കന്യാകുമാരിയിലെ സൂര്യോദയം
ഉള്ളൂർ എസ്. പരമേശ്വരയ്യർ
കിരണാവലി
നിത്യനായുള്ള ഭഗവാനേ! പോറ്റി! നീ
സത്യത്തൂണൊന്നു നടുക്കു നാട്ടി;
മുറ്റും നീലാംബരംകൊണ്ടു മേൽക്കെട്ടിയും
ചുറ്റും വെളിയടപ്പട്ടും കെട്ടി;
സൂരസുധാകരവൈദ്യുതറാന്തലും
താരകഗ്ലോപ്പും മുകളിൽത്തൂക്കി;
ആഴിയാം മാഹേന്ദ്രനീലക്കൽ ചുറ്റിലു-
മൂഴിയാം പച്ചക്കൽ മദ്ധ്യത്തിലും
മേനിയിൽ വച്ചുറപ്പിച്ചു വിളങ്ങുമീ
മാനുഷഗോളമണിക്കൂടാരം
നാലുവഴിക്കും മനോജ്ഞമിരുപത്തി-
നാലും മണിക്കൂറുമേതുനാളും!
എങ്കിലുമെൻ വിഭോ! നേരം പുലരുമ്പോ-
ളെങ്കരൾത്താമരത്തൂമലരിൽ
ചെങ്കതിരോന്‍റെ തിരുപ്പുറപ്പാടേകും
വൻകുതുകോന്മദമൊന്നു വേറെ!
നിന്തിരുമേനിയെ നേരിട്ടു കണ്ടു ഞാൻ
ബന്ധവിമുക്തനായ്ത്തീരുവോളം
അന്യപ്രകൃതിപ്രദർശനമെന്തെന്നെ-
ദ്ധന്യനാക്കാനുള്ളു തമ്പുരാനെ!
പാരിച്ച വാനിൻനിഴൽപോലെ മൂടിയ
കൂരിരുൾക്കട്ടിക്കരിമ്പടത്തേ
തന്മെയ്യിൽനിന്നു വലിച്ചകലെക്കള-
ഞ്ഞിമ്മഹീമണ്ഡലപ്പൊൻ മണ്ഡപം
മൂരിനിവർന്നെഴുന്നേറ്റൊരു നോക്കതാ!
നേരേ കിഴക്കോട്ടു നോല്ലിനില്‍പൂ.
അന്തിതുടങ്ങി വെളുപ്പോളം കൂത്താട്ടം
പന്തിയിലാടിത്തളർന്ന ചന്ദ്രൻ
തൂനക്ഷത്രങ്ങളാം ചങ്ങാതിമാരോടും
വാനക്കളിത്തട്ടു വിട്ടുപോയി.
അങ്ങിങ്ങു താരങ്ങളൊന്നുരണ്ടൊട്ടൊട്ടു
മങ്ങിത്തിളങ്ങി മയങ്ങിക്കാണ്മൂ:
മാതാവായ് വേറിട്ടു മാർഗ്ഗം തിരിയാതെ
ഖേദിക്കും ഖേചരബാലർപോലെ;
തെറ്റിത്തറയിൽപ്പതിച്ച വിൺമങ്കത-
ന്നൊറ്റക്കൽമൂക്കുത്തി വൈരംപോലെ;
എന്തിന്നു ശങ്കിച്ചു നില്ക്കുന്നു വത്സരേ!
പിന്തിരിഞ്ഞങ്ങെങ്ങാനോടിക്കൊൾവിൻ;
ജ്യോതിസ്സ്വരൂപനെഴുനള്ളുമാറായി;
പാതയിൽനിന്നു വിലകിക്കൊൾവിൻ.
