്പാടും നൂനമാരും.
നൂതനമായെത്ര പാതയോ വെട്ടുവാൻ
മേദിനി നമ്മോടിരന്നിടുന്നു.
ആരോഗ്യംകോലുന്ന കൈകാലുകൾ ദൈവം
കൂറോടുതന്നതിന്നെങ്ങനെ നാം
നിഷ്കൃതികാട്ടുന്നു ലോകർക്കു സഞ്ചാര-
സൗഖ്യം വളർത്താൻ ശ്രമിച്ചിടാഞ്ഞാൽ?
പാഴരണ്യത്തിൽ പതിക്കട്ടെ, പാദങ്ങൾ
പാഷാണംകൊണ്ടു മുറിഞ്ഞിടട്ടെ;
കുന്നും കുഴിയും നിറയട്ടെ, മദ്ധ്യത്തിൽ
വന്യമൃഗങ്ങളലറിടട്ടെ;
അന്തഃകരണം തിരിച്ചുവിടുംവഴി-
യന്തരമെന്നിയേ നാം തുടർന്നാൽ
എത്തും ചെന്നെത്തേണ്ട ദിക്കിൽ; നവമായോ-
രുത്തമഘണ്ടാപഥവുമുണ്ടാം.
വെട്ടുക നീയാഞ്ഞു നിൻ കൈരണ്ടും പൊക്കി-
പ്പെട്ടപൊളിയുമിപ്പാറയിപ്പോൾ;
വെള്ളപ്പളുങ്കൊളിശ്ശീതജലമുടൻ
നല്ലോരുറവയിൽനിന്നു പൊങ്ങും.
നിൻദാഹം തീർത്തു നടകൊൾക നീ;യതു
പിന്നീടൊരു പുഴയായൊഴുകി
നിന്നനുകമ്പാത്സരിപോലെ മിന്നിടും
മന്നിടത്തിൽ കല്പകാലത്തോളം
മാർഗ്ഗക്ലമമെന്നൊന്നില്ല; കുറേയടി-
യൂക്കിൽ നടപ്പോർക്കു വാനവന്മാർ
ഗന്ധദ്രവമാ വഴിക്കു തളിപ്പതും
സന്താനപുഷ്പം വിതറുവതും
പട്ടുപാവാട വിരിപ്പതും കണ്ടിടാ-
മൊട്ടുമിതിലൊരത്യുക്തിയില്ല.
സങ്കടം മർത്യർക്കു ശർമ്മമായ് മാറ്റിടാം;
സങ്കല്പകല്പിതമല്ലീ സർവം?
സുസ്ഥിരമായിസ്സുനിർമ്മലമായൊരു
ഹൃത്തിരുന്നീടേണ, മത്രേ വേണ്ടു!
ഇപ്രപഞ്ചപ്പാൽസമുദ്രം കടയുവാൻ
കെല്പിൽ മുതിർന്നീടുമെൻ യുവാവേ!
മംഗലാത്മാവേ! നീയിദ്ദിനം കണ്ടതു
പൊങ്ങീടുമേട്ടയും കാകോളവും,
പാഴ്പ്പുക മുന്നിൽപ്പരത്താതേ താഴത്തു
പാവകനുണ്ടോ സമുല്ലസിപ്പൂ?
കൈരണ്ടുകൊണ്ടും കടയുക മേൽക്കുമേ,-
ലോരോ പദാർത്ഥങ്ങൾ കൈവരട്ടേ;
ആന, കുതിര, പശു, മണിതൊട്ടുള്ള
മാനിതസാധനപങ്ക്തിയേയും
കോമളത്താമരപ്പൂമടവാരേയും
നീ മഥിതാർണ്ണവൻ കൈക്കലാക്കും.
ആയവകൊണ്ടു മതിവരൊല്ലേ! വെറും
ഛായയെ രൂപമായ്ക്കൈക്കൊള്ളല്ലേ!
വീണ്ടും കടയട്ടേ! വീണ്ടും കടയട്ടേ!
നീണ്ടുള്ള നിൻ കൈകളസ്സമുദ്രം.
അപ്പോളതിൽനിന്നുയരുവതായ്ക്കാണാ-
മത്ഭുതമാമൊരമൃതകുംഭം!
സംസൃതിനാശനമാകുമതാർജ്ജിച്ചേ
സംതൃപ്തിനേടാവൂ സോദര! നീ!
കൈക്കഴപ്പും തീർക്കും, മെയ്ക്കഴപ്പും തീർക്കു,-
മക്കലശസ്ഥമമൃതയൂഷം
ആഫലകർമ്മാവാം നീയാ രസായന-
മാകണ്ഠമാസ്വദിച്ചന്ത്യനാളിൽ
ആയുഷ്മാനാമെൻ സഖാവേ! പരബ്രഹ്മ-
സായുജ്യമാളുക; ശാന്താത്മാവേ.