മന്ദാനിലൻ നവമാർജ്ജനിയാൽ തൂത്തും
മന്ദാകിനിപ്പുഴ നീർ തളിച്ചും
മന്ദാരശാഖി മലർനിര വർഷിച്ചും
നന്നായ്‌വിളങ്ങുമീയഭ്രവീഥി
കുഞ്ജരനേർനടമാരുടെ നർത്തന
മഞ്ജുളമഞ്ജീരശിഞ്ജിതത്താൽ
മാറ്റൊലികൊള്ളേണ്ട കാലമായ്! കൂട്ടരേ!
മറ്റൊരു ദിക്കിൽ മറഞ്ഞുകൊൾവിൻ.
ചിക്കെന്നു നോക്കുക! ചൊവ്വേ കിഴക്കോട്ടു
ചക്രവാളത്തിന്‍റെയറ്റത്തായി
മോടിയിൽ സാഗരം വിട്ടു കരയേറി
ക്രീഡിക്കും യാദോനികരംപോലെ;
അല്ലെങ്കിലാഴിയിൽ വാനോർ കൃഷിക്കായി-
ത്തല്ലിയുറപ്പിച്ച മുട്ടുപോലെ;
പോരെന്നാൽ തൻതല തെല്ലൊന്നുയർത്തിടും
വാരുറ്റ മൈനാകശൈലംപോലെ;
നീളെസ്സമുദ്രത്തെത്തൊട്ടുകിടക്കുന്ന
നീലവലാഹകമാലകളിൽ
ഈടെഴും ചീനാശുകത്തിന്‍റെയറ്റത്തു
പാടലപ്പെട്ടുകസവുപോലെ
തങ്കരേക്കിട്ടു തുടങ്ങി പുലർവേല
മങ്കയാൾ ചുറ്റിലും മന്ദമന്ദം.
ചേണാർന്ന നീലക്കൽക്കേമണത്തിൻ മീതെ
മാണിക്യരത്നം പതിക്കുകയോ;
ശാണോപലത്തിൽ തെരുതെരെയോരോ പൊൻ-
നാണയമാറ്റുര നോക്കുകയോ;
വൻഗജപങ്‌ക്തിയെ പ്രാങ്‌മുഖമായ് നിർത്തി-
ത്തങ്കത്തലക്കെട്ടണിയിക്കയോ;
വാരൊളിക്കാർമുകിൽപ്പാത്രത്തിലോമന-
ത്താരത്തനിദ്രവം കാച്ചുകയോ;
ഭാവിപ്പതെന്തു നീ? ദേവതേ! കൊണ്ടലിൽ
സ്ക്രൂ വച്ചു മിന്നലുറപ്പാക്കിയോ?
താപിഞ്ഛകാനനം ചുറ്റിപ്പിടിപ്പോരു
ദാവച്ചെന്തീയോ തഴച്ചു നില്പൂ?
ജ്യോതിസ്സിതിങ്കൽ ജ്വലിക്കുന്നു കാർമുകിൽ.
പാതികരിഞ്ഞ ഹവിസ്സുപോലെ.
ഈ മഹാമംഗലപ്പണ്ഡികയിൽ പര-
മാമോദോന്മാദപരവശരായ്
കാമം വയസ്യമാർ പ്രാചിതൻമേനിമേൽ
കാശ്മീരഗന്ധദ്രവം തളിപ്പൂ.
ഹന്ത! പൂർവാശാനതാംഗിക്കു തൃക്കഴൽ-
പ്പൊൻതളിരിന്നു ചെമ്പഞ്ഞിച്ചാറായ്;
ആകശമധ്യത്തിന്നത്ഭുതമാംപത്മ-
രാഗമലമണിമേഖലയായ്;
മാറിടത്തിന്നു പരിമളധോരണി
പാറും പനിനീർപ്പൂ മാലികയായ്;
തങ്കക്കവിൾത്തടങ്ങൾക്കു തുടുതുടു-
പ്പങ്കുരിപ്പിച്ചീടും ശോണിതമായ്;
തേനൂറും ചുണ്ടിന്നു ശീമച്ചെഞ്ചായമായ്;
തൂനെറ്റിക്കോമനച്ചിത്രകമായ്;
തൂനെറ്റിക്കൊമനച്ചിത്രകമായ്;
ജീമൂതമേചകസീമന്തവീഥിക്കു
കോമളസിന്ദൂരരേഖയുമായ്;
ശശ്വൽ പ്രകൃതീശ്വരി വിതറീടുമീ
വിശ്വസമ്മോഹനശോണചൂർണ്ണം
ശാതക്രതവിദിഗംഗനാമണ്ഡന
മേതേതെല്ലാമ്മട്ടിയറ്റുന്നീല!
സ്മേരയാം പ്രാചീനഭഗവതി!യിപ്പുതു-
വീരവാളിപ്പട്ടണിഞ്ഞ നിന്നെ,
ഓരോ ദലവും നിൻ നാഥനാമിന്ദ്രൻത-
ന്നാരോമൽക്കണ്ണിന്നു തുല്യമായി
നീളേ വിരിഞ്ഞു നിറം കലർന്നീടുന്ന
ചേലുറ്റ ചെന്താമരമലരാൽ
നീരന്ധ്രമായുള്ള പൊയ്കയായ്ക്കാണുന്നു
ദൂരത്തു നില്ക്കുമെൻ ചിത്തഭൃംഗം.
മാറിത്തുടങ്ങി നിറമതാ! കുങ്കുമ-
ച്ചാറു സൗവർണ്ണദ്രവമായ്ത്തീർന്നു.
ചക്രവാളാഗ്രത്തിൽ പ്രത്യുഗ്രജ്യോതിസ്സിൽ
പ്രക്രമമേതോ പരിസ്ഫുരിപ്പൂ.
മഞ്ഞയും ചോപ്പും കറുപ്പും വെളുപ്പുമായ്
രഞ്ജിച്ചു മേവിടുമാ പ്രദേശം
ആകവേ ഹാരിദ്രവാരിയിലാറാടി
ലോകമനോഹരമായ്ലസിപ്പൂ.
അങ്ങോട്ടു നോക്കുവിൻ! ദ്യോവും സമുദ്രവും
ഭംഗിയിൽ മേളിക്കും ദിക്കിൽനിന്നും
പൊന്മയമായൊരു സാധനം പൊന്തുന്നു;
കണ്മിഴി രണ്ടും തുടച്ചു കാണ്മിൻ
ആദികൂർമ്മത്തിൻ നടുമുതുകോ ദിവ്യ
ശ്വേതരക്താംബുരഹ ബിസമോ?
കത്തും കരിങ്ങാലിക്കാതൽച്ചിരട്ടയോ?
പുത്തൻ ദീപാരാധനത്തട്ടമോ?
ഓമനക്കല്പകത്തൂമലർച്ചട്ടിയോ?
ഹോമബലിക്കല്ലിൽ മേലേത്തട്ടോ?
വാനവക്രീഡാവളവരവഞ്ചിയോ?
വാരിധിയാടിടും കാവടിയോ?
തൃക്കടമങ്കതൻ കേളീവ്യജനമോ?
ശക്രൻറെ കൊറ്റക്കുടശ്ശീലയോ?
വർത്തുളത്തങ്കപ്പുതുത്തുരുത്തോ? പരി-
ശുദ്ധപീയൂഷമണികുംഭമോ?
പൊന്തിക്കഴിഞ്ഞു മുഴുവനിത്തേജസ്സു
സിന്ധുവിൻ പൂർവ്വഭാഗത്തുനിന്നും.
ആഴിതൻ വീചീമണിമാളികയിലി-
ത്താഴികപ്പൊൽക്കുടമാരു വച്ചു?
പ്രാണനിശ്വാസമടക്കിജ്ജലസ്തംഭം
കാണിക്കുമീ മഹായോഗിയേവൻ?
കാച്ചിയുറച്ച സുരഭിതൻ ദുഗ്ദ്ധത്തിൽ
വാച്ചിടും വെണ്ണയിതാരുരുട്ടി?
ചക്രവാളത്തിൻ പ്രഭാതസമാധിക്കു
പുഷ്കലപത്മാസനംകണക്കേ
ചേലുറ്റു മിന്നുമിദ്ദിവ്യമഹസ്സല്ലോ
ബാലദിവാകരദേവബിംബം?
കൈകളുയർത്തുവിൻ! കണ്ഠം കുനിക്കുവിൻ!
കൈവല്യമൂർത്തിയെക്കുമ്പിടുവിൻ!
ജ്യോതിർന്നേതാവേ! സവിതാവേ! വിശ്വൈക-
ചൈതന്യദാതാവേ! മൽപിതാവേ!
സത്യപുമാനേ! ഭഗവാനേ! ഭാസ്വാനേ!
പ്രത്യക്ഷദൈവമേ! ലോകബന്ധോ!
ദണ്ഡംവെടിഞ്ഞെന്നെക്കാത്തുകൊള്ളേണമേ!
ദണ്ഡനമസ്കാരം തമ്പുരാനേ!
അന്തിയിലിന്നലെയയ്യോ! മഹാത്മാവേ!
നിന്തിരുമേനി നിരസ്തപങ്കൻ
വന്തിരപ്പതിയുയർത്തിയ പശ്ചിമ—
സിന്ധുവാം രാഹുവിൻ വക്ത്രത്തിങ്കൽ
ഹന്ത! പതിക്കവേ ലോകം മുഴുവനു—
മന്ധതാമിസ്രത്തിലാണ്ടുപോയി!
കാമിക്കോ പാമ്പിനോ കള്ളനോ മൂങ്ങയ്ക്കോ
കാമിതം നൽകിടും രാത്രികാലം
പുരുഷചര്യ ചരിക്കുന്ന ഞങ്ങൾക്കു
തീരുന്നു വിശ്രമത്തിന്നുമാത്രം.
വീണ്ടും തിരുമേനി ഞങ്ങളെപ്പാലിപ്പാൻ
വേണ്ടും ഘടികയിലെത്തിയല്ലോ!
എത്രദൂരം ഭവാനൂളിയിട്ടീടണ—
മെത്ര തിരമാല ലംഘിക്കേണാം;
എത്ര യാദസ്സും ദൃഷത്തും കടക്കണ—
മിത്രവേഗം വന്നിവിടെപ്പറ്റാൻ?
മേക്കുവശ്അത്തു മറഞ്ഞതാം പൊൽപ്പന്തു
ലാക്കിൽക്കിഴക്കുവശത്തേച്ചെപ്പിൽ
മാറ്റിമറിച്ചു പുറത്തുകാട്ടും കാല്യ
മാഹേന്ദ്രജാലം മഹാവിശേഷം.
ദേവ! ഭവാന്‍റെ വിയോഗത്തിങ്കൽ ദ്യോവും
ഭൂവും കറുപ്പുടുപ്പാർന്നിരുന്നു;
ദുഷ്ടനിയതിച്ചിലന്തി നെടുനീളേ
കെട്ടിയ മാറാലമാലപോലെ.
പേർത്തും ത്വൽസുതൻ ഗരുഡാഗ്രജൻ വന്നു
തൂത്തുതുടച്ചു കളകമൂലം
ലേശമിങ്ങങ്ങും സമക്ഷത്തു കാണ്മീലാ
മൂശേട്ടാതന്നുടേ മൂടുപടം.
ബാന്ധവത്തീയിൽ ഭവാനുരുക്കീടിന
ഹാടകപുണ്യദ്രവപ്പുഴയിൽ
നീരാടിക്കൊള്ളുവാൻ സജ്ജമായ് നിൽക്കുന്നു
പാരാരപാരെല്ലാം ഭാനുമാനേ!
നീളെബ്ഭവാനെ പ്രതീക്ഷിച്ചു നിൽക്കുമീ
ത്രൈലോക്യത്താരപ്പൂഞ്ചോലയിൽ
ഓമനത്തൃക്കൺകടക്കോണയച്ചാലും
പ്രേമസർവ്വസ്വമണിത്തിടമ്പേ!
തന്നുൾക്കളത്തിലേ വാഞ്ഛപോലീ ലോക—
വൃന്ദാവനത്തിൽ വിഹരിക്കുവാൻ
ശീഘ്രമായ്ക്കെട്ടഴിച്ചിങ്ങോട്ടു വിട്ടാലും
ഗോക്കളെയൊക്കെയും ചിൽപ്പൂമാനേ!
ആനന്ദമാനന്ദം! എന്തൊരൊഴുക്കതു
ഭാനുബിംബത്തിൽനിന്നുൽഗളിപ്പൂ!
പെട്ടെന്നു മേരുവിൽനിന്നു ഭൂകമ്പത്താൽ
പൊട്ടിയൊലിക്കും സിലാദ്രവമോ?
വാനംവാരാമത്തിൽ ഗന്ധവാഹശ്രേഷ്ഠി
വാറ്റിയെടുക്കും മലർത്തൈലമോ?
അപ്സരസ്ത്രീകൾ കുളിർമേനിയിൽപ്പൂശും
ശില്പമലയാജകർദ്ദമമോ?
അശിനീദേവർ കുറുക്കിയരിച്ചിടും
വിശ്വജീവാതുമരുന്നുചാറോ?
ആയിരമല്ല പതിനായിരമല്ല
മായമറ്റംബുജബന്ധുബിംബം
മാറ്റും നിറവും മനസ്സാൽ മതിക്കുവാൻ
മാനുഷർക്കാവതല്ലാത്ത മട്ടിൽ
കോടാനുകോടിക്കണക്കിനുതിർക്കുന്നു
പാടലപ്പൊൽക്കതിർക്കന്ദളങ്ങൾ.
നേരറ്റു കത്തീടും വട്ടപ്പൂക്കുറ്റിയോ?
കൂരമ്പു തീരാത്ത തുണീരമോ?
ഓരോ കതിരും ഭഗവാൻ മിഹിരന്‍റെ
ചാരുകരമാണ, തിഞ്ഞുനീട്ടി
പ്രാസാദശ്രുംഗത്തിൽപ്പാരിൻപതിയേയും
പാഴ്ക്കുപ്പപ്പാട്ടിൽപ്പറയനേയും
താനൊൻനുപോലേ തലോടിയീത്തമ്പുരാൻ
ദീനതപോക്കിസ്സുഖിപ്പിക്കുന്നു.
ഈസ്സദ്രസായനബുക്തിയാൽ വൈവശ്യം
വാശ്ശതും നീങ്ങിന ലോകർ വീട്നും
വേഗമരയും തലയും മുറുക്കുന്നു;
പോകുന്നു ജീവിതപ്പോർക്കളത്തിൽ.
അങ്ങ്നേ പോകുവിൻ കൂട്ടരേ! നിങ്ങൾക്കു
മംഗലം ൻ അൽകും മരീചിമാലി.
നാഴിക മുപ്പതുണ്ടല്ലോ! തരിമ്പതു
പാഴിൽക്കളയായ്‌വിൻ ഭ്രാതാക്കളേ!
അങ്ങയാം വാരൊളിക്കൊന്നമലർത്തൊത്താ-
ലെങ്കൺ കണികാണ്മതെൻ പിതാവേ!
ഭൂവിലെനിക്കെതിനിബ്ഭയം? ധീരനായ്
ജീവിതയാത്രയ്ക്കൊരുങ്ങട്ടേ ഞാൻ.
ആർണ്ണവഹോമകുണ്ഡത്തിൽനിന്നിക്ഷണം
സ്വർണ്ണമയമായ പാത്രവുമായ്
പൊങ്ങും ഭവാന്‍റെ കിരണമധുരാന്നം
മംഗലമൂർത്തേ! ലഭിക്കമൂലം
ഞാനെൻ ത്രിവിധകരണസന്താനങ്ങ--
ളൂനപ്പെടുകയില്ലെന്നുറച്ചേൻ.
ഏതോ മണിയൊന്നു സത്രാജിത്തിന്നങ്ങു
ജാതാദരം പണ്ടരുളിപോലും!
ഹാഹാ! ദിനമണി,യന്തരീക്ഷമണി,
ലോകത്തിൻ കണ്മണിയാം ഭഗവാനേ!
ഹസ്താമലകമായ്ക്കാണുമെനിക്കിന്നു
മറ്റു മണി ചരൽക്കല്ലുപോലെ.
നട്ടുച്ചനേരഹ്തു യാജ്ഞവല്ക്യന്നങ്ങു
ചട്ടറ്റവേദമുപദേശിച്ചു
യാതൊരുപദേശവും വേണ്ട, താവക
പാദപരിചര്യചെയ്യുകിൽ ഞാൻ
പാകാരിപുത്രനാകായ്കിലും ദ്രോണർക്കൊ-
രേകലവ്യനായ് ക്രമത്തിൽത്തീരും.
കർമ്മസാക്ഷിൻ! ഞാൻ ഭവാനെദ്ദിനവുമെൻ
കർമ്മമോരോന്നിനും സാക്ഷിയാക്കി
കാലം നയിക്കട്ടേ; കാലാന്തരത്തിങ്കൽ
കാലൻ കയർപ്പതു കണ്ടിടട്ടെ.
വേദസ്വരൂപ! ഭഗവാനേ! യങ്ങയേ--
മാതൃകയാക്കി നടന്നിടുകിൽ
ഐഹികപാരത്രികഭയബാധയി--
ദ്ദേഹിയെയെങ്ങനെ തീണ്ടിടുന്നു?
ദേവ! മനുഷ്യകൃമിമാത്രമെങ്കിലും
ഭാവനാദത്തപതത്രനാം ഞാൻ
ഒട്ടൊട്ടു മിന്നിത്തെളിഞ്ഞും ത്വല്പ്രാഭവ--
മൊട്ടൊട്ടു മങ്ങിയൊളിഞ്ഞും കാണ്മൂ,
എൻകരൾക്കണ്ണു മുഴുവൻ വിളക്കുവാൻ
നിൻകനിവുണ്ടാകിൽ ഞാൻ ജയിച്ചു!
സച്ചിൽസ്വരൂപനേ! തങ്കമണിത്തേരിൽ
പച്ചക്കുതിരകലേഴും പൂട്ടി
ചമ്മട്ടിയുമോങ്ങി നിൽക്കുന്നു സജ്ജനായ്--
ത്വന്മനസ്സിന്നിണങ്ങുന്ന സൂതൻ.
സാറട്ടെഴുന്നള്ളത്തിന്നു സമയമായ്:
പോരും നിറുത്തിനേൻ പാട്ടിതാ ഞാൻ.
കാരണപൂരുഷ! കല്യാണവിഗ്രഹ!
കാമിതദാനൈകകല്പശാഖിൻ!
ആര്യ! ഭവാന്‍റെ തുണയാലെൻ ഹൃത്തൊരു
സൂര്യകാന്തിപ്പൂവായ് വായ്‌പൂതാക!
ആ മലർപ്പൊന്നരിമ്പാലെൻപരിസര--
സീമ നിതാന്തം ലസിപ്പൂതാക!
ത്വൽകടാക്ഷശ്രീകളിന്ദജാവീചിയി--
ലിക്കുംഭദാസൻ കളിപ്പൂതാക!